ജാതിക്കയും ജാതിപത്രിയും മാത്രമാണ് വിപണി അടക്കി വാഴുന്നത് എങ്കിലും ജാതി തൊണ്ടിന്റെ മൂല്യം മനസിലാക്കാൻ കർഷകർക്ക് അൽപ സമയം വേണ്ടി വന്നു. വിപണിയിലെത്തിയാൽ ജാതി തൊണ്ടിന്റെ സ്ഥാനം പടിക്ക് പുറത്തായിരുന്നു. എന്നാൽ ഇതിന് വിപരീതമായി ജാതി തൊണ്ടില്‍ നിന്നും മികച്ച മുല്യവര്‍ധിത ഉൽപന്നങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രധാനമായും അച്ചാറാണ് ജാതി തൊണ്ടിൽ നിന്നും ഉണ്ടാക്കാൻ സാധിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ...
ജാതിക്കയുടെ ഗുണം തിരിച്ചറിഞ്ഞ് ആവശ്യക്കാർ ഇത് വാങ്ങും എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ ഗുണമേന്മ ഉണ്ടാകണം. മഴ കൂടുതലുള്ള സമയങ്ങളിൽ ജാതി വിളവെടുപ്പും സംഭരണവും പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യവസ്തുക്കൾ നിർമിക്കാൻ ഈർപ്പം കുറഞ്ഞ തൊണ്ടാണ് ആവശ്യം. അച്ചാർ, സോസ്, വൈൻ ജാം, സിറപ്പ് , കാന്‍ഡി, സ്ക്വാഷ് തുടങ്ങി നിരവധി ഉൽപന്നങ്ങള്‍ ജാതി തൊണ്ടില്‍ നിന്നും ഉണ്ടാക്കാൻ സാധിക്കും. ചമ്മന്തിപ്പൊടിയ്ക്കായി ജാതി തൊണ്ട് ഉണക്കി നന്നായി പൊടിച്ച് സൂക്ഷിക്കാം. മാത്രമല്ല മീൻ അച്ചാറിലും ഉണക്കിയ ജാതി തൊണ്ട് ചേർക്കുന്നത് നല്ലതാണ്.
ജാതി അച്ചാര്‍
ജാതി തൊണ്ട് കൊണ്ട് ഉണ്ടാക്കുന്ന അച്ചാറിന് രുചിയും മണവും വ്യത്യസ്തമാണ്. ജാതി തൊണ്ട് നന്നായി കഴുകി വെള്ളം മുഴുവൻ വാർന്ന് പോയതിന് ശേഷമാണ് പാകം ചെയ്യാൻ എടുക്കേണ്ടത്. ചെറുതായി അരിഞ്ഞ് ഉപ്പുചേര്‍ത്ത് അരമണിക്കൂര്‍ വെച്ച ശേഷം അച്ചാര്‍ ഉണ്ടാക്കാം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റണം. മുളകുപൊടി, കായപ്പൊടി, ഉലുവ എന്നിവ പ്രത്യേകം വഴറ്റിയെടുക്കാം. ശേഷം നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ജാതി കഷണങ്ങള്‍ ഇട്ട് വഴറ്റാം. പിന്നീട് മസാലകൂട്ടുകള്‍ ചേര്‍ക്കുക. ശേഷം അടുപ്പിൽ നിന്നെടുത്ത് വിനാഗിരി ചേര്‍ത്താല്‍ അച്ചാര്‍ തയ്യാർ. വായു കേറാത്ത കുപ്പികളിൽ അടച്ച് സൂക്ഷിച്ചാൽ എത്രനാൾ വരെ വേണമെങ്കിലും കേടാകാതിരിക്കും.
ജാതി സോസ്
ജാതി തൊണ്ട് വേവിച്ച് പൾപ്പ് അരിച്ചെടുക്കുക. ഇതിൽ 100 ഗ്രാം ചുവന്നുള്ളിയും 30 ഗ്രാം ഇഞ്ചിയും ചേർത്ത് പ്രത്യേകം വേവിക്കണം. ഇത് അരച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. 150 ഗ്രാം പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട, ഗ്രാമ്പൂ, വറ്റല്‍ മുളക്, കുരുമുളക് എന്നിവ ചതച്ച് തുണിയില്‍ കിഴികെട്ടി വയ്ക്കണം. കൂട്ട് നന്നായി തിളച്ച ശേഷം മാറ്റിവയ്ക്കുക. കിഴിയിലെ സത്ത് കൂട്ടിലേക്ക് പിഴിഞ്ഞു ചേര്‍ക്കുക. കൂട്ട് തണുത്തശേഷം വൃത്തിയാക്കിയ കുപ്പികളില്‍ വായു കടക്കാത്തവിധം സൂക്ഷിച്ചുവെക്കണം.
ജാതി വൈന്‍
ജാതി തൊണ്ട് ചെറിയ കഷണങ്ങളാക്കി ഭരണിയിലോ ചില്ലുകുപ്പികളിലോ അടുക്കി വയ്ക്കുക. അടുക്കുമ്പോൾ ശര്‍ക്കരയും കറുവപ്പട്ടയും ഗ്രാമ്പു പൊടിച്ചതും ഇടയ്ക്ക് ചേര്‍ക്കണം. ശേഷം വായു കടക്കാതെ 41 ദിവസം അടച്ചുവെയ്ക്കണം. ഈര്‍പ്പമില്ലാത്ത ഒരു തവികൊണ്ട് ഇടക്ക് ഇളക്കി കൊടുക്കുകയും വേണം. 41 ദിവസം കഴിഞ്ഞ് തെളിഞ്ഞുവരുന്ന നീര് അരിച്ചെടുത്ത് കുപ്പികളിലാക്കി സൂക്ഷിച്ചു വയ്ക്കണം. ഇതൊരു മികച്ച ഔഷധം കൂടിയാണ്.