മാങ്ങയുടെ കാലമായി. നമ്മുടെയെല്ലാം വീട്ടിൽ ഏതെങ്കിലും ഒരിനം മാവ് ഉണ്ടാകും. അതിൽ മാങ്ങായുണ്ടെങ്കിൽ നാം അത് ഒന്നുകിൽ കറിക്കുപയോഗിക്കും . അല്ലെങ്കിൽ മൂത്ത് പഴുത്തു കഴിക്കും. അതുമല്ലെങ്കിൽ കൂടുതലുണ്ടായാൽ ഉപ്പിലിടാനായോ ഒക്കെ ഉപയോഗിക്കാറുണ്ട്.
എന്തായാലും ഒരു വിധത്തിലും കളയേണ്ടതായ ഒന്നുമില്ല മാങ്ങയിൽ.പഴങ്ങളിൽ രാജാവാണ് മാങ്ങാ.കേരളത്തിന്റെ സ്വന്തം തേന്മാമ്പഴം, മൂവാണ്ടന്‍, നീലാണ്ടന്‍, കിളിച്ചുണ്ടന്‍ തുടങ്ങി ഭാരതത്തില്‍ ഏകദേശം 500-ലധികം വ്യത്യസ്ത നാട്ടുമാവിനങ്ങളുണ്ട്. മാന്‍ജിഫെറ ഇന്‍ഡിക്ക എന്ന ശാസ്ത്രീയനാമമാണ് മാവിനുള്ളത്. ആരുടേയും നാവില്‍ വെള്ളമൂറിക്കും മാങ്ങ. രുചിയിലും മധുരത്തിലും കേമനും.
നീളന്‍ ഇലകളും കൊച്ചു മാമ്പൂമൊട്ടുകളും ഓറഞ്ചുനിറത്തില്‍ സുഗന്ധവാഹികളായ മാമ്പൂക്കളും നമുക്ക് പരിചിതമാണ്.'മാങ്ങ'യെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ അച്ചാറുകളുടെയും കറിക്കൂട്ടങ്ങളുടെയും ഓര്‍മകള്‍ നിറയുകയും, നാവില്‍ വെള്ളമൂറുകയും ചെയ്യും.
സദ്യകളില്‍ തൊട്ടുകൂട്ടുവാനെടുക്കുന്ന മാങ്ങാ അച്ചാര്‍ മുതല്‍ മാങ്ങാക്കറികള്‍ നിരവധിയാണ്. കടുമാങ്ങാ അച്ചാര്‍, കണ്ണിമാങ്ങാ അച്ചാര്‍, ഉപ്പിലിട്ട മാങ്ങ, ഉപ്പിലിട്ട മാങ്ങാ അച്ചാര്‍-ചമ്മന്തി, പഴം മാങ്ങാ പുളിശ്ശേരി, മാങ്ങാക്കറി. മാങ്ങാപച്ചടി, മാങ്ങാപുളിശ്ശേരി, മാങ്ങാമോര് എവയെല്ലാം മാങ്ങകൊണ്ടുണ്ടാക്കുന്ന വ്യത്യസ്ത വിഭവങ്ങളാണ്. കൂടാതെ ധാരാളം പച്ചമാങ്ങയുണ്ടാകുമ്പോള്‍ അവ ഉപ്പുപുരട്ടി കഷ്ണങ്ങളാക്കി ഉണക്കി സൂക്ഷിക്കുന്ന പതിവു നമുക്കുണ്ട്. ഇത് അച്ചാറിട്ട് അടമാങ്ങയായും ഉപയോഗിക്കുന്നു.
പായസക്കൊതിയരായ കേരളീയര്‍ക്ക് വ്യസ്തവും രുചികരവുമായ പായസങ്ങളിലേറ്റവും പ്രിയങ്കരം മാമ്പഴപ്പായസം തന്നെ. ഇക്കാലഘട്ടത്തില്‍ മാംഗോബാര്‍ പോലെയുള്ള ഐസ്‌ക്രീമുകളും, മാംഗോ ജ്യൂസും മാംഗോ ലിസ്സിയും, മാംഗോഷേക്കും മാംഗോ സിറപ്പും പോലെയുള്ള പാനീയങ്ങളും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ളവ തന്നെ.
മാങ്ങാ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല. വിഷുക്കാലത്ത് കണിവെയ്ക്കുമ്പോള്‍ മാങ്ങയും കണിവയ്ക്കാറുണ്ട്. അമൂല്യമായ ഫലം തന്നെയാണ് മാങ്ങ. വിറ്റാമിന്‍ എ,സി,ഡി തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് ഈ ഫലം. അതാണ് മാങ്ങയ്ക്കു 'പഴങ്ങളുടെ രാജാവ്' എന്ന വിശേഷം നല്‍കിയത്.