പ്രമോദ് മാധവൻ
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഒരു കാർഷിക വിളയുടെ പേരിൽ രൂപീകരിച്ച ഏക സംസ്ഥാനം കേരളം ആയിരുന്നല്ലോ? അന്ന് അത് അന്വർത്ഥവുമായിരുന്നു.
എന്നാൽ ഇന്നോ?
മൊത്തം വിസ്തൃതിയിലും ഉൽപ്പാദനത്തിലും മുന്നിൽ ആണെങ്കിലും ഉൽപ്പാദന ക്ഷമതയിൽ നമ്മൾ പിന്നിലായിപ്പോയി.
ആലിസിന്റെ അദ്‌ഭുത ലോകത്തിലെ പിന്നിലാകാതിരിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന മുയലിനെപ്പോലെ നമ്മളും ഓടുന്നുന്നുണ്ടെങ്കിലും നമ്മളെക്കാൾ വേഗത്തിൽ തമിഴ് നാടും ആന്ധ്രയും ഓടിയതിനാൽ നമ്മൾ പിറകിലായിപ്പോയി.
തെങ്ങൊന്നിന് വർഷത്തിൽ 35 നാളീകേരം
അതിന്റെ ഇരട്ടി വരും തമിഴ് നാട്ടിൽ.
നമ്മുടെ തെങ്ങൊന്നിന് 35 എണ്ണം തന്നെ കരുവന്നൂർ പുഴക്കപ്പുറമുള്ള ജില്ലകളുടെ മിടുക്കിൽ.
പറഞ്ഞിട്ട് എന്ത് കാര്യം? .
ഇന്നിപ്പോൾ കേരളമൊന്നാകെ കുള്ളൻ തെങ്ങുകളുടെ പിന്നാലെ ആണ്. അത് ഒരു തട്ടിപ്പിനും വഴിമരുന്നിടുന്നുണ്ട്.
നല്ല തെങ്ങിന് നാൽപ്പതു മടൽ
എന്ന് വിവരമുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട് . ലക്ഷണമൊത്ത ഒരു തള്ള തെങ്ങ് വർഷത്തിൽ 80-100 തേങ്ങ തരുന്ന 35-40 ഓലകൾ ഉള്ള വളവില്ലാത്ത ഒന്നായിരിക്കണം.
ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ
എന്ന് കവി കുഞ്ചൻ പാടിയപോലെ ഒരു തെങ്ങിൻ തോട്ടത്തിലെ നല്ല തള്ള തെങ്ങിന്റെ അവസ്ഥയും തഥൈവ. അപ്പോൾ പിന്നെ വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടാകുന്നു. മോഹന വാഗ്ദാനങ്ങൾ നൽകി സാക്ഷര വിഡ്ഢി ആയ മലയാളിയെ പലരും ഭേഷായി തേക്കുന്നു. രണ്ടാം കൊല്ലം, രണ്ടര കൊല്ലം കായ്ക്കും, 100-150 തേങ്ങാ മിനിമം എന്നിങ്ങനെ മലയാളിയെ കുപ്പിയിലാക്കി പണമുണ്ടാക്കുന്നു. ഇനി അത് കൊണ്ടരിശം തീർന്നില്ലെങ്കിൽ ഞങ്ങളുടെ ഹോമിയോ മരുന്നും കൂടി ചെയ്തു സായൂജ്യം അടഞ്ഞാട്ടെ എന്നും മറ്റു ചിലർ. ഇതൊക്കെ കണ്ടു കല്ലിനു കാറ്റ് പിടിച്ച പോലെ തുടരുന്നു മറ്റു ചിലർ. ഏതായാലും ആട് -തേക്ക് -മാഞ്ചിയം പോലെ ആകാതിരിക്കട്ടെ.
ആയിരം തെങ്ങുണ്ടെങ്കിലും ഈർക്കിലിനു പഞ്ഞം എന്ന് പറഞ്ഞ പോലെ തെങ്ങിലൊന്നും വേണ്ടത്ര വിളവില്ല. കാരണം അടിക്കു കൊടുത്താൽ മുടിക്ക് പിടിക്കും എന്നറിയാത്തതു കൊണ്ടാണോ? വർഷത്തിൽ ഒരു തടം തുറക്കലും 1കുമ്മായ-1ജൈവ വള-2 NPK വള പ്രയോഗവും വട്ടക്കിളയും പുതയിടലും ഒക്കെ ചെയ്യുന്നവർ തുലോം വിരളം. കാലുകൊണ്ട് വെള്ളം കുടിച്ചു തല കൊണ്ട് മുട്ടയിടുന്ന ഒരു മരത്തിനു വേനലിൽ നനയ്ക്കുന്നവർ അതിലും വിരളം . തെങ്ങിന് നനച്ചാൽ ഇരട്ടി തേങ്ങാ എന്ന് പറഞ്ഞിട്ടെന്തു കാര്യം. ആത്മ ഗതാഗതം നടത്താം. അത്ര തന്നെ.
അപ്പോൾ എന്താ ഈ 4-4-2 അനുപാതം എന്നല്ലേ.
ഒന്നൂല്ല്യ.
ഈ കുള്ളൻ തെങ്ങിന് പിന്നാലെ ഉള്ള പാച്ചിൽ ഒന്നങ്ങട് നിർത്വാ എന്നത്രേ.
ഇനം തെരെയുമ്പോൾ അമളി പറ്റരുത്. കുള്ളൻ തെങ്ങുകൾ നേരത്തെ കായ്ക്കും, പൊക്കം കുറവാണു, വിളവെടുക്കാൻ എളുപ്പമാണ് എന്നതൊഴിച്ചാൽ പിന്നെല്ലാം പോരായ്മകൾ ആണ് .
ആയുസ് കുറവ്
കീട-രോഗങ്ങൾ ജാസ്തി
വരൾച്ച യെ ചെറുക്കൻ മിടുക്കു കമ്മി
ഓലകൾക്കു നീളവും ബലവും കുറവ്
പലപ്പോഴും ഒന്നിരാടം വർഷങ്ങളിൽ വിളവ് കുറവ്
കൊപ്രയ്ക്ക് കനക്കുറവ്
എണ്ണയുടെ അളവ് കുറവ്
എന്നിങ്ങനെ പോകുന്നു കുറവുകൾ.
എന്നാൽ നീളൻ അല്ലെങ്കിൽ കോലൻ തെങ്ങുകൾക്കു ഈ പറഞ്ഞതെല്ലാം നേരെ തിരിച്ചും.
പോരായ്മകൾ
കായ്ച്ചു തുടങ്ങാൻ കുള്ളനെക്കാൾ അല്പം താമസം,
കുറെ പ്രായമാകുമ്പോൾ വിളവെടുക്കാൻ ഉള്ള പ്രയാസം
ഇതൊഴിച്ചാൽ നല്ല മൊഞ്ചൻ.
ഇനി സങ്കരൻ.
അമ്മ കുള്ളത്തി എങ്കിൽ DxT.
അമ്മ കോലത്തി എങ്കിൽ TxD.
എന്തായാലും സ്വഭാവ ഗുണത്തിൽ ബ്രിട്ടാനിയ 50:50.
ആയതിനാൽ പുതിയ ഒരു തെങ്ങിൻ തോട്ടം ഉണ്ടാക്കാൻ നോക്കുമ്പോൾ കോലൻ -സങ്കരൻ -കുള്ളൻ ഇനങ്ങൾ 4-4-2എന്ന അനുപാതത്തിൽ ആയാൽ അവരവർക്കു കൊള്ളാം. 100തെങ്ങ് നടുമ്പോൾ 40-40-20എന്ന ക്രമത്തിൽ.
തേങ്ങാ ഇടുന്ന പാടൊക്കെ മാറുമെന്നേ. ചൊവ്വയിൽ വരെ വണ്ടിയിറക്കാൻ പോകുന്ന നമ്മൾക്ക് തെങ്ങിന്റെ മണ്ട വെറും പപ്പടം. നോക്കിക്കോളൂ
അപ്പോൾ ആരൊക്ക ആണ് നല്ല കോലന്മാർ.
West Coast Tall (WCT)
അതിൽ തന്നെ വർഗ മേന്മയുള്ള കോലൻ (Elite Palms )
കുറ്റ്യാടി (എന്ന് പറഞ്ഞ് പറ്റിക്കപ്പെടാൻ സാധ്യത കൂടുതൽ )
ലക്ഷദീപ് ഓർഡിനറി
കപ്പടം
കോമാടൻ
കുള്ളൻ
ചാവക്കാട് പച്ചക്കള്ളൻ (പതിനെട്ടാം പട്ട )
ചാവക്കാട് ഓറഞ്ച്
കുള്ളൻ (ഗൗളി തെങ്ങ്, ഗൗരി ഗാത്രം )
മലയൻ ഓറഞ്ച്
മലയൻ മഞ്ഞ.
അപ്പോ ഇങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സമ്പത്തു കാലത്തു തെങ്ങ് പത്തു വച്ചു നന്നായി പരിപാലിച്ചാൽ ആപത്തു കാലത്ത് ഡോളർ കുറച്ചു ഉണ്ടാക്കാം.
ഒന്നര കിലോ തേങ്ങക്കു ഇപ്പോൾ തന്നെ ഒരു ഡോളർ ഉണ്ട്.
വാൽ കഷ്ണം:ഓറഞ്ച് നിറത്തിൽ ഉള്ള കുള്ളൻ തെങ്ങിൽ നിന്നും ഉള്ള തേങ്ങാ പാകുമ്പോൾ ലഭിക്കുന്ന പച്ചയോ ചെമ്പു നിറമോ ഉള്ള തെങ്ങുകൾ ആണ് കോമാടൻ എന്ന് വിവക്ഷിക്കുന്നത്. ഇത് ഒരു സ്വാഭാവിക സങ്കരൻ ആണ്. മധ്യ -തെക്കൻ കേരളത്തിലെ ചില തറവാടുകളിലെ തലയിൽ മൂളയുള്ള കാരണവന്മാർ പണ്ട് ഇത്തരം തെങ്ങുകളെ പ്രത്യേകം തെരെഞ്ഞെടുത്തു വളർത്തിയിരുന്നു. ജല സേചന സൗകര്യം ഉള്ള തോട്ടങ്ങളിൽ 150-160തേങ്ങാ വരെ ലഭിക്കാറുണ്ട്.
കൊപ്ര ഉണ്ടാക്കാനും ചകിരിക്കും പാചകാവശ്യത്തിനും കേമൻ. 6000 തേങ്ങാ ഉണ്ടെങ്കിൽ ഒരു ടൺ കൊപ്ര റെഡി. കള്ള് ചെത്തിനും ഉഗ്രൻ. കരിക്കിന്റ ആവശ്യത്തിന് പിന്നെ പറയണോ. തേങ്ങാ ഒന്നിൽ നിന്നും 300ml ഇളനീർ. പക്ഷെ നടീൽ വസ്തുവിന്റെ ലഭ്യത കുറവ് ഉണ്ട്. ഇനി അതിന്റ പിന്നാലെ പായേണ്ട.
എന്നാൽ അങ്ങട്.
പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ