കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് പേര. ഉഷ്‌ണപ്പമേഖല പ്രദേശത്താണ് പേരമരം കൃഷി ചെയ്യാൻ അനുയോജ്യം.
നന്നായി വളം ചെയ്യുകയും, വേനൽ കാലത്ത് നനയ്ക്കുകയും നല്ല സൂര്യപ്രകാശം ലഭിക്കുകയും ചെയ്താൽ വിളവ് പതിന്മടങ്ങു വർദ്ധിക്കും.
മിതമായ രീതിയിൽ മഴ ലഭിക്കുന്ന സ്ഥലത്താണ് പേരയ്ക്ക നന്നായി വളരുന്നത്, എന്നാൽ മഴ കൂടുതൽ ലഭിക്കുന്ന സ്ഥലങ്ങളിലെ പേരയ്ക്കയ്ക്ക് രുചിയും മണവും കുറയും. എല്ലാ മണ്ണിലും, നന്നായി വളരുന്ന പേരയ്ക്ക വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ നീർവാഴ്ച്ചയുള്ള മണൽ കലർന്ന പശിമയുള്ള മണ്ണാണ് നല്ലത്.
ജൂൺ - ജൂലൈ മാസങ്ങളാണ് തൈകൾ നടുന്നതിന് മികച്ച സമയം. തോട്ടമായിട്ടാണ് പേര കൃഷി ചെയ്യുന്നതെങ്കിൽ തനിവിളയായും, ഇടവിളയായും പരീക്ഷിക്കാവുന്നതാണ്. വിത്തുമൂലം തൈകൾ ഉണ്ടാക്കാം.
തൈകൾ മാതൃസസ്യത്തിൻറെ അതെ ഗുണങ്ങൾ നിലനിർത്തില്ല എന്നതുകൊണ്ട് വായുവിൽ പതിവെക്കുന്ന രീതിയാണ് (air layering) സാധാരണ ചെയ്‌തു വരുന്നത്. പതിവെക്കൽ വഴിയാണ് മികച്ചയിനങ്ങൾ ഉണ്ടാക്കുന്നത്. ഇതിലൂടെ മൂന്നാഴ്ച കൊണ്ട് തൈകൾ ഉണ്ടാക്കുവാൻ കഴിയും.
നടീൽ രീതികൾ
6 മീറ്റർ അകലത്തിൽ ഒരു മീറ്റർ ആഴവും വീതിയും നീളവുമുള്ള കുഴികൾ എടുത്ത് ചാണകവും മേൽമണ്ണും മണലും ചേർത്ത മിശ്രിതം കൊണ്ട് കുഴി നിറയ്ക്കുക. ഈ കുഴികളിൽ വേണം ചെടികൾ നടാൻ.
നട്ട ശേഷം പുത വെയ്ക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ താങ്ങു കൊടുക്കണം. വേനൽക്കാലമാണെങ്കിൽ നന്നായി നനച്ചുകൊടുക്കണം.
വളപ്രയോഗം
കായ്ച്ചു തുടങ്ങിയ ഒരു പേരയ്ക്ക് ഒരു വർഷം ഏകദേശം 80kg കാലിവളം, 434gm യൂറിയ 444gm മസ്സുരിഫോസ്, 434gm പൊട്ടാഷ് എന്നിവ വേണം. ഇത് രണ്ടുമൂന്നു തവണയായി മണ്ണിൽ ഈർപ്പമുള്ളപ്പോൾ ചേർത്തുകൊടുക്കണം.
തൈകൾ നട്ട് നാലു വർഷത്തിനുള്ളിൽ കായ്‌കൾ ലഭിച്ചുതുടങ്ങും. ഫെബ്രവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാണ് പുഷ്‌പിക്കുന്നത്. വേനൽക്കാലങ്ങളിൽ നന്നായി നനച്ചുകൊടുക്കണം.