ആധുനികതയുടെ കൃഷിരീതികൾ പൂക്കൾ വിരിയിച്ച തോട്ടത്തിലേക്ക് ഒരു ലക്ഷം രൂപയുടെ സംസ്ഥാന പുരസ്കാരം. പോങ്ങുംമൂട് ബാപ്പുജിനഗർ സ്വദേശിയും പോത്തൻകോട് ഓർക്കിറോയിഡ് ഫാമിന്റെ ഉടമയുമായ 26-കാരി ശ്രദ്ധ ശരത് പാട്ടീലിനെ തേടിയെത്തിയത് ഹൈടെക് കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരമാണ്. അലങ്കാരച്ചെടികളുടെ ഈ നഴ്‌സറിയുടെ പരിപാലനത്തിലെ ‘ശ്രദ്ധ’യും ആധുനിക സജ്ജീകരണങ്ങളുമാണ് നേട്ടത്തിനു പിന്നിൽ.
ഓർക്കിഡ് ഉൾപ്പെടെയുള്ള ഇലച്ചെടികളുടെ നഴ്‌സറിയാണിത്. പോളിഹൗസ്, ഫോഗ് സംവിധാനം, കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയോടെയാണ് ഇവിടെ ചെടികൾ വളരുന്നത്. ഹോർട്ടിക്കൾച്ചറിൽ ബിരുദത്തിനുശേഷം നെതർലൻഡ്‌സിൽനിന്ന് പ്ലാന്റ് സയൻസിൽ പി.ജി.യെടുത്ത ശ്രദ്ധ രണ്ടുവർഷം മുൻപാണ് പോത്തൻകോട് നഴ്‌സറി തുടങ്ങിയത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഇനങ്ങൾമുതൽ ടിഷ്യുക്കൾച്ചർ ചെയ്തവവരെ ഇവിടെ വളരുന്നുണ്ട്.
മഹാരാഷ്ട്ര സ്വദേശിയായ അച്ഛൻ ശരത് പാട്ടീലിന്റെയും അമ്മ പ്രീതി പാട്ടീലിന്റെയും കൃഷിഭ്രമം പിൻപറ്റിയാണ് മകൾ ശ്രദ്ധയും ഈ മേഖലയിലെത്തിയത്. കെനിയയിൽ കാർഷികമേഖലയിലായിരുന്നു ശരത് പാട്ടീലിനു ജോലി. ഇവരുടെ ഇളയ മകൻ ഇപ്പോൾ നെതർലൻഡ്‌സിൽ കാർഷിക കോഴ്‌സ് പഠനത്തിലാണ്. ഈ മേഖലയിൽ വളരാനും പടരാനുമുള്ള ഊർജ്ജമാവുകയാണ് ശ്രദ്ധക്ക് ഈ പുരസ്കാരം.