തേനിന് പകരമായുള്ള കൃത്രിമ ആഹാരമാണ് പഞ്ചസാര ലായനി. തേനീച്ചകൾക്കാവശ്യമായ ഭക്ഷണം കിട്ടാതെ വരുമ്പോൾ പഞ്ചസാര ലായനി ഭക്ഷണമായി കൊടുക്കണം, ക്ഷാമകാലത്ത് ഉപയോഗിക്കുന്നതിന് വേണ്ടി തേനീച്ചകൾ സീൽ ചെയ്ത് കരുതി വെച്ച തേൻ നമ്മൾ എടുത്തുപയോഗിച്ചതിന് പകരം ഭക്ഷണമായിക്കൊടുക്കുന്നത് പഞ്ചസാര ലായനിയാണ്. തേനിച്ചകൾക്ക് ആവശ്യത്തിന് പുമ്പൊടി കിട്ടാതെ വളർച്ച മുരടിച്ച സാഹചര്യത്തിൽ പൊട്ടുകടല (പരിപ്പുകടല പൊടിയും പാൽപൊടിയും) തുല്യ അളവിലെടുത്ത് തേൻ ചേർത്ത് ചിലർ തീറ്റയായി കൊടുക്കാറുണ്ട്.
100 ഗ്രാം പഞ്ചസാര 100 ml വെള്ളവും ഒരു നുള്ള് നല്ല മഞ്ഞൾപൊടിയും ചേർത്ത് തിളപ്പിച്ചാൽ കിട്ടുന്ന പഞ്ചസാര ലായനി തണുത്തതിന് ശേഷം ചിരട്ടയിലോ മറ്റ് പാത്രത്തിലോ ഒഴിച്ച് കൊടുക്കാം. തേനീച്ചകൾക്ക് പ്രതിരോധശക്തി കൂടുന്നതിനായാണ് മഞ്ഞൾ പൊടി പഞ്ചസാര ലായനിയിൽ ചേർക്കുന്നത്. ശുദ്ധമായ വെള്ളമാണെങ്കിൽ തിളപ്പിക്കാതെ ആവശ്യമുള്ള പഞ്ചസാരയിട്ട് കലക്കി കൊടുത്താലും മതിയാവും.
പഞ്ചസാര ലായനി കൊടുക്കുന്ന പാത്രത്തിൽ മൂന്നോ നാലോ കമ്പുകളോ ഉണങ്ങിയ ഇലയോ ഇട്ട് കൊടുക്കുന്നത് തേനീച്ചകൾ പാത്രത്തിൽ വീണ് ജീവൻ പോവാതിരിക്കാൻ സഹായകമാവും, കോളനിയിൽ പഞ്ചസാര ലായനി കൊടുക്കുമ്പോൾ പാത്രം മറിഞ്ഞ് ലായനി പുറത്ത് പോവാത്ത വിധത്തിൽ ഉറപ്പിച്ച് വെക്കാൻ
ശ്രദ്ധിക്കണം. ആവശ്യമുള്ള ലായനി കൊള്ളുന്ന മൂടിയുള്ള ഡപ്പയിൽ അഞ്ചോ പത്തോ ചെറിയ സുഷിരങ്ങളുണ്ടാക്കി അതിലും പഞ്ചസാര ലായനി കൊടുക്കാം. ഡപ്പയിൽ മുകൾഭാഗത്ത് സുഷിരങ്ങളിട്ട് പഞ്ചസാര ലായനി നിറച്ച് അടപ്പ് നന്നായിയടച്ച് തല കീഴായി ബ്രൂഡ് ചേംബറിൽ വെച്ചാൽ സുഷിരങ്ങളിലൂടെ തേനീച്ചകൾ ലായനി കുടിച്ചുകൊള്ളും. ആഴ്ചയിലൊരിക്കലാണിങ്ങനെ ലായനി കൊടുക്കേണ്ടത്. ആറടകളിലും നിറയെ ഈച്ചകളുണ്ടെങ്കിൽ ഒരു കോളനിക്ക് 300 ml എന്ന അളവിൽ ലായനി കൊടുക്കാം.
ഒന്നിലധികം കോളനികൾ ഉണ്ടെങ്കിൽ എല്ലാ കോളനിയിലും ഒരേ സമയം ലായനി കൊടുക്കാൻ ശ്രദ്ധിക്കണം. തേനീച്ചകൾക്ക് ആഴ്ചയിലൊരിക്കൽ പഞ്ചസാരലായനി കൊടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെങ്കിൽ രണ്ടോ മൂന്നോ ആഴ്ചയിലേക്കാവശ്യ മായ പഞ്ചസാര മിക്സിയിൽ പൊടിച്ച് പാത്രത്തിലിട്ട് കൊടുത്താലും മതിയാവും. ആഹാരമായി പഞ്ചസാരപ്പൊടി കൊടുക്കുമ്പോൾ കൂട്ടിൽ ഉറുമ്പ് കയറാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം.