ബേക്കറികളിൽ നിന്നും ലഭിക്കുന്ന ചെമന്ന ചെറിപ്പഴം ഉണ്ടാക്കുവാനുപയോഗിക്കുന്ന പഴമാണ് ബേക്കറിച്ചെറി അഥവാ കരോണ്ട . ഇവയുടെ വിത്തുകൾ മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. ശാസ്ത്രനാമം കരിസ്സ കരാൻഡസ്, കുടുംബം അപ്പോസൈനേസ്സീ .Bakery cherry or caronda is a fruit that is used to make cherries, which are obtained from bakeries. Seedlings are produced by germination of their seeds. Scientific name Carissa carandas, Family Apocynaceae
ഏതു തരം മണ്ണിലും ഇവ വളരും .ആഗസ്ത് മാസത്തിൽ നിന്നും വിത്ത് ശേഖരിച്ചു പാകുക. രണ്ടടി നീളം , രണ്ടടി വീതി , താഴ്ചയുള്ള കുഴികളെടുത്തു കമ്പോസ്റ്റും മണ്ണും നിറച്ചു അതിൽ തൈകൾ നടാം. 2 -3 വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങും. ചെടിയൊന്നിന് 4 -8 കിലോഗ്രാം വരെ കായ്കൾ ലഭിക്കും. വളപ്രയോഗമോ കീടനാശിനി പ്രയോഗമോ ഇല്ലെങ്കിലും ബേക്കറിച്ചെറി നന്നായി വളരും.
ബേക്കറികളിൽ കാണുന്ന ചെറിപ്പഴം നമുക്കും നിർമ്മിക്കാം.
നല്ല മൂപ്പെത്തിയ കായ്കളാണ് സംസ്കരണത്തിനായി തെരഞ്ഞെടുക്കേണ്ടത്. കത്തിയുപയോഗിച്ചു കായ്കൾ നെടുകെ കീറി അതിനുള്ളിലെ കുരു നീക്കണം.15 ഗ്രാം ചുണ്ണാമ്പു ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി അതിന്റെ തെളിയൂറ്റിയെടുക്കണം. ഒരു ലിറ്ററിന് 80 ഗ്രാം എന്ന തോതിൽ ലായനിയിൽ പൊടിയുപ്പ് ചേർക്കണം. ഈ ലായനിയിൽ കായ്കൾ 6-8 മണിക്കൂർ ഇട്ടു വയ്ക്കണം. കായ്കളിൽ അടങ്ങിയിട്ടുള്ള കറ ഇല്ലാതാവാൻ ഇത് സഹായിക്കും. ഈ ലായനിയിൽ ചെറിപ്പഴം അല്ലെങ്കിൽ കരോണ്ടപ്പഴം ഒരു വർഷം വരെ കേടുകൂടാതെയിരിക്കും. ഇതിൽ നിന്ന് ആവശ്യത്തിന് പഴങ്ങളെടുത്തു സംസ്കരിക്കാം.
സംസ്കരിക്കുന്ന വിധം
ചുണ്ണാമ്പുലായനിയിൽ നിന്നെടുത്ത പഴം മൂന്നു നാല് തവണ കഴുകണം. പിന്നീട് കിഴികെട്ടി തിളയ്ക്കുന്ന വെള്ളത്തിൽ 5 മിനിറ്റ് മുക്കിപ്പിടിക്കണം. പഴം നല്ലതുപോലെ മൃദുവാകാൻ ഇത് സഹായിക്കുന്നു. അര കിലോഗ്രാം പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു ഇതിൽ കായ്കളിട്ടു 1-2 മിനിറ്റ് തിളപ്പിക്കണം. ഇതിലേക്ക് എറിത്രോസിൻ റെഡ് എന്ന കളർ ചേർക്കണം. ഇത് ചെറികൾക്കു നല്ല ചുവപ്പ് നിറം കിട്ടാൻ സഹായിക്കും. വീണ്ടും തിളപ്പിച്ച ശേഷം അടുപ്പിൽ നിന്നും താഴെയിറക്കായി കായ്കൾ മാറ്റാം. പഴയ ലായനിയിൽ 100 ഗ്രാം പഞ്ചസാര കൂടി ചേർത്ത് തിളപ്പിച്ച് ഇതിലേക്ക് കായ്കൾ ഇടുക. 5-6 ദിവസം ഈ പ്രക്രിയ ആവർത്തിക്കണം.ഈ കായ്കൾ വെയിലത്ത് വച്ച് ഉണക്കണം. ഇങ്ങനെ തയ്യാറാക്കിയ ചെറികൾ കവറുകളിലാക്കി വിപണനം ചെയ്യാം. വീട്ടമ്മമാർക്ക് വളരെ കുറഞ്ഞ ചെലവിൽ വ്യാവസായികമായി ബേക്കറിച്ചെറിയുടെ ഉത്പാദനം നടത്തി പണം സമ്പാദിക്കാം. അതിനാൽ യാതൊരു പരിപാലനവുമില്ലാതെ നന്നായി വളരുന്ന ബേക്കറിച്ചെറി വാണിജ്യപരമായി നല്ല മൂല്യമുള്ള പഴമാണ്. .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വൈരപ്പുളി അഥവാ കാരംബോള