തേൻ സീസണിൽ കൂട്ടിൽ തിങ്ങിനിറഞ്ഞ് ധാരാളം ഈച്ചകൾ ഉണ്ടാകും. ഇക്കാരണത്താൽ ഒരു കോളനിയിൽ കൂട് പിരിയുന്നതിന് വേണ്ടി പെണ്ണീച്ചകൾ റാണി സെല്ലുകളുണ്ടാക്കിയാൽ എല്ലാ റാണി സെല്ലുകളും കൂട്ടിൽ റാണിയുണ്ടെന്ന് കരുതി കർഷകർ നശിപ്പിച്ച് കളയുകയും ചെയ്യും. എന്നാൽ ചില കൂടുകളിൽ റാണി നഷ്ടപ്പെട്ടതിന് ശേഷമാണ് റാണിസെല്ലുണ്ടാക്കിയിരിക്കുന്നത് എന്നറിയാതെയായിരിക്കും കർഷകർ റാണിസെല്ലുകൾ മുഴുവൻ നശിപ്പിച്ചിട്ടുണ്ടാകുക.
ഇങ്ങനെ വന്നാൽ പുതിയ റാണില്ലുണ്ടാക്കാനാവശ്യമായ പുഴുവും മുട്ടയും കൂട്ടിലുണ്ടായിരിക്കില്ല. റാണി നഷ്ടപ്പെട്ട കൂട്ടിൽ പുതിയ റാണി ഇല്ലാതായാൽ 15-20 ദിവസ ത്തിനുള്ളിൽ തന്നെ ഈച്ചകളുടെ എണ്ണം കുറഞ്ഞ് വരുകയും കൂട്ടിലുള്ള ഈച്ചകൾ ഒരു ക്രമവുമില്ലാതെ ചിതറി നടക്കുകയും അലസരാവുകയും ചെയ്യും. റാണി നഷ്ടപ്പെട്ട കുട്ടിലെ പെണ്ണീച്ചകൾക്ക് റാണിയുടെ അസാന്നിധ്യം മുട്ടയിടാനുള്ള കഴിവ് ലഭിക്കുന്നതിന് സഹായകമാവും.
മുട്ടയിടാനുള്ള കഴിവ് ലഭിച്ചാൽ അവർ ഒരേ പുഴുവറയിൽ തന്നെ മൂന്നും നാലും മുട്ടകളിടാൻ തുടങ്ങും. പെണ്ണീച്ചകൾ ഇടുന്ന മുട്ടകൾ ബീജസങ്കലനം നടക്കാത്തതായത് കൊണ്ട് അവ വിരിഞ്ഞ് ആരോഗ്യമില്ലാത്ത ഈച്ചകളായിരിക്കും ഉണ്ടാവുക. ഇവയെ കാണുമ്പോൾ ആണീച്ചകളെ പോലെയായിരിക്കും.
ഇങ്ങനെ ഒരു കോളനി കണ്ടാൽ അതിലെ പഴയ അടകളെല്ലാം മാറ്റി വേറെ കൂട്ടിൽ നിന്നും ഈച്ചയടക്കം പുതിയ അടകളിട്ട് പൗഡറിട്ട് യോജിപ്പിച്ച് പുതിയ റാണിയേയോ റാണിസെല്ലോ കൊടുക്കേണ്ടി വരും.
റാണിയില്ലാതെ തേനീച്ചകൾ കൂടുതൽ ദിവസങ്ങൾ കൂട്ടിലിരുന്നാൽ തേനീച്ചകളുടെ സ്വാഭാവികമായ പല കഴിവുകളും നഷ്ടപ്പെടാൻ സാധ്യതയുള്ളതു കൊണ്ടാണ് വേറെ കൂട്ടിൽ നിന്നും എടുത്ത ഈച്ചകളെ റാണിയില്ലാതെ പെണ്ണീച്ചകൾ മുട്ടകളിട്ട കൂട്ടിലിട്ട് കൊടുക്കണമെന്ന് പറയുന്നത്.