കൂൺ വിത്തുണ്ടാക്കാനായി ധാന്യ മാധ്യമമാണ് ഉപയോഗിക്കുന്നത്. ഇതിനായി നെല്ല്, ഗോതമ്പ്, ചോളം തുടങ്ങിയ ധാന്യങ്ങൾ ഉത്തമമാണ്. കേരളത്തിൽ നെല്ലാണ് കൂടുതലായും കൂൺ വിത്തുണ്ടാക്കാനായി ഉപയോഗിക്കുന്നത്.
നെല്ലുപയോഗിച്ച് വിത്തുണ്ടാക്കാം
ചിപ്പിക്കൂണിന്റെ വിത്തുണ്ടാക്കുവാൻ നന്നായി ഉണങ്ങിയതും കുറച്ച് പഴകിയതുമായ നെല്ലാണ് ഉപയോഗിക്കേണ്ടത്. എന്നാൽ പുതിയ നെല്ലുപയോഗിച്ച് പാൽക്കൂണിന്റെ വിത്തുണ്ടാക്കാം.
നെല്ല് ഒരു രാത്രി (8-12 മണിക്കൂർ) നിക്കെ വെള്ളമൊഴിച്ച് കുതിർത്തു വയ്ക്കണം. പൊങ്ങികിടക്കുന്ന പതിരുകൾ മാറ്റി വൃത്തിയായി കഴുകി നെല്ല് വെള്ളമൊഴിച്ച് വേവിക്കണം. നെല്ലിന്റെ അഗ്രം പൊട്ടുന്നതുവരെ മാത്രം വേവിക്കുക. വേവിന്റെ തോത് വളരെ പ്രധാനമാണ്. വേവ് കൂടിയാൽ വിത്തിന്റെ വളർച്ച പെട്ടെന്ന് നിൽക്കുകയും വേവ് കുറഞ്ഞു പോയാൽ തന്തുക്കളുടെ വളർച്ച മന്ദഗതിയിലാവുകയും ചെയ്യും. വെന്ത നെല്ലു മുറിച്ചു നോക്കിയാൽ ഉൾഭാഗം വെന്തിരിക്കണം.
എന്നാൽ കൂടുതൽ വെന്ത് ചോറാവുകയുമരുത്. ഇതിനായി ഇടയ്ക്കിടയ്ക്ക് അടുപ്പിൽ നിന്ന് നെല്ലെടുത്ത് വേവ് തിട്ടപ്പെടുത്തണം. പാകത്തിന് വേവിച്ചെടുത്ത ധാന്യം വൃത്തിയുള്ള കുട്ടയിലോ സുഷിരമുള്ള പാത്രത്തിലോ വാങ്ങി വയ്ക്കണം. ഏകദേശം വെള്ളം വാർന്നു കഴിയുമ്പോൾ മൈക്ക ഒട്ടിച്ച് വൃത്തിയുള്ള മേശപ്പുറത്തോ ടൈൽസ് ഒട്ടിച്ച സ്ലാബിനു മുകളിലോ നിരത്തുക. ആന്റിസെപ്റ്റിക് ലായിനി ഉപയോഗിച്ച് വേണം മേശ സ്താബ് വൃത്തിയാക്കേണ്ടത്.
അണുവിമുക്തമാക്കുന്നതിനു വേണ്ടി
ധാന്യത്തിന് നേരിയ നനവ് ഉള്ളപ്പോൾ തന്നെ അവ ഒട്ടിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കുവാനായി 50-60 ഗ്രാം കാൽസ്യം കാർബണേറ്റ് കൂടി ചേർത്ത് നന്നായി ഇളക്കി വെയ്ക്കണം. ഓരോ നെന്മണിക്കും പുറത്ത് ഒരു വെള്ള ആവരണം പൂശിയതുപോലെ വരത്തക്കവിധം വേണം കാൽസ്യം കാർബണേറ്റ് ചേർക്കാൻ. ഇപ്രകാരം തയ്യാറാക്കിയ ധാന്യം ഗ്ലാസ്സ് കുപ്പികളിൽ (ഗ്ലൂക്കോസ് കുപ്പി) പോളി പാപ്പലീൻ കവറുകളിൽ 200 ഗ്രാം വീതം നിറച്ച് പഞ്ഞിയും റബ്ബർ ബാൻഡും ഉപയോഗിച്ച് വായ് ഭാഗം അടയ്ക്കണം. പിന്നീട് അണുവിമുക്തമാക്കുന്നതിനു വേണ്ടി പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളമെടുത്ത് ഒരു പാത്രം കമിഴ്ത്തി വെച്ച ശേഷം അതിനു മുകളിൽ ധാന്യമാധ്യമം നിറച്ച കുപ്പികൾ കവറുകൾ വയ്ക്കുക. ആദ്യ വിസിൽ വന്നതിനുശേഷം ഒന്നര മണിക്കൂർ കുറഞ്ഞ തീയിൽ വയ്ക്കുക.
ടെസ്റ്റ്ട്യൂബ് കൾച്ചർ മാതൃവിത്ത് ഉണ്ടാക്കുവാൻ
അണുവിമുക്തമാക്കിയ ധാന്യമാധ്യമം ലാബിലേക്ക് മാറ്റണം. മാധ്യമം പൂർണ്ണമായി തണുത്തശേഷം ബുൺസൺ ബർണർ കത്തിച്ച്, തീ നാളത്തിന്റെ മുകളിലൂടെ ടെസ്റ്റ് ട്യൂബ് സ്ലാന്റിനുള്ളിൽ വളർത്തിയെടുത്ത കൂൺകൾച്ചർ അണുവിമുക്തമാക്കിയ ഇനാക്കുലേഷൻ സൂചി ഉപയോഗിച്ച് ധാന്യമാധ്യമത്തിലേക്ക് ഇളക്കിയിടണം. ഒരു ടെസ്റ്റ് ട്യൂബ് കൾച്ചർ 4-5 മാതൃവിത്ത് ഉണ്ടാക്കുവാൻ ഉപകരിക്കും.
കുപ്പി കവർ ചെറുതായി കുലുക്കി കൾച്ചറും നെല്ലുമായി ചേരുവാൻ അനുവദിക്കണം. അതിനുശേഷം കൂൺ വിത്തിന്റെ പേര്, ഉണ്ടാക്കിയ തീയതി എന്നിവ കുപ്പിയുടെ വശത്ത് രേഖപ്പെടുത്തണം. കൾച്ചർ ചെയ്ത കുപ്പികൾ കവറുകൾ ലാബിൽ തന്നെ സൂക്ഷിക്കുക.
വളർച്ചയെത്തിയ മാതൃവിത്ത്
പൂർണ്ണ വളർച്ചയെത്തുന്നതുവരെ രണ്ട് മൂന്ന് ദിവസത്തിലൊരിക്കൽ വീതം കുപ്പിയിലെ തന്തുക്കളുടെ വളർച്ച ശ്രദ്ധിച്ചുകൊണ്ടിരിക്കണം. മറ്റ് നിറത്തിലുള്ള പൂപ്പലുകൾ വളരുന്ന കുപ്പികൾ കവറുകൾ നീക്കം ചെയ്യുക. അണുബാധയുള്ള കുപ്പികൾ/കവറുകൾ ആവി കയറ്റി അണുവിമുക്തമാക്കി നശിപ്പിക്കുക. പൂർണ്ണ വളർച്ചയെത്തിയ മാതൃവിത്ത് ഒരു മാസം സാധാരണ അന്തരീക്ഷ ഊഷ്മാവിലും (26-32° C) രണ്ട് മാസം വരെ ഫിജറേറ്ററിലും (5-10° C) സൂക്ഷിക്കാം.