Updated on: 21 October, 2023 8:59 AM IST
കൊളോക്കേഷ്യ

കൊളോക്കേഷ്യ, അലോക്കേഷ്യ, കലാഡിയം, വർഗത്തിൽ പെടുന്ന ഇവയുടെയെല്ലാം അലങ്കാരയിനങ്ങൾ നമ്മുടെ നാട്ടിലെ പൂന്തോട്ടത്തിൽ ഇലച്ചെടികളായി നട്ടു പരിപാലിച്ചുവരുന്നു. അലങ്കാരച്ചേമ്പുകളിൽ കൊളോക്കേഷ്യയുടെ നൂതനയിനങ്ങൾ ഇന്നു മിന്നും താരങ്ങൾ. അടുക്കളത്തോട്ടത്തിലെ കറിച്ചേമ്പിന്റെ അലങ്കാര വകഭേദങ്ങൾ നൂറിനുമേൽ പുത്തൻ ഇനങ്ങളുമായി നഴ്സറികളിൽ ലഭ്യമാണ്. കൃത്രിമ സങ്കരണം വഴി കൊളോക്കേഷ്യയുടെ പുതിയ തരം ചെടികൾ തയാറാക്കി വിപണിയിൽ എത്തിക്കുന്നവരും കേരളത്തിൽ സജീവം.

പൂവിൽ കൃത്രിമ പരാഗണം നടത്തി അതിൽ നിന്നു വിത്തുകൾ പാകപ്പെടുത്തി മുളപ്പിച്ചെടുത്താണ് പുതിയ തരം ചെടികൾ ഉൽപാദിപ്പിക്കുന്നത്. തായ്ലൻഡ്, ഹാവായ് രാജ്യങ്ങളിലെ കർഷകരാണ് ഇതിൽ മുൻപന്തിയിൽ. അവിടെ നിന്നു പുതിയ ഇനങ്ങൾ ഇവിടെ വരുത്തി, വളർത്തി എണ്ണം വർധിപ്പിച്ച് വിപണിയിലെത്തിച്ചു നേട്ടം കൊയ്യുന്നവരും ഏറെയുണ്ട്. എന്നും പുതുമ ഇഷ്ടപ്പെടുന്ന മലയാളി പൂന്തോട്ട പ്രേമികൾ മുന്തിയ വില നൽകി ഇവ വാങ്ങാനും തയാർ. അലങ്കാരയിനങ്ങളിൽ റിഡംപ്ഷൻ, യെല്ലോ ലാവ എന്നിവയെല്ലാം നമ്മുടെ വിപണിയിൽ എത്തിയ കാലത്ത് 10,000 രൂപയ്ക്കുമേൽ വിലയുണ്ടായിരുന്നു. എന്നാൽ, സുലഭമായതോടെ വില വളരെ കുറഞ്ഞു.

ആകർഷകമായ ഇലകളുള്ള കാഴ്ചച്ചേമ്പ് അഥവാ കാലാഡിയത്തെപ്പോലെ പ്രതികൂല സാഹചര്യത്തിൽ ഇലകൾ മുഴുവൻ പൊഴിക്കുന്ന സ്വഭാവം കൊളോക്കേഷ്യയ്ക്കില്ല. പലതും 4 അടിക്കു മേൽ വലുപ്പം വയ്ക്കുന്നവയാണ്. റിഡംപ്ഷൻ, റൊമാന്റിക് ലൈറ്റ്, ബ്ലാക്ക് ഒലിവ്, യെല്ലോ ബണ്ണി, യെല്ലോ സ്ലാഷ്, ടീ പാർട്ടി, വൈറ്റ് ലാവ മിൽക്കി വേ, ബ്ലാക്ക് മാജിക് എന്നിവ നമ്മുടെ വിപണിയിൽ ലഭ്യമായ പുതിയ ഇനങ്ങളിൽ ചിലതു മാത്രം. പച്ചയിൽ മഞ്ഞയോ വെള്ളയോ വരയും പുള്ളികളുമുള്ളത്, കടും തവിട്ട്, ഇരുണ്ട പർപ്പിൾ, ഇരുണ്ട മെറൂൺ നിറങ്ങളുള്ളത് എന്നിങ്ങനെ സങ്കരയിനങ്ങളിലെ ഇലകളുടെ നിറത്തിലുള്ള വൈവിധ്യം ആരെയും ആകർഷിക്കും.

നല്ല ബലമുള്ള തണ്ടുകളിൽ ആനച്ചെവി പോലുള്ള വലിയ വർണ ഇലകൾ മണ്ണിനു തൊട്ടു താഴെയുള്ള, വലുപ്പമില്ലാത്ത കിഴങ്ങിൽ നിന്നുമാണ് ഉണ്ടായി വരിക. ഒരേ സമയം 8-10 ഇലകൾ ഉണ്ടാകും. ഇലയുടെ വശങ്ങൾ താഴേക്കു ചെറുതായി വളഞ്ഞ രീതിയിലാണു കാണുക. വേരുകൾ 2-3 ഇഞ്ച് ആഴത്തിലേ വളരൂ. നല്ല വളർച്ചയെത്തിയ ചെടി ചുവട്ടിൽ തൈകൾ ഉൽപാദിപ്പിക്കും, അല്ലെങ്കിൽ വള്ളി പോലെ ഒരു ഭാഗം ക്രമേണ രൂപപ്പെടും. ഈ വള്ളിയുടെ അഗ്രം മണ്ണിൽ മുട്ടുന്നിടത്തും തൈകൾ ഉണ്ടാകാറുണ്ട്. തൈകൾക്ക് 3-4 ഇലകളും വേരുകളുമായാൽ അടർത്തിയെടുത്ത് നട്ടു വളർത്താൻ ഉപയോഗിക്കാം.

ചതുപ്പുപോലുള്ള മണ്ണ് അല്ലെങ്കിൽ 1-2 ഇഞ്ച് കനത്തിൽ വെള്ളം കെട്ടി നിൽക്കുന്നയിടത്താണ് ഈ ഇലച്ചെടി നന്നായി വളരുകയും ചുവട്ടിൽ വള്ളിയും തൈകളും ഉൽപാദിപ്പിക്കുകയും ചെയ്യുക. ഉച്ചയ്ക്കു ശേഷമുള്ള വെയിൽ തട്ടിയാൽ ഇലകൾ ഉണങ്ങും. തണൽ അധികമായാലാവട്ടെ, ഇലയുടെ ഭംഗി മങ്ങി പച്ചനിറം കയറിവരും. കരയും വെള്ളവും ഉൾപ്പെടുന്ന അക്വേറിയം രീതിയായ പാലുഡേറിയം തയാറാക്കുമ്പോൾ കരയുള്ള ഭാഗത്തു വളർത്താൻ പറ്റിയതാണ് ഈ ചെടി. അലങ്കാരപ്പൊയ്കയുടെ അരികിൽ നടാൻ ഏറെ യോജിച്ച ഈ ചെടി ചട്ടിയിലെ ജലാർദ്രമായ മണ്ണിൽ വളർത്താൻ ശ്രദ്ധിക്കണം.

ഓൺലൈൻ ആയും വിപണിയിൽ തൈകൾ ലഭ്യമാണ്. ഇലകൾ മുറിച്ചു നീക്കി തണ്ടും ചുവടും മാത്രമായാണ് ചെടികൾ ലഭിക്കുക. ഇവ നട്ടാൽ ചെടി പുതിയ ഇലകൾ ഉൽപാദിപ്പിച്ച് വളരാൻ തുടങ്ങും.

English Summary: Wonderfull leafy decorative plants caring method
Published on: 20 October 2023, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now