Updated on: 4 March, 2024 4:18 PM IST
മരച്ചീനി

കിഴങ്ങുവർഗങ്ങളുടെ ആഗോള ഉൽപാദനത്തിൽ കഴിഞ്ഞാൽ രണ്ടാം സ്ഥാനം കപ്പയ്ക്കാണ്. ഏതാണ്ട് 23. 7 കോടി ടൺ കപ്പ ഒരു കൊല്ലം ലോകത്തു വിളയിക്കുന്നു. ശരിയായ പരിപാലനമുറകൾ അനുവർത്തിച്ചാൽ ഒരു സെൻ്റിൽ നിന്നു 150 കിലോ മുതൽ 200 കിലോ വരെ മരച്ചീനി ഉൽപാദിപ്പിക്കാം. അതായത് ഹെക്ടറിൽ 50,000 കിലോ.

മണ്ണുപരിശോധനയിൽ മഗ്നീഷ്യം, സിങ്ക് എന്നിവയുടെ കുറവ് കാണുന്നെങ്കിൽ ഒരു ചെടിക്കു 2.5 ഗ്രാം മഗ്നീഷ്യം സൾഫേറ്റ്, 1.5 ഗ്രാം സിങ്ക് സൾഫേറ്റ് എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം. അങ്ങനെ ചെയ്‌താൽ കിഴങ്ങിലെ കട്ടി (Cyanogenic glucosides) കുറയുന്നതായി കാണുന്നു

അൽപം ചരൽ കലർന്ന വെട്ടുകൽമണ്ണ്, പശിമരാശി മണ്ണ് (മണലും ചരലും കളിമണ്ണും ഏകദേശം തുല്യ അളവിലുള്ള മണ്ണ്) എന്നിവയാണ് യോജ്യം. വേരിൽ അന്നജം നിറയുന്ന തനുസരിച്ചു മണ്ണ് ഇളകിക്കിട്ടണം. എങ്കിൽ കിഴങ്ങിന് നല്ല വലുപ്പം വയ്ക്കും. നിർവാർച്ച കുറഞ്ഞ മണ്ണ് പറ്റിയതല്ല. അവിടെ വിളയുന്നതു ശരിയായി വേവുകയില്ല, രുചിയും കുറയും. നീർവാർച്ച കുറഞ്ഞയിടങ്ങളിൽ, ഉയരത്തിൽ വാരം (പണ) കോരി കൃഷി ചെയ്യാം. ചെരിഞ്ഞ സ്‌ഥലങ്ങ ളിൽ ചെരിവിന് കുറുകെ മണ്ണുകയ്യാലയോ കല്ലുകയ്യാലയോ കെട്ടി, ചെരിവിനു കുറുകെതന്നെ നീളത്തിൽ മണ്ണ് ഉയർത്തി, മണ്ണൊലിപ്പ് തടയും വിധം വേണം കൃഷി.

വരൾച്ചയെ ഫലപ്രദമായി ചെറുക്കുന്ന വിളയാണെങ്കിലും, കമ്പു നടുമ്പോൾ മണ്ണിൽ വേണ്ടത്ര ഈർപ്പം ഉണ്ടാകണം. മഴയെ ആശ്രയിച്ച് കഷി ചെയ്യുന്നവർ ഏപ്രിൽ-മേയ് മാസത്തെ (മേടമാസം) വേനൽ മഴയോടെയോ, സെപ്റ്റംബർ-ഒക്ടോബർ (തുലാമാസം) മാസത്തിലെ തുലാവർഷ മഴക്കാലത്തോ നടണം. നന സൗകര്യമുള്ളവർക്ക് ഫെബ്രുവരി (കുംഭമാസം) മാസത്തിൽ നടാം. മേടക്കപ്പയ്ക്കാണ് നല്ല വിളവു കിട്ടുന്നതെന്ന് പരീക്ഷണങ്ങൾ കാണിക്കുന്നു. രോഗ-കീട പ്രതിരോധശേഷിയുള്ളതും പെട്ടെന്നു വേവുന്നതും കട്ട് കുറഞ്ഞതുമായ ഇനങ്ങൾ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. പേടിക്കേണ്ടത് 'മൊസൈക് രോഗത്തെയാണ്. നടീൽവസ്‌തുക്കൾ വഴിയാണ് പ്രധാനമായും രോഗം വരുന്നത്: പകരുന്നത് നീരൂറ്റി കുടിക്കുന്ന പ്രാണികൾ വഴിയും. ഫ്യൂസേറിയം എന്ന ഫംഗസ് വഴി വരുന്ന വാട്ടരോഗത്തെയും ശ്രദ്ധിക്കണം.

ആറു മാസം മൂപ്പുള്ള വെള്ളായണി ഹ്രസ്വ, നിധി, 16 മാസം വരെ വിളവെടുപ്പ് വൈകിപ്പിക്കാവുന്ന H 97, 10 മാസം മൂപ്പുള്ള, രുചികരമായ, ഒറ്റത്തടിയായി പോകുന്ന M-4, 10 മാസം മൂപ്പും കിഴങ്ങിന് മഞ്ഞനിറവുമുള്ള ശ്രീ വിശാഖം, 7 മാസം മുപ്പുള്ള ശ്രീപ്രകാശ്, കട്ട് കുറവുള്ളതും 7 മാസം മൂപ്പുള്ളതുമായ ശ്രീജയ, 6-7 മാസം കൊണ്ട് മുപ്പെത്തുന്നതും അതീവ രുചികരവുമായ ശ്രീവിജയ, 10 മാസം *മൂപ്പുള്ള, വറുക്കാൻ (Tapioca Chips ) പറ്റിയ ശ്രീഹർഷ തുടങ്ങിയ ഇനങ്ങളുടെ നടീൽവസ്‌തുക്കൾ തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്ര ത്തിൽ സീസൺ ആകുമ്പോൾ ലഭ്യമാണ്. മൊസൈക് രോഗം ഇല്ലാത്ത ചെടികളുടെ തണ്ടു മാത്രമേ നടാൻ എടുക്കാവൂ. ഒപ്പം തണ്ടിൽ പറ്റിയിരിക്കുന്ന ശല്ക കീടങ്ങളെയും (Scale insect) സൂക്ഷിക്കണം.

നടുമ്പോൾ, ശിഖരങ്ങളില്ലാത്ത ഇനങ്ങൾ തമ്മിൽ 75 സെ. മീ. അകലവും ശിഖരങ്ങളുള്ള ഇനങ്ങൾക്ക്, തരമനുസരിച്ച് 90-100 സെ. മീ. വരെ അകലവും കൊടുക്കാം.

നന്നായി ശിഖരങ്ങളുള്ള ഇനങ്ങൾ, ഹെക്‌ടറിൽ 8,000 എണ്ണം എന്ന തോതിൽ നടുന്നതാണു നല്ലത്. കമ്പ് നട്ട ശേഷം, വളർന്നുവരുന്ന വേരുകൾക്കു തടസ്സം കൂടാതെ 4 വശത്തേക്കും പരക്കാനും അന്നജം നിറഞ്ഞു വീർത്ത് വരുമ്പോൾ അതിന് അനുസരിച്ചു മണ്ണിളകി മാറാനും തക്കവണ്ണം, മണ്ണു കിളച്ച് കട്ടയുടച്ചു പൊടിയാക്കി കുമ്പൽ (Mound) എടുക്കണം.

അമ്ലരസമുള്ള മണ്ണെങ്കിൽ ഡോളോമൈറ്റിക് ലൈം (Dolomitic lime) 50 ഗ്രാം വീതം ചേർത്ത് മണ്ണു കിളയ്ക്കാം. ഓരോ കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും അൽപം എല്ലുപൊടിയും ഓരോ കൂനയിലും ചേർത്തിളക്കാം. ഇനത്തിനനുസരിച്ച് അടിസ്‌ഥാന വളമായി ചെറിയ അളവിൽ എൻപികെ വളങ്ങൾ കൊടുക്കാം. സാധാരണ ഇനങ്ങൾക്ക് 3 തവണയായി 15 ഗ്രാം യൂറിയ, 30 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 10 ഗ്രാം പൊട്ടാഷ് എന്നിവ കൊടുക്കാം. കമ്പ് നടുന്നതിനു മുൻപ് തടമൊന്നിന് 30 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 5 ഗ്രാം യൂറിയ, 3 ഗ്രാം പൊട്ടാഷ് എന്നിവ നൽകണം. കമ്പ് നട്ട് 60 ദിവസം കഴിഞ്ഞ് വേരുകൾക്കു ക്ഷതം വരാത്ത രീതിയിൽ ചിക്കി കൊടുക്കുക. ആ സമയത്ത് 5 ഗ്രാം യൂറിയയും 3 ഗ്രാം പൊട്ടാഷും നൽകാം. നട്ട് 90 ദിവസം കഴിയുമ്പോൾ അവസാന വളമായി 5 ഗ്രാം യൂറിയയും 3 ഗ്രാം പൊട്ടാഷും കൊടുക്കാം. ജൈവകൃഷിയോട് നന്നായി പ്രതികരിക്കുന്ന വിളയായതിനാൽ എല്ലുപൊടി, ചാണകപ്പൊടി, ചാരം എന്നിവ പകരമായും ഉപയോഗിക്കാം. മണ്ണുപരിശോധനയിൽ ഫോസ്‌ഫറസ് കൂടുതൽ ഉണ്ടെന്നു കണ്ടാൽ റോക്ക് ഫോസ്ഫേറ്റ് ഒഴിവാക്കാം.

മരച്ചീനിക്ക് ഇടവിളയായി കുറ്റിപ്പയർ നടുന്നത് കളനിയന്ത്രണത്തിനും മണ്ണിൽ നൈട്രജൻ വർധനയ്ക്കും അധിക വിളവിനും സഹായകം. മണൽ കലർന്ന പ്രദേശങ്ങളിൽ കപ്പലണ്ടിയും (നിലക്കടല) ഇടവിളയായി കൃഷി ചെയ്യാം. വിളവെടുപ്പു കഴിഞ്ഞ്, ഇടവിളയുടെ അവശിഷ്ടങ്ങൾ മണ്ണിൽ ചേർക്കാം.

നട്ട് ഒരു മാസം കഴിഞ്ഞ് ഒരു ചെടിയിൽ 2 ശിഖരങ്ങൾ മാത്രം നിർത്തി ബാക്കിയുള്ളവ ഒഴിവാക്കണം. മോസൈക് രോഗം പ്രാണികൾ വഴി പകരാം എന്നതിനാൽ രോഗലക്ഷണമുള്ളവ അപ്പപ്പോൾ പറിച്ചു മാറ്റുക. ആ ഭാഗത്ത് മറ്റെന്തെങ്കിലും ഹ്രസ്വകാല വിളകൾ നടാം. ഇലകളുടെ അരികുകൾ കരിഞ്ഞു വരുന്നത് പൊട്ടാസ്യത്തിന്റെ കുറവു സൂചിപ്പിക്കുന്നതിനാൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (SoP) 5 മുതൽ 10ഗ്രാം വരെ ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കാം. പുതിയ ഇലകൾക്കു വേണ്ടത്ര വിരിവില്ലാതെ വന്നാൽ കാത്സ്യം നൈട്രേറ്റ് 5 -10 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.

English Summary: Zinc and Magnesium will reduce cyanide in Tapioca
Published on: 04 March 2024, 04:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now