മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ്. തെങ്ങിൻ തൈ നടുന്ന സമയം മുതൽ കറിയുപ്പ് ചേർത്തു കൊടുക്കാം. അധികമായാൽ അമൃതും വിഷം എന്നു പറയുന്നതു പോലെ തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ്.
വില കുറഞ്ഞ വളമെന്നു കരുതി മനോധർമ്മം പോലെ കൂടുതൽ ചേർത്തുകൊടുത്താൽ ഗുണത്തേക്കാൾ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത്. തെങ്ങ് ഒന്നിന് കായ്ക്കുന്ന തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ്. മഴക്കാലത്താണ് നൽകേണ്ടത്. തെങ്ങിനു ചുറ്റും തടം തുറന്ന് അതിൽ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേർക്കുന്നതിന് രണ്ടാഴ്ച മുമ്പ് കറിയുപ്പും ചേർത്തു കൊടുക്കാം. എന്നാൽ പുളിരസം കൂടിയ നമ്മുടെ നാട്ടിലേ ആ മണ്ണിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് അമ്ലത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നൽകാൻ. ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോളോ മൈറ്റോ ചേർത്തു കൊടുക്കേണ്ടതാണ്.
മണ്ണിൽ നല്ല ഈർപ്പം ഇപ്പോൾ മാത്രമേ കറിയുപ്പു ചേർക്കാൻ പാടുള്ളൂ. ഈർപ്പമില്ലാത്ത മണ്ണിൽ കറിയുപ്പു ചേർത്താൽ അത് ദോഷകരമായി ഭവിക്കും. വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണിൽ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും.
തെങ്ങിൻ തടത്തിൽ പുറം പകുതിയിലായി വേണം കുറിയുപ്പു വിതണ്ടത്. അതായത് ചുവട്ടിൽ നിന്ന് 30 സെന്റി മീറ്റർ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികിൽ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം. തെങ്ങിൻ തോട്ടത്തിന്റെ സുസ്ഥിര അഭിവൃദ്ധിക്കും കൂടുതൽ നാളികേരം ലഭിക്കുന്നതിനും തെങ്ങിനു നൽകാവുന്ന പ്രകൃതസൗഹൃദ വളമാണ് കറിയുപ്പ്. പണ്ടു കാലം മുതൽ തെങ്ങിന് ഉപ്പും ചാരവും നൽകുക എന്നത് ഉൾപ്പെടെയുള്ള പരിചരണങ്ങൾ നമ്മുടെ പൂർവ്വികർ സ്വമേധയാ അനുവർത്തിച്ചു പോന്നിരുന്നു.
കേരള കാർഷിക സർവ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ കറിയുപ്പ് തെങ്ങിന് നൽകാൻ ശുപാർശ ചെയ്തിട്ടുണ്ട്. ചെങ്കൽ പ്രദേശങ്ങളിൽ തെങ്ങു ഒന്നിന് വർഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നൽകുന്നതു വഴി തോട്ടങ്ങളിൽ പൊട്ടാഷ് അടങ്ങിയ വള്ളത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാമെന്നും കാർഷിക സർവകലാശാലയുടെ പഠനങ്ങൾ ശുപാർശ ചെയ്യുന്നു.