ഔഷധഗുണങ്ങളുള്ളതും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പലതരം നാടൻ വാഴയിനങ്ങൾ കേരളത്തിലുണ്ടായിരുന്നു. എന്നാൽ കാലക്രമേണ ചില ഇനങ്ങൾക്ക് വംശനാശം സംഭവിച്ചിരിക്കുന്നു. ശേഷിക്കുന്ന ഇനങ്ങളെ സംരക്ഷിച്ച് അവയുടെ കൃഷി വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
രണ്ടു തരം വാഴകളുണ്ട്. കറി വെയ്ക്കുന്നതിനായി ഉപയോഗിക്കുന്ന പച്ചക്കായ ഇനങ്ങളെ "മൂസബബിയാന'എന്നും പഴത്തിനായി കൂടുതൽ ഉപയോഗിക്കുന്നവയെ "മൂസ അക്യൂമിനേറ്റ' എന്നും വിളിക്കുന്നു. എന്നാൽ, കാലാന്തരത്തിൽ പരിവർത്തനം വന്ന ഇനങ്ങളുമുണ്ട്. എങ്കിലും ഇവയുടെ ജനിതക സ്വഭാവത്തിലെ വ്യത്യാസം അവ പ്രകടിപ്പിക്കാറുമുണ്ട്.
ചില വാഴയിനങ്ങളെ പരിചയപ്പെടാം
കുന്നൻ: ഏറെ ഔഷധ പ്രാധാന്യമുള്ളതിനാൽ ആയുർവേദ ചികിത്സയിൽ ഇതിന് പ്രത്യേക സ്ഥാനമുണ്ട്. പച്ചക്കായകൾ ഉണക്കിപ്പൊടിച്ച് ശിശുക്കളുടെ ആഹാരത്തിനായി ഉപയോഗിക്കുന്നു. അടക്കാകുന്നൻ, ഇതിന്റെതന്നെ മറ്റൊരു വകഭേദമാണ്. അന്നജം ധാരാളമുണ്ട്. മഞ്ഞനിറത്തിലുള്ള പഴത്തിന് മധുരവും സ്വാദും ഏറെ. ഇടവിളയായി കൃഷിചെയ്യാം.
കദളി: ഏറ്റവും നല്ല പോഷക- ഔഷധ പ്രാധാന്യമുള്ളതാണ് കദളി. വീട്ടുപറമ്പിൽ നന്നായി കൃഷിചെയ്യാം. ഇതിൽ ചില വകഭേദങ്ങളുണ്ട്. അമ്പലക്കദളി, നെയ് കദളി, കരിങ്കദളി, നിവേദ്യ കദളി എന്നിവയൊക്കെയാണത്. അധികം ഉയരത്തിൽ വളരില്ല.10-12 കിലോ വരെ കുലയ്‌ക്ക് തൂക്കം ഉണ്ടാകും.
അടുക്കൻ: ഏറെ ഔഷധ പ്രാധാന്യമുള്ളതിനാൽ ആയുർവേദ ചികിത്സയിൽ ഇതിന് പ്രത്യേക സ്ഥാനമുണ്ട്. പച്ചക്കായകൾ ഉണക്കിപ്പൊടിച്ച് ശിശുക്കളുടെ ആഹാരത്തിനായി ഉപയോഗിക്കുന്നു. അടക്കാകുന്നൻ, ഇതിന്റെതന്നെ മറ്റൊരു വകഭേദമാണ്. അന്നജം ധാരാളമുണ്ട്. മഞ്ഞനിറത്തിലുള്ള പഴത്തിന് മധുരവും സ്വാദും ഏറെ. ഇടവിളയായി കൃഷിചെയ്യാം.
ഞാലിപൂവൻ: നെയ് പൂവൻ എന്ന പേരിലും പറയാറുണ്ട്. തെക്കൻ കേരളമാണ് ജന്മദേശം. പിന്നീട് വ്യാപിച്ചു. വരൾച്ച പ്രതിരോധിക്കും. തണലിലും വളരും. ഇടവിളയായി തെങ്ങിൻ തോപ്പിൽ നടാൻ ഉത്തമം. തനി വിളയായും കൃഷി ചെയ്യാം. പടലകൾ അകലത്തിൽ ക്രമീകരിച്ച ചെറു കായ്‌കളാണ്. പഴുത്താൽ മണവും മധുരവുമുണ്ട്. കന്നുകൾ ധാരാളം പൊട്ടിമുളച്ച് എളുപ്പം വ്യാപിക്കുന്നു. വീട്ടുപറമ്പിലും വളക്കൂറുള്ള ഏത് മണ്ണിലും വളർത്താം.
പൂവൻ: ഗുണത്തിൽ ഏറെ മുൻപൻ. നാട്ടു പൂവൻ, അരി പൂവൻ എന്നും ചില പ്രദേശത്ത് അറിയപ്പെടും. കേരളത്തിൽ എല്ലായിടത്തും കൃഷി ചെയ്യാം. കന്നുകളുടെ എണ്ണം പൊതുവെ കുറവായിരിക്കും. ചരിഞ്ഞ ഭൂപ്രദേശം കൂടുതൽ ഇഷ്ടപ്പെടുന്നവയാണ് പൂവൻ.
പാളയങ്കോടൻ: കേരളീയനാണെങ്കിലും "മൈസൂർ പൂവൻ' എന്ന പേര് വഴിതെറ്റി വന്നിട്ടുണ്ട്! കേരളത്തിലെ പ്രധാന നാടൻവാഴകളിൽ ഒന്നാണിത്. കുറുനാമ്പ് രോഗം ഈ ഇനത്തെ ഏറെ ബാധിക്കാറുണ്ട്. സ്വാദിഷ്ടമായ പഴം. വലിയ കുലകൾ ഉണ്ടാകും. പച്ചക്കായ കറിക്കും ഉപയോഗിക്കും. വളക്കൂറ് നല്ലപോലെ ഉണ്ടാകണം. എക്കൽ മണ്ണ് പ്രദേശം ഏറെ ഇഷ്ടപ്പെടുന്നു .12 മാസംകൊണ്ട് വിളവെടുക്കാം.
ചെങ്കദളി: കപ്പവാഴ എന്നും പറയാറുണ്ട്. തെക്കൻ കേരളത്തിലാണ് കൂടുതൽ. വലിയ തൂക്കമുള്ളതാകും കുല (50 കിലോ വരെ).18 മാസം വേണം വിളവ് കിട്ടാൻ.
കൂമ്പില്ലാകണ്ണൻ: പടലവിരിഞ്ഞശേഷം കൂമ്പ് ഇല്ലാതാകുന്ന സ്വഭാവം. ഇടവിളയായി കൃഷി ചെയ്യാം. ഔഷധ-പോഷക പ്രാധാന്യമുണ്ട്.
ചിനാലി: പാളയംകോടന്റെ വലിപ്പവും നേന്ത്രന്റെ ഗുണവുമുള്ള ഇനമാണ്. ഒരു വർഷംകൊണ്ട് കുലയ്‌ക്കും.15 കിലോ വരെ തൂക്കമുണ്ടാകും.
പടറ്റി: തോടൻ, വെള്ളപ്പാടൻ എന്നും പറയും. ഔഷധ പ്രാധാന്യമേറെയുണ്ട്.
മൊന്തൻ: ഔഷധ, പോഷക പ്രാധാന്യമുള്ള ഇനമാണ്. ഉയർന്നു വളരും. വരൾച്ചയെ പ്രതിരോധിക്കും. കറിക്കായക്ക് ഉചിതമാണ്.
മട്ടി: തമിഴ്നാടിനോടുചേർന്ന തെക്കൻ കേരളത്തിൽ ധാരാളമുള്ളതാണ്. പഴുത്തതിന് ആകർഷകമായ മണം ഉണ്ടാകും.
പേയൻ: വംശനാശ ഭീഷണി നേരിടുന്നു. നെയ് വാഴ എന്നും അറിയും. പരിരക്ഷ നൽകേണ്ട ഇനമാണ്.
നേന്ത്രൻ: പ്രാധാന ഇനം. ഇവ വ്യത്യസ്ത സ്വഭാവമുള്ളതുണ്ട്. തനിവിളയാണ് പ്രധാനം. നെടു നേന്ത്രൻ, ചെങ്ങാലിക്കോടൻ, മഞ്ചേരി, കാളി തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽപ്പെടുന്നു. പച്ചയ്ക്കും പഴമായും ഉപയോഗിക്കാം. വ്യാവസായിക പ്രാധാന്യവുമുള്ള ഇനമാണ് നേന്ത്രൻ.