അന്താരാഷ്ട്ര വിപണിയിൽ 15000-20000 ടൺ വെള്ളക്കുരുമുളക് ആവശ്യമുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പാശ്ചാത്യരാജ്യങ്ങളിൽ വളരെ പ്രിയമുള്ളതാണ് വെള്ളക്കുരുമുളക്.
നല്ല വണ്ണം പഴുത്ത മണികൾ ഉതിർത്തെടുത്ത് ചാക്കിൽ കെട്ടി ഒഴുക്കുള്ള വെള്ളത്തിൽ താഴ്ത്തിയിടണം. 5-8 ദിവസം മുക്കിയിട്ടാൽ പുറന്തൊലി അഴുകി കിട്ടും. ഇത് ഉരച്ചു വൃത്തിയാക്കി കഴുകി പുറന്തൊലി മുഴുവൻ നീക്കം ചെയ്യണം. കഴുകി വൃത്തിയാക്കിയ മുളക് വെയിലത്ത് നന്നായി ഉണക്കിയെടുത്താൽ വെള്ളക്കുരുമുളകായി.
പച്ചമുളകിൽ നിന്നു മൂന്നിൽ ഒന്ന് കറുത്ത കുരുമുളക് കിട്ടുമ്പോൾ വെള്ള കുരുമുളക് നാലിൽ ഒന്നേ കിട്ടൂ. നിരക്കിൽ അത്ര വ്യത്യാസമുണ്ടെങ്കിലേ വെള്ള കുരുമുളക് ഉല്‌പാദനം കർഷകന് ലാഭകരമാകൂ.
വെള്ള കുരുമുളകുണ്ടാക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഉണങ്ങിയ കറുത്ത മുളക് മില്ലുകളിൽ തൊലികളഞ്ഞെടുക്കലാണ്. കറുത്ത തൊലി നീങ്ങിയാൽ നല്ല വെളുത്ത മുളക് കിട്ടും. എന്നാൽ വളരെ വില കൂടിയ യന്ത്രങ്ങൾ ഇതിനാവശ്യമാണ്.
മൈസൂരിലെ സി.എഫ്.ടി.ആർ.ഐയിൽ ഉരുത്തിരിച്ചെടുത്ത വേറൊരു രീതിയുണ്ട്. നന്നായി മൂത്ത, എന്നാൽ പഴുക്കാത്ത കുരുമുളക് 10-15 മിനിട്ട് തിളച്ച വെള്ളത്തിൽ ഇടുക. ഇങ്ങനെ ചെയ്യുമ്പോൾ തൊലിക്ക് അയവു വരുന്നു. പൾപ്പിംഗ് മെഷീനിൽ കൂടി കടത്തി വിടുമ്പോൾ ഈ തൊലി പോയിക്കിട്ടുന്നു.