മലയാളികള്‍ക്കിടയില്‍ മാങ്കോസ്റ്റീന്‍ എന്ന പേര് ഇത്രയധികം ജനകീയമാക്കിയത് വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ്. ഒരായിരം ബഷീര്‍ക്കഥകളിലൂടെ മാങ്കോസ്റ്റീനും നമുക്ക് ഏറെ പ്രിയപ്പെട്ടതായി മാറി.
എന്നാല്‍ പഴങ്ങളുടെ ഈ റാണിയുടെ സ്വദേശം ഇവിടെയൊന്നുമല്ല കേട്ടോ. മലേഷ്യയാണ് മാങ്കോസ്റ്റിന്റെ ജന്മദേശമായി പറയപ്പെടുന്നത്. കേരളത്തില്‍ തൃശ്ശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലും വയനാട്ടിലും ഏകദേശം നൂറുവര്‍ഷം പഴക്കമുള്ള മാങ്കോസ്റ്റിന്‍ മരങ്ങള്‍ ഇപ്പോഴും കായ്ഫലം നല്‍കുന്നുണ്ട്.
കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് ഏറെ യോജിച്ച പഴവര്‍ഗമാണ് മാങ്കോസ്റ്റിന്‍. നന്നായി വെളളം ലഭിക്കുന്ന സ്ഥലമാണ് ഇത് കൃഷി ചെയ്യാന്‍ നല്ലത്. തെങ്ങിന്‍ തോപ്പുകളിലും വീട്ടുവളപ്പിലുമെല്ലാം നട്ടുവളര്‍ത്താം. പടര്‍ന്ന് പന്തലിക്കുന്ന ചെടികള്‍ കുറഞ്ഞ വേഗത്തില്‍ മാത്രമെ വളരുകയുളളൂ. വേനല്‍മഴ നന്നായി പെയ്യുന്ന സമയത്തും ജൂണ്‍, ജൂലൈ മാസങ്ങളിലുമെല്ലാം മാങ്കോസ്റ്റീന്‍ തൈകള്‍ നടാവുന്നതാണ്. ഗുണമേന്മയുള്ള മാങ്കോസ്റ്റിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രായമുള്ളതും, ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം.
ഗുണമേന്മയുള്ള മാങ്കോസ്റ്റിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രായമുള്ളതും, ധാരാളം ഫലങ്ങള്‍ നല്‍കുന്നതുമായ മാതൃവൃക്ഷങ്ങളില്‍ നിന്ന് വിത്തുകള്‍ ശേഖരിക്കണം. ധാരാളം ഫലങ്ങള്‍ ഉണ്ടാവാന്‍ വിത്തു വഴി ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ വളര്‍ത്താറുണ്ടെങ്കിലും മികച്ച വിളവ് ലഭിക്കാന്‍ പ്രയാസമാണ്.
ധാതുലവണങ്ങളുടെയും വിറ്റാമിനുകളുടെയും മികച്ച സ്രോതസ്സാണ് മാങ്കോസ്റ്റിന്‍. കടുംവയലറ്റ് നിറത്തിലുളള ഇതിന്റെ വെളുത്ത മൃദുവായ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ജ്യൂസ്, വൈന്‍, ഐസ്‌ക്രീം എന്നിവയുടെ നിര്‍മ്മാണത്തിന് മാങ്കോസ്റ്റിന്‍ ഉപയോഗിക്കാറുണ്ട്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴവര്‍ഗം. പഴത്തൊലി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ചര്‍മരോഗങ്ങള്‍ക്കുളള പരിഹാരമായും ഉപയോഗിക്കാറുണ്ട്. മാങ്കോസ്റ്റിന്റെ ഇലകളിട്ട് ചായ തയ്യാറാക്കിയാല്‍ പനി കുറയും. മൂത്രാശയ സംബന്ധമായ തകരാറുകള്‍ക്ക് പരിഹാരം കാണാനും മാങ്കോസ്റ്റിന്‍ ഉത്തമമാണ്.