റെഡ് ലേഡിയുടെ വരവോടെയാണ് ഏറെക്കാലം അവഗണനയിലായിരുന്ന പപ്പായ വര്‍ഗത്തിന് വീണ്ടും പഴയ പ്രതാപം തിരിച്ചെടുക്കാനായത്. മറ്റുളളവയെ അപേക്ഷിച്ച് ഇതിന് രുചിയും അല്പം കൂടുതലാണ്. വേഗത്തില്‍ വളരുകയും തുടര്‍ച്ചയായി കായ്ക്കുകയും ചെയ്യുന്ന പപ്പായയാണ് റെഡ് ലേഡി.
നട്ടുകഴിഞ്ഞാല്‍ ഏഴുമാസത്തിനുളളില്‍ ഫലം പാകമാകുമെന്നതാണ് ഇതിനെ ഏറെ ആകര്‍ഷകമാക്കുന്നത്.
നവംബര്‍-ജനുവരി മാസങ്ങളാണ് റെഡ് ലേഡി പപ്പായ നടാന്‍ മികച്ച സമയം. മഴക്കാലമാകുമ്പോഴേക്കും തൈകള്‍ വളര്‍ന്നിരിക്കണം. നല്ല വെയില്‍ കിട്ടുന്ന സ്ഥലമായിരിക്കണം നടാനായി തെരഞ്ഞെടുക്കേണ്ടത്. വെളളം കെട്ടിനില്‍ക്കുന്നത് നല്ലതല്ല. മഴക്കാലത്ത് തൈകളുടെ ചുവട്ടില്‍ വെളളം കെട്ടിക്കിടന്നാല്‍ വേരുകള്‍ ചീഞ്ഞുപോകും.
നടുന്നതിന് മുമ്പായി മണ്ണ്, മണല്‍, ചാണകപ്പൊടി മിശ്രിതം കുഴിയില്‍ നിറയ്ക്കാം. വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കുന്നതും ഗുണകരമാണ്. മാസം തോറും ജൈവവളവും നല്‍കണം. വെളളം കൂടുതല്‍ ആവശ്യമുളള വിളയാണ് റെഡ് ലേഡി. അതിനാല്‍ തുടക്കം മുതല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ വേണം. വേനല്‍ക്കാലത്ത് തടത്തില്‍ പുതയിടുന്നതും നല്ലതാണ്.
ഏഴുമാസത്തിനുളളില്‍ വിളവെടുക്കാന്‍ സാധിക്കും. ഒരു ചെടിയില്‍ 30 പപ്പായയെങ്കിലും ഉണ്ടാകും. പഴുത്താലും ഒരാഴ്ചയോളം കേടുവരാതെ നില്‍ക്കും. ഓറഞ്ചുകലര്‍ന്ന ചുവപ്പ് നിറമാണ് ഈ പപ്പായയ്ക്ക്. ചെറുപ്രായത്തില്‍ കായ്ക്കുന്നതിനാല്‍ പറിച്ചെടുക്കാനും പ്രയാസമുണ്ടാകില്ല.
പൊക്കം കുറവുളള ഈ ഇനത്തിന്റെ വിളവെടുപ്പും കൈകൊണ്ട് നമുക്ക് നടത്താമെന്നതാണ് മറ്റൊരു വസ്തുത. അതുപോലെ ഇളം കായ്കള്‍ മറ്റു വിഭവങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുന്നു.
ജീവകങ്ങളുടെയും ധാതുക്കളുടെയും മുഖ്യ ഉറവിടമായ പപ്പായ ഉദരരോഗങ്ങള്‍ അകറ്റാന്‍ ഉത്തമമാണ്. രോഗപ്രതിരോധശേഷിയ്ക്കും മികച്ചതാണിവ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആവശ്യമായ 'ജീവകം എ' യുടെ കലവറയായ പപ്പായ മറ്റുധാതു ലവണങ്ങളാലും സമ്പുഷ്ടമാണ്. കേരളത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പല സ്ഥലങ്ങളിലും റെഡ് ലേഡി കൃഷി ചെയ്തുവരുന്നുണ്ട്.