മെഴുക്കുവരട്ടിയായും തോരനായും കൂടാതെ, സാമ്പാറിലും അവിയലിലുമെല്ലാം നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറിയാണ് ബീൻസ്. പല ചേരുവകൾ ചേർത്ത് ഉണ്ടാക്കി രുചിയോടെയും വെറുതെ എണ്ണയിൽ വറുത്ത് കറിയാക്കിയുമെല്ലാം ബീൻസ് കഴിയ്ക്കാറുണ്ട്. പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഹൃദയത്തെ സംരക്ഷിക്കുന്നതിനും ബീൻസ് ഉത്തമമാണ്. ദഹനത്തെ സുഗമമാക്കാനും പയറുവർഗത്തിൽ പെട്ട ഈ പച്ചക്കറിയ്ക്ക് സാധിക്കും. കാരണം, ഇവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, , സിങ്ക്, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ബീന്‍സ്.
മറ്റ് പയർ വർഗങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ബീൻസ് താരതമ്യേന കുറവായാണ് കൃഷി ചെയ്യുന്നത്. എന്നാൽ, നമ്മുടെ അടുക്കള തോട്ടത്തിലായാലും ടെറസ്സിലായാലും കൃഷി ചെയ്ത് നല്ല വിളവെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണിത്. തണുപ്പ് കാലത്താണ് ഇവ കൂടുതലായും കൃഷി ചെയ്യുന്നത്. ശൈത്യകാല വിളയാണെങ്കിലും തണുപ്പ് അധികം ബീൻസിന് ആവശ്യമില്ല.
അതിനാൽ കേരളത്തിലും ഇപ്പോൾ ബീൻസിന് ഇണങ്ങിയ സമയമാണ്. വളരെ കുറഞ്ഞ ചെലവിൽ ജൈവകൃഷി ചെയ്ത് തന്നെ ബീൻസ് ഉൽപാദിപ്പിക്കാം. പരിചരണം കൂടുതൽ ആവശ്യമില്ലെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ബീൻസിന്റെ ഉൽപ്പാദനരീതിയും വളപ്രയോഗവുമാണ് ചുവടെ വിവരിക്കുന്നത്.
ഗ്രോബാഗിലും ചെടിച്ചട്ടിയിലും ബീൻസ് വളർത്താം… (Beans can be Grown in Growbags and Flower Pots)
വിത്ത് പാകിയാണ് ബീൻസിന്റെ തൈകൾ മുളപ്പിക്കുന്നത്. ഈ തൈകൾ ഗ്രോബാഗിലും ചെടിച്ചട്ടിയിലും കൃഷി ചെയ്യാവുന്നതാണ്. പറമ്പുള്ളവർക്ക് വിപുലമാക്കിയും വളർത്താം. അത്യാവശ്യം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബീൻസിൽ നിന്ന് കാര്യമായ വിളവ് ലഭിക്കുന്നതാണ്.
കൃഷിയ്ക്ക് മുൻപ് ഇവയുടെ ഇനങ്ങളെ കുറിച്ചും അറിയണം. രണ്ടു തരത്തിലുള്ള ബീൻസുകളുണ്ട്. കുറ്റിയായി വളരുന്ന ഇനങ്ങളിൽ മികച്ച വിളവ് തരുന്നവയാണ് അർക്കൻ, അർക്കകോമൾ എന്നിവ. ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ കൃഷി ചെയ്തു വരുന്ന ഇനമാണ്, കുറ്റിയായി വളരുന്ന സെറെൻഗെറ്റി. രോഗപ്രതിരോധശേഷി കൂടിയ ഈ ബീൻസിന്റെ ഇരുവശത്തും നാരുകൾ ഇല്ലെന്നത് കഴിയ്ക്കുമ്പോൾ കൂടുതൽ സൗകര്യമാണ്.
ഏത് മണ്ണും ബീൻസിന് യോജിച്ചതാണ്. ബീൻസിന്റെ തൈകൾ ഉൽപാദിപ്പിക്കുന്നതിനായി നടുന്ന വിത്തുകൾ ഹൈബ്രിഡ് ഇനമാണെങ്കിൽ, വെള്ളത്തിൽ ഇട്ട് കുതിർക്കേണ്ട ആവശ്യമില്ല. എന്നാൽ, നാടൻ ഇനങ്ങൾക്ക് കുതിർത്തതിന് ശേഷം നടുക.
ഹൈബ്രിഡ് ഇനങ്ങൾ കുതിർത്താണ് ഉപയോഗിക്കുന്നതെങ്കിൽ ഒരുപാട് നേരം വെള്ളത്തിൽ സൂക്ഷിക്കരുത്. കാരണം ഇവ ചീഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്. വിത്ത് പാകി തൈയ്ക്ക് നാല് ഇല വരുന്ന പരുവത്തിലാണ് മാറ്റി നടേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ: വീട്ടിൽ നിർബന്ധമായും നട്ടുപിടിപ്പിക്കാം ഈ അഞ്ച് ഔഷധ സസ്യങ്ങൾ
പറിച്ചു നടുന്ന മണ്ണിൽ പതിനഞ്ച് ദിവസത്തോളം കുമ്മായം ചേർത്ത് സജ്ജമാക്കിയിരിക്കണം. കൂടാതെ, ചാണകമോ ചകിരിച്ചോറോ ആട്ടിൻകാഷ്ഠമോ മറ്റ് ജൈവവളമോ അടിവളമായി ചേർക്കാവുന്നതാണ്. മാറ്റി നട്ട് ഒരാഴ്ച കഴിഞ്ഞ് മാത്രം വളപ്രയോഗം നടത്തുക. ബീൻസ് പടരുന്നതിനായി പന്തലിടണം. കുറ്റി ബീൻസുകൾക്ക് കമ്പോ മറ്റോ കൊണ്ട് താങ്ങ് കൊടുക്കുന്നതിനും ശ്രദ്ധിക്കുക. നട്ട് 45 ദിവസം ഇല്ലെങ്കിൽ ഒന്നര മാസം കൊണ്ട് വിളവെടുക്കാം. പയർ കൃഷി ചെയ്യുന്ന രീതിയാണ് ബീൻസിനെന്നതും ശ്രദ്ധിക്കുക.