ഇരുപത് തെങ്ങിൻ തൈകൾ വേണമെന്നുണ്ടെങ്കിൽ അൻപതു വിത്തുതേങ്ങാ മേടിച്ചു മുളപ്പിക്കുക.
സാധാരണ മൂന്നു മാസം മുതൽ ആറു മാസം വരെയാണ് തേങ്ങാ മുളക്കാൻ എടുക്കുന്ന കാലയളവ്. അതിൽ മൂന്നു മൂന്നര നാല് മാസം കൊണ്ട് മുളക്കുന്നവ മാത്രം യഥാക്രമം പ്രാധാന്യം നൽകി വളർത്തുക. നാലുമാസം കഴിഞ്ഞും മുളക്കാത്തവ പൊളിച്ചെടുത്തു അതിന്റെ പോങ്ങു (coconut apple ) കഴിക്കുക. നല്ല രുചിയാണത്. ഈ പോങ്ങു കഴിക്കാൻ വലിയ താത്പര്യമെങ്കിൽ പത്തെണ്ണം കൂടുതൽ മുളപ്പിക്കാം.
മൂന്നു മാസം കൊണ്ട് മുളക്കുന്നവ വളരെ പെട്ടെന്നുതന്നെ കായ്ക്കുകയും ചെയ്യുമെന്നാണ് ഗവേഷണ പഠനങ്ങളുടെ നിർദ്ദേശം. അതായത് എളുപ്പം മുളപൊട്ടിയവ എളുപ്പം കായ്ക്കുന്ന.
സാധാരണ 9 മാസം പ്രായമാകുന്നതോടെയാണ് പറിച്ചു നടാനുള്ള പ്രായമായെന്നു പറയാറുള്ളത്. കാരണം ആ പ്രായത്തിലെത്തുന്നതോടെ അതിന്റെ ഗുണഗണങ്ങൾ തിരിച്ചറിയാൻ കഴിയുന്നു. ആയതുകൊണ്ട് പൊങ്ങുതിന്നു കഴിഞ്ഞു ബാക്കിയുള്ളവ നിർത്തിയാലും ഒമ്പതുമാസം വരെ നോക്കിവളർത്തി അതിൽനിന്നും ഏറ്റവും നല്ലതെന്ന തിരഞ്ഞെടുപ്പ് വേണമെങ്കിൽ നടത്താം. സാധാരണ 30-40% തൈകൾ ഗുണദോഷങ്ങൾ കൊണ്ട് വെളിവുള്ളവർ തിരസ്കരിക്കാറുണ്ട് എന്ന കാര്യം മനസ്സിലാക്കി സമാധാനിക്കുക.
പക്ഷെ മൂന്നു മാസംകൊണ്ട് മുളച്ച വിത്തുതേങ്ങകൾ നിങ്ങളുടെ പ്രതീക്ഷ തെറ്റിക്കാൻ ഇടയില്ല. കൂടാതെ നിങ്ങളുടെ 9-12 മാസത്തെ പരിചരണം കൊണ്ടുതന്നെ അതിമനോഹരമായ പച്ചപ്പോടെയുള്ള കിളിവാലൻ തൂവൽ പോലുള്ള ഇലകളും മുഴുപ്പുള്ള തണ്ടും ആ തൈകൾക്ക് 10-12cm തടി/കടവണ്ണവും രൂപപ്പെടുത്തിയിട്ടുണ്ടാകും. നിങ്ങൾ അപ്പോൾ 'ഭാഗ്യവാനായി' മാറി.
വീണ്ടും കട്ടിയുള്ള അതേ പോളിബാഗിൽ തന്നെ നിർത്തി പരിചരണം തുടരുക. നിങ്ങളുടെ പരിചരണത്തിന്റെ ഗുണമേന്മ അനുസരിച്ചു ചെറുപ്രായത്തിലെ കിളിവാലൻ ഇലകൾ പതുക്കെ പതുക്കെ ഒട്ടിപ്പിടിച്ച പോലുള്ള ഇല രൂപത്തിൽ നിന്നും തെങ്ങോലക്കു സമാനമായ രീതിയിൽ ഉള്ള ഇലകളായി (ഓലകളായി) വിടരാൻ തുടങ്ങും.
ഈ തൈകൾ വേണമെങ്കിൽ രണ്ടു വര്ഷം വരെ പോളിബാഗിൽ ശ്രദ്ധയോടെ പരിചരിച്ച് അടുത്ത വർഷം നട്ടാലും മതി. അപ്പോഴേക്കും ഈ കുട്ടികൾ ഒന്നൂടെ മിടുക്കന്മാരായി മാറും..
പരിസ്ഥിതി സംരക്ഷണ വേദി കോഴിക്കോട് ജില്ല കമ്മിറ്റി