-തയ്യാറാക്കിയത്- ആൻജോ വി. ജോസഫ്, ഗവേഷക വിദ്യാർത്ഥിനി, കോളേജ് ഓഫ് ഹോർട്ടികൾച്ചർ, വെള്ളാനിക്കര,ഡോ. സിമി. എസ്, പ്രോഗ്രാം കോഡിനേറ്റർ, കെ. വി. കെ, അമ്പലവയൽ.
പ്രകൃതി നമുക്കു കനിഞ്ഞു നൽകിയ ഏറ്റവും വലിയ വരദാനമാണ് പഴങ്ങൾ. കാലാവസ്ഥയിലും മണ്ണിലുമുള്ള വ്യത്യസ്‌തതകളാൽ വൈവിദ്ധ്യമായ ഫലവർഗ്ഗവിളകൾ വളർത്താൻ അനുയോജ്യമായ നാടാണ് കേരളം. സമതലങ്ങളിൽ മാങ്ങാ, വാഴപ്പഴം, പൈനാപ്പിൾ, പപ്പായ, സപ്പോട്ട, പേര, ചക്ക, ചാമ്പ, സീതപ്പഴം, ലവ്‌ലോലിക്ക, അമ്പഴങ്ങ എന്നിങ്ങനെയുള്ള പഴങ്ങൾ സുലഭമാണ്. പാലക്കാട് ജില്ലയിലെ മുതലമട മാങ്ങയ്ക്കും എറണാകുളം ജില്ലയിലെ വാഴക്കുളം പൈനാപ്പിൾ കൃഷിക്കും പേരുകേട്ടവയാണ്. വയനാട് ഇടുക്കി ജില്ലകളിലെ മലമ്പ്രദേശങ്ങൾ ആപ്പിൾ, പ്ലം, പീച്ച്, പെയർ, മധുരനാരങ്ങ, ചെറുനാരങ്ങാ, അവോക്കാഡോ, ലിച്ചി തുടങ്ങിയ ശൈത്യകാല വിളകൾക്ക് അനുയോജ്യമാണ്.
കുരുമുളക്, റബ്ബർ തുടങ്ങിയ നാണ്യവിളകൾക്കുണ്ടായ വിലയിടിവിനെ തുടർന്നു അന്യനാടുകളിൽ നിന്ന് വിരുന്നെത്തിയ പോഷകസമൃദ്ധമായ ഫലവൃക്ഷങ്ങൾ കൃഷി ചെയ്ത് ആദായം മെച്ചപ്പെടുത്തുന്നതിലേക്ക് പലകർഷകരും ശ്രദ്ധതിരിച്ചിട്ടുണ്ട്. കൂടാതെ വർദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളായ ഡയബറ്റീസ്(Diabetics), രക്താതിസമ്മർദ്ദം(Blood pressure), പൊണ്ണത്തടി(Obesity), കാൻസർ(cancer) എന്നിവയെ പ്രതിരോധിക്കുന്നതിൽ പഴങ്ങളുടെ പ്രാധാന്യം കേരളീയർ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യപരമായ ഘടകങ്ങൾ മുൻനിർത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വർധിച്ചുവരുന്ന ഫലവർഗങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനും വേണ്ടി പാരമ്പര്യവിളകൾക്ക് ഒപ്പം നൂതന പഴവർഗ്ഗവിളകളുടെ കൃഷിയും ഏറ്റെടുക്കേണ്ടതുണ്ട്. പഴങ്ങളുടെയും അവയുടെ മൂല്യവർധിത ഉത്പന്നങ്ങളുടേയും ഉപയോഗം ഭക്ഷ്യസുരക്ഷയോടൊപ്പം പോഷകസുരക്ഷയും ഉറപ്പാക്കുന്നു.
റംബുട്ടാൻ(rambutan), പുലാസാൻ(pulasan), ദുരിയാൻ(durian), അവോക്കാഡോ(avocado), ഡ്രാഗൺഫ്രൂട്ട്(dragon fruit), ലിച്ചി(litchi), മിൽക്ക് ഫ്രൂട്ട്(milk fruit), പെർസിമ്മോൺ(persimmon), പാഷൻഫ്രൂട്ട്(passion fruit), സ്‌ട്രോബെറി(strawberry), ലോങ്ങൻ(longan), ലൗക്വാട്(love quad), മാങ്കോസ്റ്റീൻ(mangosteen) തുടങ്ങി ഭാവിപ്രതീക്ഷ ഉണർത്തുന്ന അനേകം ഫലങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ കുറിച്ച് മാത്രം ചുവടെ വിശദീകരിക്കുന്നു.
1.അവോക്കാഡോ (വെണ്ണപ്പഴം)( Avocado) പേര് സൂചിപ്പിക്കുന്നതുപോലെ ഏറ്റവും അധികം കൊഴുപ്പ് (26%) അടങ്ങിയ ഫലമാണ് അവോക്കാഡോ. സമതലങ്ങളിലും മലമ്പ്രദേശങ്ങളിലും വളർത്താവുന്ന ഇവയുടെ ജന്മദേശം മെക്സിക്കോ ആണ്. ലൗറസിയെ(Lauraceae) സസ്യകുലത്തിലെ ഈ അംഗത്തിൻറെ ശാസ്ത്രനാമം 'പേഴ്‌സിയ അമേരിക്കനാ' (Persea americana)എന്നാണ്. മെക്സിക്കൻ, ഗാവ്ട്ടിമാലൻ, വെസ്റ്റിന്ത്യൻ എന്നിങ്ങനെ മൂന്ന് തരം അവൊക്കാഡോകളുണ്ട്.
പർപ്പിൾ, പൊള്ളോക്, ബ്ലാക് പ്രിൻസ് തുടങ്ങിയ ഇനങ്ങൾ വെസ്റ്റിന്ത്യൻ ഗ്രൂപ്പിൽ വരുന്നവയാണ്. ഇളം പച്ച നിറത്തിലുള്ള ഇലകൾ ഉള്ള ഇവയുടെ കായ്‌കൾ ഇടത്തരം വലുപ്പമുള്ളതാണ്. നിരപ്പായ ഇടത്തരം കട്ടിയുള്ള തൊലിയും വലിയ വിത്തുമുള്ള ഇവയുടെ ഞെട്ട് ചെറുതാണ്. തണുപ്പ് അതിജീവിക്കാൻ കഴിവ് ഇല്ലാത്ത ഇവയുടെ കായ്കൾ മൂപ്പെത്താൻ ഒന്‍പത് മാസം വേണം.
ഹാസ്, ലുല, ഗ്രീൻ തുടങ്ങിയ ഇനങ്ങൾ ഗാവ്ട്ടിമാലൻ ഗ്രൂപ്പിൽ പെട്ടതാണ്. കട്ടിയുള്ള പരുപരുത്ത തൊലിയോട് കൂടിയ ഇവയ്ക്കു നീളം കൂടിയ ഞെട്ടും വലിയ കായ്കളും ആണ് ഉള്ളത്. കായ്കൾക്ക് മൂപ്പെത്താൻ ഒൻപതു മാസം മുതൽ ഒരു വർഷം വരെ എടുക്കും.
മെക്സിക്കൻ ഇനങ്ങൾ ആണ് ഡ്യൂക്ക്, പെർനോഡ് തുടങ്ങിയവ. കഠിനമായ ശൈത്യത്തെ തരണം ചെയ്യാൻ കഴിവുള്ള ഇവയുടെ കായ്കൾ ചെറുതും തൊലിപ്പുറം നിരപ്പായതുമാണ്. ആറുമാസം മുതൽ എട്ടുമാസം കൊണ്ട് മൂപ്പെത്തുന്ന ഇവയ്ക്കു മറ്റുള്ള ഇനങ്ങളെ അപേക്ഷിച്ചു പ്രാധാന്യം കുറവാണ്. മെക്സിക്കൻ ഗാവ്ട്ടിമാലൻ ഇനങ്ങളുടെ സങ്കര ഇനമാണ് ഫർട്ടി. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും അധികം കൃഷി ചെയ്യപ്പെടുന്ന ഈ ഇനത്തിന് തണുപ്പ് ചെറുക്കാൻ കഴിവുണ്ട്.
വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവോക്കാഡോ വളരും. ഇവയുടെ ദ്വിലിംഗ പുഷ്പങ്ങൾ ഓരോന്നും ആദ്യം പെൺപൂവ് ആയും രണ്ടാമത് ആൺപൂവ് ആയും രണ്ടു തവണ വിരിയുന്നു. അതിനാൽ പരപരാഗണം ആണ് നടക്കുന്നത്. മാത്രമല്ല പൂവ് തുറക്കുന്ന സമയം അനുസരിച്ചു് രണ്ട് തരം ചെടികൾ ഉണ്ട്. അതിനാൽ വിവിധയിനം അവോക്കാഡോകൾ ഒന്നിച്ചു നടുന്നതാണ് കായ് പിടിക്കാൻ ഉത്തമം. വിത്ത് മുളപ്പിച്ചാണ് സാധാരണയായ് നടുന്നത്, ഗ്രാഫ്റ്റിംഗ്, ബഡ്‌ഡിങ് മുതലായ രീതികളും വിജയകരമാണ്. ആറു മുതൽ പന്ത്രണ്ടു മീറ്റർ വരെ അകലത്തിൽ രണ്ടടി വീതിയിലും നീളത്തിലും ആഴത്തിലും ഉള്ള കുഴികളിലാണ് നടേണ്ടത്.
ശരീരത്തിലെ കൊളെസ്റ്ററോളിൻറെ അളവ് കുറയ്ക്കാൻ അവോക്കാഡോയുടെ ഉപയോഗം സഹായിക്കും. പ്രമേഹം, രക്താതിസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിന് അവോക്കാഡോയ്ക്കു പങ്കുള്ളതായി അറിയുന്നു.
2.ദുരിയാൻ (Durian)-കേരളത്തിൽ അടുത്തിടെ പ്രചാരം നേടിയ ഒരു നിത്യഹരിത ഫലവൃക്ഷമാണ് ദുരിയാൻ. ബോംബകേസിയെ(Bombacaceae) കുടുംബത്തിൽപ്പെട്ട ദുരിയാൻറെ ശാസ്‌ത്രനാമം 'ദുരിയോ സൈബെത്തിനസ്'(Durio zibenthinus) എന്നതാണ്. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഇവയുടെ സ്വദേശം. ചക്കയേക്കാൾ വളരെ ചെറുതും എന്നാൽ ചക്കയുടേതിനേക്കാൾ നീളവും കട്ടിയും ഉള്ള കൂർത്ത മുള്ളുകളും ഇവയ്ക്കു ഉണ്ട്. ചക്കച്ചുള പോലെ മൃദുവായ മാംസളഭാഗവും വലിപ്പം കൂടിയ വിത്തുകളും ഉള്ള ഇവയ്ക്കു സ്വർഗ്ഗതുല്യമായ സ്വാദും നരകതുല്യമായ ഗന്ധവും ഉണ്ടെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അസ്വസ്ഥത ഉണ്ടാക്കുന്ന രൂക്ഷഗന്ധം ഇവയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ്. വരൾച്ചയും താഴ്ന്ന ഊഷ്മാവും താങ്ങാൻ പറ്റാത്ത ഇവ ഉഷ്‌ണമേഖലാ പ്രദേശങ്ങൾക്ക് ഇണങ്ങിയ വൃക്ഷമാണ്. വിത്ത് മുളപ്പിച്ച തൈകൾ പുഷ്പിക്കാൻ പത്തു വർഷത്തോളം സമയം എടുക്കും. എന്നാൽ ഒട്ടുതൈകളും ബഡ്ഡുകളും 4 മുതൽ 5 വർഷത്തിനുള്ളിൽ കായ്ക്കും. പത്തു വർഷം പ്രായമായ മരങ്ങൾ വർഷത്തിൽ ഏകദേശം 1.5 കിലോ വലിപ്പമുള്ള 150- 300 പഴങ്ങൾ നൽകാറുണ്ട്. പാകമായ ദുരിയാൻ പഴത്തിന് വിദേശവിപണിയിൽ വളരെ ഉയർന്ന വിലയാണ്. 1 കിലോ പഴത്തിനു 20 ഡോളറിലധികം വിലയുള്ള ഇവയുടെ സീസൺ ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ്. നിരവധി ഔഷധ ഗുണങ്ങൾ ഉള്ള ദുരിയാൻ സസ്യജന്യ പോഷകങ്ങൾ, നിരോക്‌സികാരകങ്ങൾ, മാംസ്യം, ജീവകങ്ങൾ, ധാതു ലവണങ്ങൾ തുടങ്ങിയവയുടെ കലവറയാണ്. വാർദ്ധക്യസഹജമായ വിഷമങ്ങൾ ലഘൂകരിക്കാനും, ആകാംക്ഷ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങിയവ പരിഹരിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ദുരിയാൻ അത്യുത്തമമാണ്.
3.റംബുട്ടാൻ(Rambutan) സാപ്പിൻറെസിയേ(Sapindaceae) കുടുംബത്തിൽപ്പെട്ട 'നെഫീലിയം ലാപ്പാസിയം’(Nephelium lappaceum) എന്ന ശാസ്ത്ര നാമമുള്ള റംബുട്ടാൻറെ ജന്മദേശം ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, മലേഷ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട തെക്കുകിഴക്കൻ ഏഷ്യ ആണ്. റംബുട്ടാനിൽ ആൺമരവും പെൺമരവും ദ്വിലിംഗമരവും വേറെ വേറെയുണ്ട്. അതിനാൽ വിത്ത് നടുന്നതിനേക്കാൾ കായ്ക്കുന്ന മരം ആകുമെന്ന് ഉറപ്പാക്കാൻ ബഡ്ഡ് ചെയ്ത ചെടികളൊ ഒട്ടുതൈകളോ ഉപയോഗിക്കേണ്ടതാണ്.
റംബുട്ടാൻറെ പഴങ്ങൾക്കു ചുവപ്പു അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള രോമാവൃതമായ തൊലിയാണുള്ളത്. ചെറിയ പുളിയും മധുരവുമുള്ള സുതാര്യമായതോ വെളുത്തതോ ആയ ഉൾക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. കായികപ്രവർദ്ധനം വഴിയുണ്ടായ ചെടികൾ 3-4 വർഷം കഴിഞ്ഞു കായ്ക്കാൻ തുടങ്ങും. ഒന്നര അടി നീളവും, വീതിയും, ആഴവും ഉള്ള കുഴികൾ 7 മീറ്റർ അകലത്തിൽ തയ്യാറാക്കിയാണ് ഇവ നടുന്നത്. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്താണ് റംബുട്ടാൻ നടേണ്ടത്. വളരെ പൊക്കത്തിൽ വളരുന്ന ഇവയ്ക്കു കൊമ്പുകോതൽ അത്യാവശ്യമാണ്. വവ്വാലുകളുടെയും പക്ഷികളുടെയും ശല്യം തടയാൻ കായ്ക്കുമ്പോൾ മരം വലയിട്ടു മൂടണം. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് റംബുട്ടാൻ പൂവിടുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് വിളവെടുപ്പുകാലം. ഒരു മരത്തിൽ നിന്ന് നാലാം വർഷം പത്തുകിലോവരെ വിളവ് ലഭിക്കും. പത്തു വർഷം പ്രായമായ മരത്തിൽ നിന്ന് 150 കിലോയ്ക്ക് മേലെ വിളവ് നൽകുന്ന മരങ്ങൾ ഉണ്ട്. ഏറ്റവും കുറഞ്ഞ വിലയായ 150 രൂപ നിരക്കിൽ കുറഞ്ഞ വിളവായ 5 കിലോ തരുന്ന നാലു വർഷം പ്രായമായ മരങ്ങളിൽനിന്ന് 37,500 രൂപയും (ഒരേക്കറിൽ നിന്നും) പത്തു വർഷം പ്രായമായ മരങ്ങളിൽനിന്ന് 10 ലക്ഷം രൂപയ്ക്കുമേലും ആദായം ലഭിക്കുന്നു.
നിത്യേന റംബുട്ടാൻ കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിൻറെ അളവ് കുറയ്ക്കാൻ കഴിയും. ആന്‍റിഓക്‌സിഡന്‍റുകളായി ഫ്ലാവനോയിഡ് അടങ്ങിയിരിക്കുന്നതിനാൽ റംബുട്ടാൻ കഴിക്കുന്നത് അർബുദ നിയന്ത്രണത്തിന് സഹായകരമാണ്. ജീവകം സി, കാൽസിയം, ഇരുമ്പ്, നാരുകൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. കേരളത്തിൽ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ റംബുട്ടാൻ വ്യാപകമായി കൃഷി ചെയുന്നുണ്ട്. 'ഫ്രൂട്ട് വില്ലേജ്' എന്ന കേരള സർക്കാരിൻറെ പുതിയ സംരംഭം നടപ്പാക്കുന്നതിൻറെ ഭാഗമായി വയനാട്ടിലും വിപുലമായി റംബുട്ടാൻ കൃഷി ചെയുന്നുണ്ട്.
അർക്ക കൂർഗ് അരുൺ (ചുവപ്പ്), അർക്ക കൂർഗ് പീതാഭ് (മഞ്ഞ), എൻ -18, ഇ-35 എന്നിവ പ്രധാന ഇനങ്ങളാണ്.
4.മാങ്കോസ്റ്റീൻ(mangosteen) - ക്ലൂസിയസിയെ (Clusiaceae) കുടുംബത്തിൽപ്പെട്ട 'ഗാർസീനിയാ മാങ്കോസ്റ്റാനാ' (Garcinia mangostana)എന്ന ശാസ്ത്രനാമമുള്ള മാങ്കോസ്റ്റീൻറെ ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയാണ്. ചുവപ്പും പർപ്പിളും കലർന്ന നിറമുള്ള തോടിനുള്ളിൽ മധുരമുള്ള ചാറുനിറഞ്ഞ, പഴുത്ത കായ്ക ളിൽ ചെറിയ തോതിൽ നാരും ഉണ്ട്. ഇവയ്ക്കുള്ളിൽ വെളുത്ത നിറമുള്ള നാലുമുതൽഎട്ടുവരെ അല്ലികളിൽ സാധാരണ ഒന്നോരണ്ടോ വിത്തുകളാണുണ്ടാവുക.
ആറു മുതൽ പത്തു മീറ്റർ വരെ അകലത്തിൽ 90 സെന്‍റിമീറ്റർ നീളവും, വീതിയും, ആഴവും ഉള്ള കുഴികളിൽ മാങ്കോസ്റ്റീൻ തൈകൾ നടാം. വിത്ത് മുളപ്പിച്ച തൈകൾ നട്ടാൽ കായ്ക്കാൻ 8 മുതൽ 15 വർഷം വരെ വേണ്ടി വരുമ്പോൾ, ഗ്രാഫ്റ്റുകൾ ആറു വർഷത്തിനുള്ളിൽ കായ്ക്കും. തണലും ഈർപ്പവുമുള്ള മണ്ണ് ഇഷ്ടപ്പെടുന്ന മാങ്കോസ്റ്റീൻറെ വേരുകൾ ആഴത്തിൽ വളരുന്നവയല്ല.
ജൂലായ് മുതൽ ഒക്ടോബർ വരെയാണ് പ്രധാന വിളവെടുപ്പുകാലം. ഏപ്രിൽ മുതൽ ജൂൺ വരെയാണ് രണ്ടാമത്തെ സീസൺ. കായ്ച്ചു തുടങ്ങിയ ഒരു മരത്തിൽ നിന്ന് 200 മുതൽ 300 കായ്കൾവരെ ലഭിക്കും. ഒരു കിലോ മാങ്കോസ്റ്റീന് 300 രൂപ മുതൽ വിലയുണ്ട്.
ജീവകം ബി, സി, പൊട്ടാസിയം എന്നിവയാൽ സമൃദ്ധമായ ഇവ അർബുദരോഗ ചികിത്സയിൽ പ്രയോജനപ്രദമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാങ്കോസ്റ്റീൻ ഉത്തമമാണ്.
5.ലിച്ചി(Lychee)- സാപ്പിൻറെസിയെ(Sapindaceae) കുടുംബത്തിൽപ്പെട്ട ലിച്ചിയുടെ ശാസ്ത്രനാമം 'ലിച്ചി ചൈനൻസിസ്'(Litchi chinensis) എന്നതാണ്. മിതശീതോഷ്ണമേഖലകൾക്കു യോജിച്ച ലിച്ചിയുടെ ജന്മദേശം ചൈനയാണ്. ഇടുക്കി, വയനാട് തുടങ്ങിയ മലമ്പ്രദേശങ്ങളിൽ ലിച്ചി കായ്ക്കുന്നു. കായുടെ തൊലിപ്പുറം പരുപരുത്തതും പിങ്ക് കലർന്ന ചുവപ്പു നിറമുള്ളതും ഉൾഭാഗം വെളുത്തു സ്വാദിഷ്ടമായതുമാണ്. ലിച്ചിയിൽ മൂന്ന് ഉപവിഭാഗങ്ങൾ ഉണ്ട്- ചൈനൻസിസ്, ഫിലിപ്പിനെന്‍സിസ്, ജാവൻസിസ്. ഇവയിൽ വാണിജ്യപരമായി വളർത്തുന്നതു 'ചൈനൻസിസ്' ആണ്. കേരളത്തിൽ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയാണ് പൂക്കാലം. വിളവെടുക്കുന്നത് നവംബർ - ഡിസംബർ മാസങ്ങളിലാണ്. എന്നാൽ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ മെയ് മുതൽ ജൂലൈ വരെയാണ് വിളവെടുപ്പുകാലം.
ലിച്ചി മരങ്ങൾ ഒന്നിടവിട്ട വർഷങ്ങളിലാണ് മിക്കപ്പോഴും നന്നായി കായ്കുന്നത്. ഷാഹി, ചൈന, റോസ് സെൻറ്റഡ്, ഏർലി സീഡ്‌ലെസ്സ്, ഡെറാ ഡൂൺ, എലൈച്ചി, സ്വർണരൂപ, ബേഡാന, ഗുലാബി എന്നിങ്ങനെ അനേകം ഇനങ്ങൾ ഉണ്ട്. കൂർഗിൽ നടത്തിയ പഠനങ്ങൾവഴി ഷാഹി, സ്വർണരൂപ എന്നീ ഇനങ്ങൾക്കു ഗുണമേന്മയും ഉത്പാദനവും കുടുതലുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
വിത്ത് നട്ടുണ്ടാകുന്ന മരങ്ങൾ കായ്ക്കാൻ 15 വർഷം വരെ വേണ്ടി വന്നേക്കാം. പതിവയ്ക്കൽ, ഗ്രാഫ്റ്റിംഗ് തുടങ്ങിയ രീതികൾ അവലംബിച്ചാൽ 2 മുതൽ 5 വർഷം കൊണ്ട് കായ് പിടിക്കും. ഒരു മീറ്റർ നീളവും, വീതിയും, ആഴവും ഉള്ള കുഴികൾ 8 മുതൽ 10 മീറ്റർ അകലത്തിലെടുത്താണ് ഒട്ടുതൈകൾ നടേണ്ടത്. കൊമ്പുകോതൽ കൃത്യമായി നടത്തേണ്ടതാണ്. അഞ്ചു വർഷം പ്രായമായ മരത്തിൽനിന്ന് 500 പഴം വരെ ലഭിക്കും. ഒരു കിലോയ്ക്ക് കുറഞ്ഞത് 120 രൂപ വിലയുണ്ട്. ജീവകം സി- യാൽ സമൃദ്ധമായ ലിച്ചി, ഡയബറ്റീസ്, പൊണ്ണത്തടി, അർബുദം, ഗ്രന്ഥിവീക്കം, ആമാശയത്തിലെ അൾസർ തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നതിന് പരിമിതമായ അളവിൽ ഉപയോഗിക്കുന്നുണ്ട്.
ഭാവിയിൽ പ്രതീക്ഷയ്ക്കു വകയുള്ള മറ്റു ഫലവർഗ വിളകളാണ് പാഷൻഫ്രൂട്ട്, പുലാസാൻ, ഡ്രാഗൺഫ്രൂട്ട് തുടങ്ങിയവ. ഇത്തരം ഫലങ്ങളെ മുഖ്യധാരയിൽ എത്തിച്ചു അവയുടെ കൃഷി വ്യാപിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. തൊഴിൽ സുരക്ഷയോടൊപ്പം, ഭക്ഷ്യ സുരക്ഷയും പോഷക സുരക്ഷയും ഉറപ്പു വരുത്താൻ ഇത് സഹായകമാകും. കേരള സർക്കാർ തുടക്കമിട്ട 'ഫ്രൂട്ട് വില്ലേജ്'(Fruit village) പോലുള്ള ഉദ്യമങ്ങൾ ഫല വർഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക് പ്രചോദനമാകട്ടെ. ഇതുമൂലം കേരളത്തിന് വരും കാലങ്ങളിൽ പഴങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടാനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. കൂടാതെ അടുക്കളത്തോട്ടങ്ങളുടെ ഭാഗമായി ഇത്തരം ഫലസസ്യങ്ങൾ ഉൾപ്പെടുത്തിയാൽ കോവിഡ്-19 കാലം പോലുള്ള ലോക്ക് ഡൗൺ കാലങ്ങളിൽ നമുക്ക് വീട്ടിൽ സുരക്ഷിതരായി ഇരുന്നുകൊണ്ട് ഇവയുടെ ഫലങ്ങൾ ഭക്ഷിക്കുകയും അയൽക്കാരുമായി പങ്കുവയ്ക്കുകയുമാവാം.