നമുക്ക് ചിരപരിചിതമായ ഒരു ചൊല്ലാണിത്. ചേന ശരിയായി വിളഞ്ഞ് പാകമെത്തി കിളച്ചെടുക്കണമെങ്കിൽ ഏകദേശം പത്തു മാസക്കാലം വേണ്ടിവരും. ശരിയായ വളർച്ചയെത്തിയാൽ മാത്രമേ മൂപ്പെത്തിയ നല്ല വലിപ്പമുള്ള ചേന വിളവെടുക്കാൻ കഴിയൂ. ഇതു സാധ്യമാകണമെങ്കിൽ കുംഭമാസത്തിൽ തന്നെ ചേന നടുകയും വൃശ്ചികമാസമാകുമ്പോൾ കിളച്ചെടുക്കുകയും വേണം.
കുംഭമാസമെന്നു പറയുന്നത് ഫെബ്രുവരി-മാർച്ച് മാസങ്ങളാണ്. വേനലിന്റെ കാഠിന്യം ഉച്ചസ്ഥായിയിലെത്തുന്ന സമയം. സാധാരണയായി നാം ഇടവിളക്കൃഷി ആരംഭിക്കുന്നത് ഒന്നുരണ്ടു ഇടമഴ കിട്ടിക്കഴിഞ്ഞ് മേടമാസം ആദ്യമാണ്. എന്നാൽ ചേന നടുന്നതിനു മേടമാസംവരെ കാത്തിരുന്നാൽ വേണ്ടത്ര വലിപ്പമില്ലാത്ത ചേനയാകും കിളച്ചെടുക്കേ ണ്ടിവരിക. അതിനാൽ കുംഭമാസത്തിൽ തന്നെ തടമറഞ്ഞ് വേണ്ടത ആഴത്തിലും വിസ്തൃതിയിലും കുഴിയെടുത്ത് ചേന നടണം.
വേനൽ ചൂടിന്റെ കാഠിന്യമേൽക്കാതിരിക്കാൻ തടം നിറയെ ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടിയിട്ട് അതിനുമേൽ കരിയിലയും പച്ചിലകളും (ചവർ)മിട്ട് മണ്ണിട്ടു മൂടണം. ഇതായിരുന്നു ചേന നടുന്ന സമ്പ്രദായം. നടുന്നതിനായി ചേന പൂളു വെട്ടുമ്പോൾ സാമാന്യം നല്ല വലിപ്പത്തിൽത്തന്നെ വിത്തു കഷണങ്ങൾ മുറിക്കണം. മുറിച്ചശേഷം ചാണകം വെള്ളമൊഴിച്ച് കലക്കി കുഴമ്പുപരുവത്തിലാക്കി അതിൽ നടുന്നതിനുള്ള ചേനപ്പൂളുകൾ മുക്കി വെയിലിൽ വച്ച് മൂന്നുനാലു ദിവസം ഉണക്കിയശേഷമാണ് നടുന്നത്.
മധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ പ്രത്യേകിച്ച് ഓണാട്ടുകര പ്രദേശ ങ്ങളിൽ ഈ രീതിയിൽ തന്നെയാണ് ചേന നടുന്നത്. കുംഭമാസത്തിൽ ചേന നടുമ്പോൾ ചേന കിളിർത്ത് കുടവിരിഞ്ഞ് വളരെപ്പെട്ടെന്ന് മൺ നിരപ്പിനു മുകളിൽ വരികയില്ല. പക്ഷേ വളരെ നന്നായി വേരോട്ടമുണ്ടായിരിക്കും.
കാലവർഷത്തിനു മുന്നോടിയായി ആദ്യത്തെ ഇടമഴ കിട്ടു മ്പോൾ തന്നെ ഏറെ കരുത്തോടെ വളർന്നു മേലോട്ട് വന്ന് ഇലവിരിഞ്ഞു തുടങ്ങും. തുലാമാസം പകുതി കഴിയുമ്പോഴേക്കും തണ്ട് ക്രമേണ പട്ടു തുടങ്ങിയിരിക്കും. കുംഭത്തിൽ തന്നെ ചേന നടുകയും യഥേഷ്ടം ജൈവ വളങ്ങൾ നൽകുകയും നന്നായി കൃഷി പരിചരണം നടത്തുകയും ചെയ്താൽ പത്തുമാസം കഴിയുമ്പോൾ കുടത്തോളം വലിപ്പമുള്ള ചേന കിളച്ചെടുക്കാം