പേരും രൂപവും കണ്ടാൽ ഞെട്ടും. നാരങ്ങയാണോ എന്ന് തോന്നിപ്പിക്കുന്ന വ്യത്യസ്തമായ ബുദ്ധന്റെ കൈ നാരങ്ങയെ കുറിച്ച് കേട്ടിട്ടുണ്ടോ? സാധാരണ നമ്മൾ കാണുന്ന നാരങ്ങ പോലെ വട്ടത്തിലുള്ളതല്ല ഈ നാരങ്ങ. ഇതിന് കൈവിരലിന്റെ രൂപമാണുള്ളത്. ഇംഗ്ലീഷിലും ഇതിന്റെ പേര് ബുദ്ധന്റെ വിരല്‍ എന്ന് അർഥം വരുന്ന രീതിയിൽ Buddha’s Finger എന്നാണ്.
വടക്ക് കിഴക്കേ ഇന്ത്യയിലും ചൈനയിലുമാണ് ഈ ഇനം നാരങ്ങ കാണപ്പെടുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരുന്ന ഈ നാരങ്ങ എന്നാൽ വേനൽക്കാലത്ത് നടുന്നത് അത്ര അനുയോജ്യമല്ല. എങ്കിലും, ഇതൊരു നിത്യഹരിത മരമാണ്. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ഇതിന്റെ ചെടി വളരും. നാരകത്തിലുള്ളത് പോലെ മുള്ളുകളുണ്ട്. സുഗന്ധമുള്ള പൂക്കളാണ് ബുദ്ധന്റെ കൈ നാരങ്ങയ്ക്കുള്ളത്.
നീര്‍വാര്‍ച്ചയും നല്ല അമ്ല അംശമുള്ളതുമായ മണ്ണാണ് സിട്രസ് കുടുംബത്തിൽ പെട്ട ഈ നാരങ്ങയ്ക്ക് മികച്ചത്. വിത്തുപയോഗിച്ചും കട്ടിങ്ങിലൂടെയുമൊക്കെ ഇത് വളര്‍ത്തിയെടുക്കാവുന്നതാണ്. വളരെ ശ്രദ്ധ നൽകി നാരകത്തിന്റെ തൈ നടുക. നടീലിൽ കാര്യമായ ശ്രദ്ധ നൽകിയാൽ പരിപാലനം അനായാസമാണ്. കാലാവസ്ഥയും അനുകൂലമായാൽ നിറയെ കായ്ക്കുന്ന കുറ്റിച്ചെടി കൂടിയാണിത്. ഇതിന്റെ നാരങ്ങയ്ക്ക് കട്ടിയുള്ള തൊലിയാണുള്ളത്.
ബന്ധപ്പെട്ട വാർത്തകൾ: അച്ചാറിനും പാനീയത്തിനും മാത്രമല്ല, ഫ്രിഡ്ജിലെ ദുർഗന്ധത്തിനും നഖത്തിന് നിറത്തിനും ഈ ഇത്തിരിക്കുഞ്ഞൻ മതി
എപ്പോഴും വെള്ളം ഒഴിച്ചുകൊടുക്കേണ്ടതില്ല. എന്നാൽ വേനൽക്കാലത്ത് മണ്ണ് വരണ്ട് പോകാതിരിക്കാൻ ജലസേചനം നടത്തുക. ഇവ ചെടിച്ചട്ടികളിലും വളർത്താവുന്നതാണ്. എന്നാൽ ഇൻഡോർ പ്ലാന്റായി വളർത്താൻ സാധിക്കില്ല.
ബുദ്ധന്റെ കൈ നാരങ്ങയുടെ പ്രത്യേകതകൾ
ആകൃതിയിലെ സവിശേഷത കാരണം ബുദ്ധന്റെ കൈ നാരങ്ങ മതപരമായ ചടങ്ങുകളിൽ
ഉപയോഗിച്ചുവരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ചൈനയിൽ ബുദ്ധന്റെ കൈ നാരങ്ങ വിവിധ രോഗങ്ങൾ ചികിത്സിക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ, സുഗന്ധദ്രവ്യങ്ങൾ നിർമിക്കുന്നതിനും അലങ്കാര ഫലമായുമൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്.
നീര് ഇല്ലാത്തതും കുരു ഇല്ലാത്തതുമായ ബുദ്ധന്റെ കൈ നാരങ്ങ സാധാരണ നാരങ്ങയിലുള്ളത് പോലെ കയ്പ് രുചിയുള്ളതാണ്. ഇതിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റമിൻ സി, കാൽസ്യം, ഫൈബർ തുടങ്ങിയ ധാതുക്കളും ഇതിൽ ധാരാളമുണ്ട്. ഇതിലുള്ള കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, പഞ്ചസാര എന്നിവ ശരീരത്തിന് ഗുണം ചെയ്യും.
വർഷങ്ങളായി വേദനസംഹാരിയായും ഇത് ഉപയോഗിക്കുന്നു. ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഘടകവും ഇവയിലുണ്ട്. കൂടാതെ, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബുദ്ധന്റെ കൈ നാരങ്ങ മികച്ചതാണ്.
ശ്വാസനാളത്തിൽ നിന്ന് ചുമയും കഫവും നീക്കം ചെയ്യാനും ശ്വസനം സുഗമമാക്കുന്നതിനും ഇത് സഹായകരമാണ്. ഒരു പരിധിവരെ ആസ്ത്മയെ ചികിത്സിക്കാനും ഈ സവിശേഷമായ നാരങ്ങ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനും കോശങ്ങളെ മുറിവുകളിൽ നിന്നും പ്രതിരോധിക്കുന്നതിനും ബുദ്ധന്റെ കൈ നാരങ്ങ ഗുണം ചെയ്യും.