1. Fruits

വിരുന്നു വന്ന വിദേശിപ്പഴങ്ങള്‍

മാമ്പഴവും ചക്കയും വാഴപ്പഴവുമൊക്കെ കണ്ടു പരിചയിച്ച മലയാളികളുടെ തീന്‍ മേശയിലേക്ക് അടുത്തിടെ വിരുന്നു വന്ന വിദേശിപ്പഴങ്ങള്‍ ഏറെ. ഉഷ്ണമേഖലാകാലാവസ്ഥയുളള നാടുകളില്‍ നിന്നെത്തിയതാകയാല്‍ ഇവയൊക്കെ ഏറെക്കുറെ മലയാളമണ്ണിലും സാമാന്യം നന്നായി വളരുകയും വിളവ് തരികയും ചെയ്യും.

KJ Staff
foreign fruit

മാമ്പഴവും ചക്കയും വാഴപ്പഴവുമൊക്കെ കണ്ടു പരിചയിച്ച മലയാളികളുടെ തീന്‍ മേശയിലേക്ക് അടുത്തിടെ വിരുന്നു വന്ന വിദേശിപ്പഴങ്ങള്‍ ഏറെ. ഉഷ്ണമേഖലാകാലാവസ്ഥയുളള നാടുകളില്‍ നിന്നെത്തിയതാകയാല്‍ ഇവയൊക്കെ ഏറെക്കുറെ മലയാളമണ്ണിലും സാമാന്യം നന്നായി വളരുകയും വിളവ് തരികയും ചെയ്യും. വിരുന്നുകാരായെത്തിയെങ്കിലും സദ്ഗുണസമ്പന്നരായ ഇവരില്‍ പലരും മലയാളികളുടെ മനസ്സും മലയാളക്കരയിലെ മണ്ണും കീഴടക്കി ഇവിടെ വീട്ടുകാരായി മാറി എന്നതാണ് വാസ്തവം. ഇവയില്‍ ചിലത് സമതലങ്ങളിലും ഇനിയും ചിലത് തണുപ്പു നിറഞ്ഞ ഹൈറേഞ്ചുകളിലും സമൃദ്ധമായി വളരും. കേരളത്തിലെ അന്യൂനമായ കാലാവസ്ഥാവൈവിദ്ധ്യത്തില്‍ ഇത്തരം പഴവര്‍ഗങ്ങള്‍ ഏറിയും കുറഞ്ഞും വളരുന്നുണ്ട്. തികച്ചും അപരിചിതരായെത്തി മലയാളികളുടെ രസമുകുളങ്ങളെ കീഴടക്കിയ ഇവരില്‍ ചില പ്രമുഖരെ അടുത്തറിയാം. 

* റബ്ബറിനെ വെല്ലും റമ്പുട്ടാന്‍

മലേഷ്യയില്‍ നിന്ന് മലയാള മണ്ണിലെത്തിയ റമ്പുട്ടാന്‍ എന്ന മുളളന്‍ പഴം കേരളത്തില്‍ നന്നായി വളരും. നിത്യഹരിത വൃക്ഷമാണിത്. 'റമ്പുട്ട്' എന്നാല്‍ 'രോമാവൃതം' എന്നര്‍ത്ഥം. പുറംതോടില്‍ നിന്ന് മുളളുകള്‍ എഴുന്നു നില്‍ക്കുന്നതിനാലാണ് മുളളന്‍പഴം എന്നും പേര് കിട്ടിയത്. കേരളത്തില്‍ റമ്പുട്ടാന്‍ പഴം എത്തിയിട്ട് നാളേറെയായി. പത്തനംതിട്ട ജില്ലയില്‍ പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ ആറുകളുടെ തീരപ്രദേശത്തെല്ലാം ഇവ ധാരാളംവളരുന്നു. മാരാമണ്‍, കോഴഞ്ചേരി, അയിരൂര്‍, റാന്നി, കോന്നി, മല്ലപ്പളളി എന്നിവിടങ്ങളാണ് ഇവിടുത്തെ പ്രധാന റമ്പുട്ടാന്‍ കൃഷിയിടങ്ങള്‍. ആഭ്യന്തര വിപണിക്കു പുറമെ അയല്‍ നാടുകളിലും പഴത്തിന് വലിയ ഡിമാന്റാണിപ്പോള്‍. തെങ്കാശി, തിരുനെല്‍വേലി ഭാഗങ്ങളില്‍ നിന്നുളള കച്ചവടക്കാര്‍ ഇവിടെയെത്തി പഴം മൊത്തമായി വാങ്ങാനും തയാറാകുന്നു. ഒരു മരത്തില്‍ നിന്നു തന്നെ 5000 മുതല്‍ 10,000 രൂപ വരെയുളള റമ്പുട്ടാന്‍ പഴങ്ങള്‍ കിട്ടും. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളാണ് കേരളത്തില്‍ റമ്പുട്ടാന്‍ മരങ്ങളുടെ വിളവെടുപ്പുകാലം.

സ്വാദിഷ്ടവും പോഷകപ്രദവുമായ റമ്പുട്ടാന്റെ കൃഷി റബ്ബറിനേക്കാള്‍ ലാഭമാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ചെടി നട്ട് മൂന്നാം വര്‍ഷം മുതല്‍ കായ് പിടിക്കും. ശ്രദ്ധിച്ചു പരിചരിച്ചു വളര്‍ത്തിയാല്‍ നാലു വര്‍ഷം പ്രായമായ ഒരു റമ്പുട്ടാന്‍ മരത്തില്‍ നിന്ന് 7 കിലോയും അഞ്ചാം വര്‍ഷം 15 കിലോയും ഏഴാം വര്‍ഷം 45 കിലോയും പത്താം വര്‍ഷം 160 കിലോയും വിളവ് കിട്ടും. ഇത്തരം റമ്പുട്ടാന്‍ തോട്ടങ്ങള്‍  ഇന്ന് കേരളത്തിലുണ്ട്. 


Rambutan

ഇടക്കാലത്ത് റബ്ബറിന്റെ വിലയിടിവ് കര്‍ഷകരെ റമ്പുട്ടാനിലേക്ക് ആകര്‍ഷിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റബ്ബര്‍ തോട്ടങ്ങള്‍ റമ്പുട്ടാന്‍ കൃഷിയിടങ്ങളായി രൂപാന്തരം പ്രാപിച്ചു. ഒരു കിലോ പഴത്തിന് ഏറ്റവും കുറഞ്ഞ വിലയായ 60 രൂപ കണക്കാക്കിയാല്‍ പോലും ഒരു റമ്പുട്ടാന്‍ മരം നാലാം വര്‍ഷം 350 രൂപ ആദായം നല്‍കും. ഒരേക്കര്‍ സ്ഥലത്ത് പരമാവധി 140 മരം വരെ നടാം. നഗരപ്രദേശങ്ങളില്‍ 90 മുതല്‍ 250 രൂപ വരെ കിട്ടുമെങ്കില്‍ ഗള്‍ഫ് വിപണിയില്‍ മൂന്നിരട്ടി വിലയാണ് റമ്പുട്ടാന്‍ പഴത്തിന്. 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്താല്‍ റമ്പുട്ടാനില്‍ നിന്ന് പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ ആദായം കിട്ടും. 

റമ്പുട്ടാന്റെ മികച്ച ഒട്ടു തൈകള്‍ ഇന്ന് വാങ്ങാന്‍ കിട്ടും. പോഷകസമൃദ്ധമാണ് റമ്പുട്ടാന്‍. കൊളസ്‌ട്രോള്‍ ഒട്ടുമില്ല. മാംസ്യം, ജീവകങ്ങളായ എ, സി, തയമിന്‍, ധാതു ലവണങ്ങളായ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, നൈട്രജന്‍, സിങ്ക്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നിവയടങ്ങിയിട്ടുണ്ട്. 

*കെപ്പല്‍ - പെര്‍ഫ്യൂം ഫ്രൂട്ട്

അപൂര്‍വസസ്യജാലങ്ങളുടെ പറുദീസയായ ഇന്തൊനേഷ്യയില്‍ നിന്ന് കേരളത്തിലെത്തിയ വിസ്മയ ഫലസസ്യമാണ് കെപ്പല്‍ എന്ന പെര്‍ഫ്യൂം ഫ്രൂട്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ഇവയുടെ പഴങ്ങള്‍ കഴിച്ചാല്‍ മനുഷ്യശരീരത്തിലുണ്ടാകുന്ന വിയര്‍പ്പിന് ഹൃദ്യസുഗന്ധമാണ്. 25 മീറ്ററോളം ഉയരത്തില്‍ വളരുന്ന നിത്യഹരിതവൃക്ഷമാണിത്. ഇന്തൊനേഷ്യയില്‍ രാജകുടുംബാംഗങ്ങളുടെ ഇഷ്ടഫലമായിരുന്നു കെപ്പല്‍. രാജകൊട്ടാരത്തിന്റെ പരിസരത്തിലല്ലാതെ കെപ്പ മരം വളര്‍ത്തുന്നത് അക്കാലത്ത് നിയമ വിരുദ്ധമായിരുന്നു. രാജഭരണം അവസാനിച്ചതോടെയാണ് ഈ ഫലവൃക്ഷത്തിന് പ്രചാരം കിട്ടിയത്. 

കേരളം പോലെ ഉഷ്ണമേഖലാകാലാവസ്ഥയുളളിടത്തെല്ലാം ഇത് വളരും. മരത്തിന്റെ പ്രധാന തടിയില്‍ ഗോളാകൃതിയിലാണ് കായ്കള്‍ കൂട്ടമായി പിടിക്കുന്നത്. മധുരവും മാങ്ങയുടെ രുചിയുമാണിതിന്. പഴക്കാമ്പ് കഴിക്കാനുത്തമം. പുറം തൊലി മഞ്ഞ നിറമാകുന്നതോടെ പഴങ്ങള്‍ വിളവെടുക്കാം. പഴത്തില്‍ നിന്നെടുക്കുന്ന ചെറുവിത്തുകളാണ് നട്ടു വളര്‍ത്തുന്നത്. നല്ല വെയിലും നീര്‍വാര്‍ച്ചയുമുളളിടത്ത് വളര്‍ത്താം. ഇന്നിപ്പോള്‍ കേരളത്തിലും കെപ്പല്‍ പഴത്തിന്റെ തൈകള്‍ കിട്ടുന്നുണ്ട്. വില കൂടും എന്നു മാത്രം. 4000 മുതല്‍ 5000 രൂപ വരെയാണ് നഴ്‌സറികള്‍ ഒരു തൈക്ക് വില ഈടാക്കുന്നത്. 

.

kepel fruit

ആരോഗ്യത്തിനും പോഷകമേന്മ ലഭിക്കാനും പഴങ്ങള്‍ കഴിക്കുക സാധാരണമെങ്കിലും ശരീരത്തിന് സുഗന്ധം ലഭിക്കാന്‍ കഴിക്കുന്ന പഴം എന്ന നിലയ്ക്കാണ് പെര്‍ഫ്യൂ ഫ്രൂട്ട് വ്യത്യസ്തമാകുന്നത്. ശരീരത്തില്‍ നിന്നുളള എല്ലാ സ്രവങ്ങള്‍ക്കും ഇത് തുടര്‍ച്ചയായി 4-5 ദിവസം കഴിച്ചാല്‍ സുഗന്ധം ലഭിക്കുന്ന. ഉഛ്വാസവായു പോലും സുഗന്ധപൂരിതമാകും.

സുഗന്ധവാഹി മാത്രമല്ല ഇതിന്റെ അടിസ്ഥാന സ്വഭാവം. വൃക്കകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഇതിന്റെ പഴങ്ങള്‍ ഉത്തമമാണ്. ഇലകള്‍ കൊളസ്‌ട്രോള്‍ നിലവാരം കുറയ്ക്കാന്‍ ഉപകരിക്കും. ശരീരത്തിന്റെ നിര്‍ജ്ജലീകരണം തടയുന്നു. നിരോക്‌സീകാരക സമൃദ്ധമാകയാല്‍ കെപ്പല്‍ പഴം കഴിച്ചാല്‍ ഉന്മേഷം ഉറപ്പ്.

*ഡ്രാഗണ്‍ ഫ്രൂട്ട് -  പഴക്കൂടയിലെ വി.ഐ.പി

ഒരു കിലോയ്ക്ക്- 400-500 രൂപ വരെ വിലയുളള ഒരു വി.ഐ.പി പഴം ഇന്ന് നമ്മുടെ വിപണിയില്‍ സാര്‍വത്രികമായിരിക്കുന്നു. ഇതാണ് 'ഡ്രാഗണ്‍ ഫ്രൂട്ട്' എന്ന മധുരക്കളളി. 'പിത്തായ' എന്നും പേരുണ്ട്. നമുക്കേറ്റവും പരിചിതമായ കളളിച്ചെടികളുടെ കുടുംബത്തില്‍ നിന്നാണ് ഇതിന്റെ വരവ്. സവിശേഷമായ രൂപം പോലെ തന്നെ ഇതിന്റെ സ്വാദും വ്യത്യസ്ഥമാണ്. ഒപ്പം ഊര്‍ജ്ജദായകവും ജീവകങ്ങളുടെ സ്രോതസ്സും. പഴത്തിന്റെ പുറംഭാഗം വലിയ പച്ചചെതുമ്പലുകളാല്‍ മൂടിയിരിക്കും. സാധാരണഗതിയില്‍ പഴത്തിന്റെ നിറം കടും ചുവപ്പാണ്. അപൂര്‍വമായി മഞ്ഞയും പിങ്കും നിറത്തിലും പഴങ്ങളുണ്ട്. 

ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയില്‍ രാത്രിയിലാണ് പൂ വിരിയുക. അതിനാല്‍ ഇതിന് മൂണ്‍ ഫ്‌ളവര്‍, ക്വീന്‍ ഓഫ് ദി നൈറ്റ് എന്നും പേരുകളുണ്ട്. പഴത്തിന്റെ മധുരതരമായ ഉള്‍ക്കാമ്പിന് വെളളയോ ചുവപ്പോ നിറമാണ്. വിത്ത് ചെറുതും കറുപ്പു നിറവും.


dragon fruit

വളളി മുറിച്ചു നട്ടാണ് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി. 10-15 സെ.മീ. നീളത്തില്‍ കഷണം മുറിച്ച് ജൈവവളം ചേര്‍ത്ത് പരുവപ്പെടുത്തിയ തടത്തില്‍ 3-4 വീതം നടാം. ചെടി നട്ട് 18-24 മാസത്തിനുളളില്‍ പൂവിടും. പൂവിട്ട് 30-50 ദിവസത്തിനുളളില്‍ പഴം പാകമാകും. ഒരു വര്‍ഷം തന്നെ ചെടി 3-4 തവണ പൂവിടും. വിളയുന്നതിനനുസരിച്ച് ആഴ്ചയില്‍ രണ്ടു തവണയെങ്കിലും പഴങ്ങള്‍ വിളവെടുക്കാം. സുഷിരങ്ങളിട്ട സഞ്ചിയില്‍ 25-30 ദിവസം വരെ പഴങ്ങള്‍ കേടാകാതെ സൂക്ഷിക്കാം. 

ജീവകം-സി യുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാംസ്യം, കൊഴുപ്പ്, നാര്, കരോട്ടിന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം ബി-2, ജീവകം ബി-3, ജീവകം സി, റിബോഫ്‌ളേവിന്‍, നിയാസിന്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, മുറിവുകള്‍ വേഗം പൊറുക്കാന്‍ സഹായിക്കുക, ശരീരത്തിലെ 'ചീത്ത കൊളസ്‌ട്രോള്‍' തോത് കുറയ്ക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ സഹായിക്കുക, പ്രമേഹബാധിതര്‍ക്ക് ആശ്വാസമാകുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. കേരളത്തില്‍ ചിലയിടങ്ങളില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നവരുണ്ട്. 

* യൂറോപ്യന്‍ ലിച്ചി കേരളത്തില്‍ 

 അതിസുന്ദരമായി ഇലകള്‍ പടര്‍ത്തി വളരുന്ന ഫലവൃക്ഷം - അതാണ് ലിച്ചി. ചീനക്കാരുടെ പ്രിയ ഫലമാണിത്. ഇത് ഇന്ത്യയിലെത്തിയതും ചൈനയില്‍ നിന്നാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തണുത്ത സ്ഥലങ്ങളില്‍ വിപുലമായി ലിച്ചി വളര്‍ത്തുന്നുവെങ്കിലും കേരളത്തില്‍ ഇതിന്റെ കൃഷി പരിമിതമാണ്. വയനാട്, ഇടുക്കി ജില്ലകളില്‍ ഇത് വളര്‍ത്തുന്നവരുണ്ട്. വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ലിച്ചിമരങ്ങള്‍ ഉണ്ട്. 

നിത്യഹരിതവൃക്ഷമായ ലിച്ചി 15-20 മീറ്റര്‍ വരെ ഉയരും. നിറയെ പച്ചിലകളും ചുവന്ന കായ്കളും പിടിച്ചു വളരുന്ന ലിച്ചിമരം അലങ്കാരത്തിനും വളര്‍ത്തുക പതിവാണ്. വായുവില്‍ പതിവച്ചെടുക്കുന്ന ലെയറുകള്‍, ഗ്രാഫ്റ്റുകള്‍ എന്നിവ നട്ടാല്‍ 2 മുതല്‍ 5 വര്‍ഷം കൊണ്ട് കായ് പിടിക്കും. കിലോയ്ക്ക് 100 മുതല്‍ 300 രൂപ വരെ ലിച്ചിപ്പഴത്തിന് വിലയുണ്ട്. അഞ്ചു വര്‍ഷം പ്രായമായ ഒരു മരത്തില്‍ നിന്ന് നന്നായി പരിചരിച്ചു വളര്‍ത്തിയാല്‍ 500 ലിച്ചിപ്പഴം വരെ കിട്ടും. ഇരുപതു വര്‍ഷമാകുമ്പോള്‍ ഇത് 4000-5000 എന്ന തോതില്‍ വര്‍ദ്ധിക്കും. 


european litchi

വയനാട് ജില്ലയില്‍ ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ലിച്ചിയുടെ പൂക്കാലം. ആഗസ്റ്റില്‍ വിടരുന്ന പൂക്കള്‍ മൂന്നു മാസം കഴിയുമ്പോള്‍ പഴമാകും. നവംബര്‍- ഡിസംബര്‍ ആണ് വിളവെടുപ്പുകാലം. മരം കായ് കൊണ്ട് നിറഞ്ഞാല്‍ മരമാകെ വല കൊണ്ട് മൂടിയിടുന്ന പതിവുണ്ട്. വാവല്‍ തുടങ്ങിയ ജീവികള്‍ ലിച്ചിപ്പഴങ്ങള്‍ തിന്നുന്നതൊഴിവാക്കാനാണിത്. ഇലകളോ മറ്റോ കൊണ്ടു മറച്ച ചൂരല്‍ക്കൂടകളില്‍ ലിച്ചി വിളവെടുത്ത് സൂക്ഷിക്കാം. 

ലിച്ചിമരങ്ങള്‍ക്കടുത്ത് തേനീച്ചക്കൂട് വച്ചാല്‍ അതില്‍ ധാരാളം തേന്‍ കിട്ടും. ലിച്ചിത്തേനിന്റെ മധുരഗന്ധം ഒന്നു വേറെ തന്നെ. 

100 ഗ്രാം ലിച്ചിപ്പഴത്തിന്റെ കാര്‍ബോഹൈഡ്രേറ്റ് (16.5 ഗ്രാം), ഭക്ഷ്യയോഗ്യമായ നാര് (1.3 ഗ്രാം), കൊഴുപ്പ് (0.4 ഗ്രാം), മാംസ്യം (0.8ഗ്രാം), ജീവകം സി (72 മില്ലി ഗ്രാം), കാല്‍സ്യം (5 മില്ലി ഗ്രാം) മഗ്നീഷ്യം (10 മില്ലി ഗ്രാം), ഫോസ്ഫറസ് (31 മില്ലി ഗ്രാം) എന്നിവ അടങ്ങിയിരിക്കുന്നു. പരിമിതമായ അളവില്‍ ലിച്ചിപ്പഴം ചുമ, ഗ്രന്ഥിവീക്കം, അര്‍ബുദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഉപയോഗിക്കുന്നു.

* ലോംഗന്‍- ബബിള്‍ഗം ഗന്ധമുളള പഴം

'ലോംഗന്‍' എന്ന വാക്കിന് 'വ്യാളിയുടെ കണ്ണ്' (Dragon's eye) എന്നാണര്‍ത്ഥം. തൊലി കളഞ്ഞ ലോംഗന്‍ പഴം, വെളുത്ത് അര്‍ദ്ധസുതാര്യമായ മാംസളഭാഗവും അതിനുളളില്‍ കൃഷ്ണമണി പോലെ കാണപ്പെടുന്ന കുരുവും ചേര്‍ന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇതിന്റെ രൂപഘടന. അതിമധുരമുളള പഴമാണ് ലോംഗന്‍. ബബിള്‍ഗമ്മിന്റെ ഗന്ധമാണിതിന്.

മരം ആറേഴുമീര്‍ വരെ ഉയരത്തില്‍ വളരും. ശിഖരങ്ങളുടെ അഗ്രഭാഗത്താണ് ഇതില്‍ ഇളം മഞ്ഞ നിറത്തില്‍ പൂങ്കുലകള്‍ വിടരുക. കായ്കളും കുലകളായിത്തന്നെയാണുണ്ടാകുന്നത്. പഴുത്ത പഴത്തിന് ഏതാണ്ട് ലിച്ചിപ്പഴത്തോട് സമാനമായ സ്വാദാണ്. മണല്‍ കലര്‍ന്ന പശിമമണ്ണില്‍ വെളളക്കെട്ടില്ലാത്തിടത്ത് വളരാന്‍ ആണ് ഇതിന്ഷ്ടം. പതിവച്ചെടുക്കുന്ന തൈകള്‍ നന്ന്ായി പരിചരിച്ചു വളര്‍ത്തിയാല്‍ 2-3 വര്‍ഷം മതി കായ്ക്കാന്‍ അതിശൈത്യം ഇഷ്ടമല്ല. 

സൂപ്പുകള്‍, മധുരപലഹാരങ്ങള്‍ എന്നിവ തയാറാക്കാന്‍ ലോംഗന്‍ പഴം ഉപയോഗിക്കാം. കലോറി മൂല്യം വളരെ കുറഞ്ഞ ലോംഗന്‍ പഴം പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ് തുടങ്ങിയ ധാതുലവണങ്ങളുടെയും ജീവകങ്ങളായ സി, ബി എന്നിവയുടെയും സ്രോതസ്സാണ്. നിരോക്‌സീകാരക സ്വഭാവമുളള കൊറിലാജിന്‍, ഗാലിക് ആസിഡ്, എല്ലാജിക് ആസിഡ് തുടങ്ങി ശരീരസൗഖ്യം പകരുന്ന പോളിഫിനോളുകളും ഇതിലുണ്ട്.

ചര്‍മ്മാരോഗ്യം നിലനിര്‍ത്തുക, വാര്‍ദ്ധക്യത്തിന്റെ വരവ് മന്ദീഭവിപ്പിക്കുക, ക്ഷീണവും തളര്‍ച്ചയും അകറ്റുക, ആകാംക്ഷ ഒഴിവാക്കുക, ഉറക്കം നല്‍കുക, ദുര്‍മേദസ് കുറയ്ക്കുക, രക്തസ്സമ്മര്‍ദ്ദം നിയന്ത്രിക്കുക, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, ദഹനം മെച്ചപ്പെടുത്തുക, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുക, നേത്രരോഗ്യം സംരക്ഷിക്കുക തുടങ്ങി ലോംഗന്‍ പഴത്തിന്റെ ആരോഗ്യസിദ്ധികള്‍ എത്ര പറഞ്ഞാലും അധികമാകുകയില്ല.

*ജബോട്ടിക്കാബ - ബ്രസീലിയന്‍ മുന്തിരി



പ്രധാന തടിയിലും ശിഖരങ്ങളിലും നിറയെ കുലകളായി കറുത്ത നിറത്തില്‍ മുന്തിരി പോലെ പഴങ്ങള്‍ വളരുന്ന ഫലവൃക്ഷമാണ് ജബോട്ടിക്കാബ. പേരയുടെയും ജാമ്പയുടെയും ചാര്‍ച്ചക്കാരനായ ഇതിന് 'മരമുന്തിരി' എന്നും പേരുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരും. പഴത്തിന് പര്‍പ്പിള്‍ കലര്‍ന്ന കറുപ്പു നിറവും അകക്കാമ്പ് വെളളനിറവും. പഴം അതേ പടി കഴിക്കാം. ജെല്ലി, ജ്യൂസ്, വൈന്‍ തുടങ്ങിയ തയ്യാറാക്കാനും ഉത്തമം. ബ്രസീല്‍ സ്വദേശിയായ ജബോട്ടിക്കാബ സാവധാന വളര്‍ച്ചാസ്വഭാവമുളളതാണ്. 15 മീറ്ററോളം ഉയരത്തില്‍ വളരും. 

ഒട്ടു തൈകള്‍ നട്ടാല്‍ നന്നായി പരിചരിച്ചു വളര്‍ത്തിയാല്‍ മൂന്നു വര്‍ഷം മതി കായ് പിടിക്കാന്‍. തുടക്കത്തില്‍ പച്ചനിറത്തില്‍ വളര്‍ന്നു തുടങ്ങുന്ന ഫലങ്ങള്‍ പാകമാകുമ്പോള്‍ പര്‍പ്പിള്‍ ആയി മാറും. സാധാരണ വര്‍ഷത്തില്‍ രണ്ടു തവണ ജബോട്ടിക്കാബ പൂവിടും. 

 ഈ പഴത്തിലടങ്ങിയിരിക്കുന്ന 'ജബോത്തിക്കാബിന്‍' എന്ന പദാര്‍ത്ഥത്തില്‍ അര്‍ബുദചികിത്സയ്ക്കാവശ്യമായ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശ്വാസകോശരോഗങ്ങള്‍, അതിസാരം, തൊണ്ടവീക്കം, നീര്‍വീഴ്ച തുടങ്ങിയ രോഗാവസ്ഥകളെ ഭേദപ്പെടുത്താന്‍ ഈ പഴങ്ങള്‍ക്ക് കഴിയും. 

പോഷകസമൃദ്ധവുമാണ് ജബോട്ടിക്കാബ പഴം. ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ ധാതുലവണങ്ങളും, ബി-കോംപ്‌ളക്‌സ് ജീവകങ്ങളായ തയമിന്‍, നിയാസിന്‍, റിബോഫ്‌ളേവിന്‍, ജീവകം സി എന്നിവയും ലൈസിന്‍, ട്രിപ്‌റ്റോഫാന്‍ എന്നീ അമിനോ അമ്ലങ്ങളും  അടങ്ങിയിരിക്കുന്നു.





foreign fruits


* സ്‌നേക്ക് ഫ്രൂട്ട് - മെമ്മറി ഫ്രൂട്ട്


പൈനാപ്പിളിന്റെയും ചെറുനാരങ്ങയുടെയും രുചി സമ്മിശ്രമായി ഇടകലര്‍ന്ന പഴമാണ് സ്‌നേക്ക് ഫ്രൂട്ട്. ജാവയാണ് ഇതിന്റെ ജന്മദേശം. പഴത്തിന്റെ പുറംതോല്‍ പാമ്പിന്റെ തോലുപോലെയാണ് കാഴ്ചയ്ക്ക്. കളളിമുളളു പോലെ ചെറിയ മുളളുകളുണ്ട്. 'സലാക്ക്' എന്നും പേരുണ്ട്. മരത്തിന്റെ ചുവടോടുത്ത ഭാഗത്താണ്കായ്കള്‍ കുലകളായി പിടിക്കുക. മുളളുകള്‍ നിറഞ്ഞ കായ്കളായതിനാല്‍ വളരെ ശ്രദ്ധാപൂര്‍വം വേണം ഇതിന്റെ വിളവെടുപ്പ് നടത്താന്‍. 

ഉഷ്ണമേഖലാകാലാവസ്ഥയ്ക്കിണങ്ങിയതായതിനാല്‍ കേരളത്തില്‍ സ്‌നേക് ഫ്രൂട്ട് വളരും. വിത്ത് പാകി മുളപ്പിച്ച് വളര്ത്തുന്ന തൈകള്‍ 4-5 വര്‍ഷമാകുമ്പോഴേക്കും പുഷ്പിക്കും. മരം പരമാവധി 6 മീറ്ററോളം ഉയരത്തില്‍ വളരും. പുറംതൊലി ശ്രദ്ധാപൂര്‍വ്വം മാറ്റി ഉള്‍ഭാഗത്തെ കാമ്പ് പൊതിഞ്ഞിരിക്കുന്ന നേര്‍ത്ത പാടവും മാറ്റിയിട്ടു മാത്രമെ വിളഞ്ഞ സ്‌നേക്ക് ഫ്രൂട്ട് കഴിക്കാന്‍ പാടുളളൂ. ഇതുപയോഗിച്ച് പൈ, ജാം എന്നിവയും തയാറാക്കാം. ഇന്തൊനേഷ്യയില്‍ സ്‌നേക്ക് ഫ്രൂട്ടിന് മെമ്മറി ഫ്രൂട്ട് എന്നും പേരുണ്ട്. ഇതില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, പെറ്റിന്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാലാണിത്

English Summary: foreign fruits Rambutan Kepel

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds