പ്രമേഹരോഗികൾ പൊതുവെ പല പഴങ്ങളും കഴിക്കാറില്ല. പ്രമേഹം കൂടിയാലോ എന്ന് പേടിച്ചാണിത്. എന്നാൽ, ഡ്രാഗൺ ഫ്രൂട്ട് പ്രമേഹരോഗികൾക്കും കഴിക്കാം. കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാലാണിത്.
വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, അയേൺ, മഗ്നീഷ്യം എന്നിവ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, അയൺ എന്നിവയുടെ സാന്നിധ്യം വിളർച്ചയെ പ്രതിരോധിക്കും. മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്‌ക്ക് സഹായിക്കും∙
കൊളസ്‌ട്രോളും അമിതഭാരവും കുറയ്‌ക്കുകയും ഹൃദയത്തിനു സംരക്ഷണം നൽകുകയും ചെയ്യും∙ രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഈ പഴം സഹായിക്കും. കാർബോഹെെഡ്രേറ്റിന്റെ സാന്നിധ്യവും ഡ്രാഗൺ ഫ്രൂട്ടിലുണ്ട്. വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയ ഈ പഴം ദഹനത്തെ സഹായിക്കും.
കൂടാതെ ഫൈബറിന്റെ സാന്നിധ്യം ധാരാളം ഉള്ളതും ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാൻ കാരണമാണ്. അമിത ശരീരഭാരത്തെ പ്രതിരോധിക്കാൻ സാധിക്കും. വൻ കുടൽ അർബുദത്തെ പ്രതിരോധിക്കാനും സാധിക്കും. ശരീരത്തിൽ നല്ല ബാക്ടീരിയയുടെ അളവ് വർധിപ്പിക്കും. വിറ്റാമിൻ സിയുടെ അളവ് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
ഡ്രാഗൺ ഫ്രൂട്ട് ഏറെ ഗുണഗണങ്ങൾ ഉള്ള ഫലമാണ്. ലോകമെമ്പാടുമുള്ള ഉഷ്‌ണമേഖല പ്രദേശങ്ങളിൽ കാണുന്ന ‘ഹൈലോസീറസ്’ എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോൾ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ ഉള്ളിലെ മാംസളമായ ഭാഗമാണു ഭക്ഷ്യയോഗ്യം. കറുത്ത വിത്തുകളുള്ള മാംസളമായ വെളുത്ത ഭാഗമാണ് ഇത്. ഒരു ചെടിയിൽനിന്ന് എട്ടു മുതൽ 10 വരെ പഴങ്ങൾ ലഭിക്കും.
ഡ്രാഗൺ ഫ്രൂട് ജ്യൂസ് ഉണ്ടാക്കുന്ന വിധം
പഞ്ചസാര രണ്ടു ടേബിള്‍ സ്പൂണ്‍
ഐസ് ഒരു ചെറിയ കട്ട
വെള്ളം 2 ഗ്ലാസ്സ്
ഏലക്കായ് 1 എണ്ണം
നന്നയി പഴുത്ത ഡ്രാഗണ്‍ ഫ്രൂട്ട് തൊലി മാറ്റിയശേഷം ചെറു കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിനുശേഷം പഞ്ചസാരയും ഐസും ഏലക്കായും വെള്ളവും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഡാഗണ്‍ ഫ്രൂട്ട് ജ്യൂസ് തയ്യാര്‍.