Features

ചെറുതായി തുടങ്ങാം, അത് നിങ്ങളെ ഒരുപാട് ദൂരത്തെത്തിക്കും; കൃഷി അനുഭവങ്ങൾ പങ്കുവച്ച് വിനോദ് വേണുഗോപാൽ

vinod
വിനോദ് വേണുഗോപാൽ

പറമ്പിൽ കായ്ച്ചു നിൽക്കുന്ന കശുമാവിനും തെങ്ങിനും കമുങ്ങിനുമിടയിലൂടെ അതിരാവിലെ ഒരു നടത്തം. അവയെ തൊട്ടും തലോടിയും ഒരു ദിവസം തുടങ്ങുമ്പോഴുള്ള അനുഭവം ഒരുപക്ഷേ റബ്ബറിന് തരാനാകുമെന്ന് തോന്നുന്നില്ല. റബ്ബർ നല്ല ആദായമുള്ള വ്യവസായമാണ്. എന്നാൽ ബോട്ടണി ബിരുധദാരി കൂടിയായ തിരുവനന്തപുരം കിളിപ്പാലം സ്വദേശി വിനോദ് വേണുഗോപാലിന്‍റെ മനസ് നിറയ്ക്കുന്നത് കൃഷിയാണ്.

സ്ഥിരവരുമാനമുള്ള മാനേജർ ജോലിക്കൊപ്പം കൃഷിയും കാര്യമായി നോക്കി നടത്തി മാതൃകയാവുന്ന കർഷകൻ തന്‍റെ ഒന്നര ഏക്കറിലെ റബ്ബർ മുറിച്ചുമാറ്റി മരച്ചീനി കൃഷി ചെയ്ത് അത് തെളിയിച്ചതാണ്.

തന്നെപ്പോലെ കൃഷി അഭിനിവേശമുള്ള രണ്ട് പേരെ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ കണ്ടെത്തി, മൂവരും എട്ട് മാസം കൊണ്ട് വിളവെടുത്തത് 11,500 കിലോയിലധികം മരച്ചീനിയാണ്. കുരങ്ങ് ശല്യം രൂക്ഷമായുള്ള മൂക്കുന്നിമലയിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചായിരുന്നു വിനോദിന്‍റെ കൃഷി.

കൃഷിയ്ക്കാവശ്യമുള്ള വെള്ളത്തിനായി കിണർ കുഴിച്ചു, രണ്ട് തൊഴിലാളികളെയും സഹായത്തിന് കൂടെ കൂട്ടി, മരച്ചീനിയുടെ റെക്കോഡ് വിളവെടുപ്പിന് ഒരു വർഷത്തിന് ശേഷം ഇന്ന് അദ്ദേഹത്തിന്‍റെ തോട്ടത്തിൽ എത്തിയാൽ ഫലവൃക്ഷങ്ങളും നാണ്യവിളകളും പച്ചക്കറികളുമായി 18ഓളം വ്യത്യസ്ത വിളകൾ കാണാം.

തെങ്ങ്, വാഴ, കശുമാവ്, മുരിങ്ങ, ചേന, കുരുമുളക്, ഇഞ്ചി, ശീമപ്ലാവ് മഞ്ഞൾ, മരച്ചീനി, കാച്ചിൽ, അഗസ്തി, കറിവേപ്പില, ചതുരപ്പയർ, മുളക് തുടങ്ങി പലതരം വിളകളാണ് മൂക്കുന്നിമലയിലെ ഒന്നര ഏക്കറിലുള്ളത്. കുരുവില്ലാത്ത നാരങ്ങ എന്ന അപൂർവ്വ ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

റബ്ബർ വെട്ടിമാറ്റി, ജൈവകൃഷിയിലെത്തിയ സാഹസികതയുടെയും പരീക്ഷണങ്ങളുടെയും വഴിയിലെ അനുഭവങ്ങളും അവസരങ്ങളും പ്രതിസന്ധികളുമെല്ലാം വിനോദ് വേണുഗോപാൽ കൃഷി ജാഗരണുമായി പങ്കുവച്ചു.

'പപ്പായയിൽ തുടങ്ങാമെന്നായിരുന്നു ആലോചിച്ചത്. എന്നാൽ, ക്വാറി മേഖലയായ മൂക്കുന്നിമലയിലെ കുരങ്ങുശല്യം പപ്പായയുടെ ഇല പോലും ബാക്കി വച്ചേക്കില്ലെന്ന് മനസിലാക്കി. അങ്ങനെയാണ് മണ്ണിനടിയിൽ വളരുന്ന വിളകൾ തെരഞ്ഞടുത്തത്. കപ്പ, കാച്ചിൽ, ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിളകൾ അനുയോജ്യമാണെന്ന് തോന്നി. കുരങ്ങ് ചേനയുടെ ഇല നശിപ്പിക്കുമെങ്കിലും വിളവിന് കാര്യമായ പ്രശ്നം വരില്ല.

മരച്ചീനിയ്ക്കൊപ്പം തെങ്ങ്, കശുമാവ്, കമുക് പോലുള്ള ദീർഘ കാലവിളകളും നട്ടു. ഇത് വളർന്നു വരുന്ന കാലയളവിൽ പെട്ടെന്ന് വിളവെടുക്കാൻ പറ്റുന്ന ഹ്രസ്വകാല വിളകളെയും ഉൾപ്പെടുത്തി സമ്മിശ്ര കൃഷി തുടങ്ങി.'

കുരുവില്ലാത്ത നാരങ്ങ

മലേഷ്യൻ സിട്രിക് ലെമൺ എന്ന ഇനം കുരുവില്ലാത്ത നാരങ്ങയാണ് വിനോദ് വേണുഗോപാലിന്റെ കൃഷിയിലെ പുതിയ പരീക്ഷണം. നട്ട് ഒരു വർഷമായപ്പോൾ അവ കായ്ച്ചുതുടങ്ങി.

വിപണിയിൽ രണ്ട് കിലോയ്ക്ക് ഏകദേശം 50 രൂപ കിട്ടുന്ന seedless lemonന്റെ തൈകൾ അദ്ദേഹം തൊടുപുഴയിൽ നിന്നാണ് എത്തിച്ചത്. ഗ്രാഫ്റ്റിങ്ങിലൂടെയാണ് തൈകൾ ഉൽപാദിപ്പിക്കുന്നത്.

‘തിരുവനന്തപുരത്ത് അധികമാരും കൃഷി ചെയ്യാത്ത ഇനമാണിത്. തൊടുപുഴയിൽ നിന്ന് ഇതിന്റെ 30 തൈകൾ വാങ്ങി. ചെടി വലിയ പൊക്കമെത്തുന്നതിന് മുൻപ് തന്നെ കായ്ക്കും.  ഇപ്പോൾ പറമ്പിൽ 25 ചെടികളുണ്ട്. ഇവ രണ്ടടി പൊക്കത്തിൽ വളർന്നു. കുരങ്ങ് ശല്യം ഈ നാരകത്തിന് ബാധകമല്ല. കൂടാതെ, ജ്യൂസിന് പറ്റിയ ഗുണങ്ങൾ മലേഷ്യൻ സിട്രിക് ഇനത്തിലുണ്ട്. ഇവ വലിപ്പത്തിലും താരതമ്യേന വലുതാണ്.

vinod
വിനോദ് കൃഷിയിടത്തിൽ

കഴിഞ്ഞ മഴക്കാലത്തിന് മുൻപാണ് നാരകം നട്ടത്. ഇവിടെ പണിയെടുക്കുന്നയാളുടെ വീട്ടിലെ കാലിത്തൊഴുത്തിൽ നിന്നുള്ള ചാണകമാണ് വളമായി ഉപയോഗിക്കുന്നത്. മണ്ണിര കമ്പോസ്റ്റിൽ നിന്നും മറ്റുമുള്ള ജൈവ വളങ്ങളും നൽകാറുണ്ട്.

യാതൊരു വിധ കീടനാശിനികളും തളിയ്ക്കാറില്ല. ചിത്രശലഭങ്ങൾ ചെടികളിൽ വന്ന് മുട്ടയിടുന്നു, ഇലകളെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, അവയെ തുരത്താൻ ഒന്നും പ്രയോഗിക്കാറില്ല. ഇവിടെ ഞാൻ ഒരു റിസ്ക് എടുക്കുകയാണ്. അവർ വളരട്ടെ. അത് പരാഗണത്തിനും മറ്റും നമുക്കും ഉപകരിക്കും.’

ഓരോ വിള തെരഞ്ഞെടുക്കുമ്പോഴും അവയുടെ വിൽപന സാധ്യതകൾ കൂടി പരിഗണിക്കണമെന്നാണ് വിനോദ് വേണുഗോപാൽ പറയുന്നത്. അതായത്, വിപണിയിൽ അവ വിൽക്കാൻ സാധിക്കാതെ വന്നാൽ മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെയോ മറ്റോ ആദായമുണ്ടാക്കാം.

ചേന, ഇഞ്ചി പോലുള്ള വിളകൾ അടുത്ത സീസണിലേക്ക് നടുന്നതിനായി മാറ്റി വച്ചാൽ നഷ്ടം വരില്ല. മുരിങ്ങയിലപ്പൊടി കൊണ്ടുള്ള ചായയും, കറിവേപ്പില പൊടിച്ച് ദോശയിൽ ചേർക്കുന്നതുമെല്ലാം ഇന്ന് വലിയ പ്രചാരമുള്ളവയാണ്. അതിനാൽ, ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ കൂടി ഇനി പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ.

നമ്മുടെ സർക്കാർ ഒരുപാട് കാര്യങ്ങൾ പറയുന്നു. എന്നാൽ, പ്രവൃത്തിയിൽ കാണുന്നില്ല…..

വിപണി കണ്ടെത്തുന്നതിന് സർക്കാരിൽ നിന്ന് കാര്യക്ഷമമായ പ്രവർത്തനങ്ങളൊന്നുമില്ലെന്ന് വിനോദ് വേണുഗോപാൽ പറയുന്നു.

‘ഈ വർഷമാദ്യം കൊടുങ്കാറ്റ് വന്നപ്പോൾ കൃഷിനാശം സംഭവിച്ചു. നാശനഷ്ടം നേരിട്ട കർഷകർ തങ്ങളുടെ വിളകളുടെ ഫോട്ടോ സഹിതം അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കേരള സർക്കാരിന്റെ എംയിംസ് എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, ഇതിൽ രജിസ്റ്റർ ചെയ്തെന്ന് എനിക്കോ, അപേക്ഷ ലഭിച്ചതായി അവർക്കോ യാതൊരു സ്ഥിരീകരണവുമില്ല.

പള്ളിച്ചൽ കൃഷിഭവൻ കുരുമുളക്, തെങ്ങ്, മുരിങ്ങ എന്നിവയുടെ തൈകൾ വിതരണം ചെയ്തും മറ്റും ഒരുപാട് സഹായങ്ങൾ തന്നു. എന്നാൽ കൃഷി നാശനഷ്ടങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ഇപ്പോഴും ഇവിടെയുള്ള സംവിധാനങ്ങൾ ഫലപ്രദമല്ല.

വിൽപ്പനയുടെ കാര്യം പറയുകയാണെങ്കിൽ, തിരുവനന്തപുരത്ത് വേൾഡ് മാർക്കറ്റ് ഉൽപ്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങിക്കുന്ന ഒരു സംവിധാനമുണ്ട്. അതിനായി കൃഷി ഓഫിസിൽ നിന്ന് ഫോം വാങ്ങി പൂരിപ്പിച്ച്, വേൾഡ് മാർക്കറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം.

ഇതിലൂടെ എന്റെ വിള ഒന്നുകിൽ നേരിട്ട് വിൽക്കാം. ഇല്ലെങ്കിൽ ശേഖരണകേന്ദ്രങ്ങളിൽ എത്തിക്കാം. എന്നാൽ, ഞാൻ അപേക്ഷ കൊടുത്തിട്ട് രണ്ട് മാസം കഴിഞ്ഞു. ഇതുവരെ ഒരു പ്രതികരണവും അവിടെ നിന്ന് ലഭിച്ചിട്ടില്ല.’

കേരള സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളും പരാജയമാണെന്ന് വിനോദ് വിവരിച്ചു. ‘ഇപ്പോൾ മഴ പെയ്ത് വീണ്ടും കൃഷിനാശം വന്നു. കപ്പ വിളവെടുക്കാനുള്ള സമയത്താണ് ഈ കാലവർഷക്കെടുതി. കൃഷി മന്ത്രിയ്ക്ക് ഒരു ഇ-മെയിൽ അയച്ചു. എന്നാൽ, അങ്ങനെ ഒരു മെയിൽ ഐഡി പ്രാവർത്തികമല്ല. കേരള സർക്കാരിന്റെ വെബ്സൈറ്റിൽ പോയി പരിശോധിച്ച്, വീണ്ടും അയച്ചപ്പോഴും മെയിൽ ഐഡി ശരിയാകുന്നില്ല.’ ഇത്തരത്തിൽ സംവിധാനത്തിലുള്ള പിഴവുകൾ പരിഹരിച്ച്, കർഷകന് അവന്റെ നഷ്ടങ്ങൾക്ക് സഹായമെത്തിച്ചില്ലെങ്കിൽ, പലരും കാർഷികരംഗത്ത് നിന്ന് പിന്മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘തന്റെ ഉൽപ്പന്നങ്ങൾക്ക് മാലിദ്വീപ് പോലുള്ള പല വിദേശരാജ്യങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. എന്നാൽ, ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നല്ല ജനസംഖ്യയുണ്ട്. ഉപഭോക്താക്കളും അധികമായുണ്ട്,’ വിദേശ വിപണികളെയും കയറ്റുമതിയേക്കാളുമുപരി തദ്ദേശീയ വിപണികളിലാണ് വിനോദിന് കൂടുതൽ താൽപര്യം.

ഇടനിലക്കാരില്ലാതെ നേരിട്ട് വീടുകളിലും വഴിയോരക്കച്ചവടക്കാർക്കുമൊക്കെ മരച്ചീനി വിറ്റ അനുഭവവും krishi jagran kerala ഫേസ്ബുക്ക് ലൈവിൽ വിനോദ് പങ്കുവച്ചു. പൊതുവിപണിയിൽ കിലോയ്ക്ക് 30 രൂപയുള്ളപ്പോൾ, തങ്ങൾ 25 രൂപയ്ക്ക് വിറ്റു. അവ ഡെലിവറി ചാർജ് ഈടാക്കാതെ വീടുകളിൽ എത്തിക്കുകയായിരുന്നു. അങ്ങനെ ഉൽപ്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമങ്ങളിലെ കൃഷി സംബന്ധമായ ഗ്രൂപ്പുകൾ ടിപ്സിനും കൃഷി അറിവുകൾക്കും മാത്രമല്ല, വിപണി കണ്ടെത്താനും സഹായിച്ചുവെന്നും മാറുന്ന കാലത്ത് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള കൃഷി കൂടുതൽ മെച്ചപ്പെട്ടതാണെന്നും വിനോദ് വേണുഗോപാൽ വ്യക്തമാക്കി.

‘ചെറുതായെങ്കിലും തുടങ്ങണം, അവിടെ നിന്നും ഒരുപാട് ദൂരം മുന്നേറാനാകും. ഇന്ന് മുതൽ ഈ സാധനങ്ങൾ ഞാൻ പുറത്ത് നിന്ന് വാങ്ങില്ല, അവ കൃഷി ചെയ്യുമെന്ന് ഉറപ്പിക്കുക. അങ്ങനെ ടെറസ്സിലോ പരിമിതമായ സ്ഥലത്തോ എവിടെയെങ്കിലും കൃഷി ചെയ്തുതുടങ്ങുക.’ അത് ഒരിക്കലും നഷ്ടമാവില്ലെന്നാണ് മണ്ണറിഞ്ഞ് വിളയെറിഞ്ഞ് വിജയിച്ച കർഷകന് കൃഷിയിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നവരോട് പറയാനുള്ളത്.


English Summary: Exclusive interview with Kerala farmer Vinod Venugopal

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds