ലോകം മുഴുവൻ കാത്തിരുന്ന പിങ്ക് പൈനാപ്പിൾ വിപണിയിൽ എത്തിയിരിക്കയാണ്. 2020 ഡിസംബർ 13 ന് അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട കടകൾ വഴി ഇത് വിൽപ്പനക്കെത്തി. കഴിഞ്ഞ 16 വർഷങ്ങളിലെ ഗവേഷണ നിരീക്ഷണങ്ങൾക്കുശേഷം വിപണിയിൽ എത്തിച്ച ഇവയെ തങ്ങളുടെ തൊപ്പിയിലെ പൊൻതൂവലായാണ് ഡെൽമോൺഡെ കമ്പനി വിശേഷിപ്പിക്കുന്നത്.
കോസ്റ്ററിക്കയിലെ ഫലഭൂയിഷ്ടമായ വനപ്രദേശത്ത് പ്രതേക പരിചരണം കൊടുത്ത് വളർത്തിയ ഇവ, കഴിക്കുന്ന എല്ലാവർക്കും നല്ലൊരു അനുഭവമായിരിക്കും പ്രദാനം ചെയ്യുകയെന്ന് അവർ വാഗ്ദാനം ചെയ്യുന്നു. "പകരം വെക്കാനില്ലാത്ത ആഡംബര സമൃദ്ധി, വനറാണി, എന്നീ വിശേഷണങ്ങളാണ് ഇവയെ പരാമർശിക്കാൻ അവർ ഉപയോഗിക്കുന്നത്.
കാണുമ്പോൾ ഇവ സാധരണ പൈനാപ്പിൾ പോലെ തന്നെ. എന്നാൽ മുറിക്കുമ്പോൾ പിങ്ക്നിറം. സാധാരണ പൈനാപ്പിളിൽ കാണുന്ന പുളിരസത്തിന്റെ അളവ് വളരെക്കുറവായതിനാൽത്തന്നെ നാവിൽ വക്കുമ്പോൾ മധുരത്തിന്റെ മേളപ്പെരുക്കം. ഇവ വിളവെടുക്കാൻ 24 മാസം വരെ വേണ്ടിവരുന്നു. തിരഞ്ഞെടുക്കപ്പെട്ട കടകളിലും ഓൺലൈൻ ആയും ലഭിക്കുന്ന ഇവയുടെ മകുടം (crown ) നീക്കിയരീതിയിലാണ് ലഭിക്കുക.
ഇവയുടെ തൂക്കം 1.2 കിലോ മുതൽ 1.4 കിലോ വരെയാണ്. ഇപ്പോൾ ദുർലഭമായ ഈ ഇനത്തിന്റെ കൃഷി കൂടുതലാക്കാനാണ് നീക്കിയ മകുടം ഉപയോഗിക്കുന്നതെന്ന് കമ്പനി പറയുന്നു.
ആഗോള പഴവർഗ്ഗ ഉല്പാദക ഭീമൻമാരിൽ ഒന്നായ Del monte ജനിതക മാറ്റം വരുത്തിയാണ് കാമ്പിന് മഞ്ഞക്കളറുള്ള പൈനാപ്പിളിന് പിങ്ക് നിറം വരുത്തിയിരിക്കുന്നത്. അതുകൊണ്ട് തൊലി നീക്കിയാലും അകത്ത് പിങ്ക് കളറായിരിക്കും. ക്യാൻസറിനെ പ്രതിരോധിക്കുവാനുള്ള കഴിവും മഞ്ഞ ഇനത്തേക്കാൾ മധുരവും ഇതിനുണ്ട്. 2016 ഡിസംബറിൽ ഭക്ഷ്യവസ്തുക്കൾ കർശന പരിശോധനകൾക്കു ശേഷം മാത്രം വിൽക്കാൻ ലൈസൻസു കൊടുക്കുന്ന, അമേരിക്കയുടെ FDA ഇതിനനുമതി കൊടുത്തു . 'ഗോൾഡ് റോസ്' എന്ന പേരിലാണ് പേറ്റന്റ് എടുത്തിരുന്നതെങ്കിലും "പിങ്ക്ഗ്ലോ പൈനാപ്പിൾ " എന്ന പേരിൽ ആണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കോസ്റ്റാറിക്കയിലാണ് ഇവയുടെ ഉൽപ്പാദനം.
നമുക്ക് ലഭ്യമായ വിവരമനുസരിച്ച് ഇവക്ക് പിങ്ക് നിറവും അതിമധുരവും ലഭ്യമാക്കിയത് പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത ഒരു പ്രക്രീയിലൂടെയാണ്. പൈനാപ്പിൾ വിരിഞ്ഞു വരുമ്പോൾ ഉള്ളിൽ Lycopene എന്നൊരു ഘടകം ധാരാളമുണ്ട്. തക്കാളിക്കും, തണ്ണിമത്തങ്ങക്കും ചുവപ്പുകളർ കൊടുക്കുന്ന അതേ വസ്തു. പൈനാപ്പിൾ വളർന്നു തുടങ്ങുമ്പോൾ ഇതിനകത്തു തന്നെയുള്ള എൻസൈമുകളോ,പ്രോട്ടീനോ രാസത്വരകമായി പ്രവൃത്തിച്ച് lycopene നെ മഞ്ഞക്കളറുള്ള Beta carotene ആയി മാറ്റുന്നു. ഇങ്ങനെയാണ് സാധാരണ പൈനാപ്പിളിന് മഞ്ഞക്കളർ കിട്ടുന്നത്.
രാസത്വരകങ്ങളായ എൻസൈമുകളേയും, പ്രോട്ടീനുകളേയും പ്രവർത്തിക്കാനാകാത്ത വിധം നിയന്ത്രിച്ച് LycoPene എന്ന ഘടകത്തിന്റെ മഞ്ഞക്കളറിലേക്കുള്ള മാറ്റം തടഞ്ഞു കൊണ്ടാണ് Del monte ഈ കളർ മാറ്റം സാധിച്ചിരിക്കുന്നത്.
ലോകത്തിൽ എറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിയുള്ള പ്രദേശങ്ങളിൽ ഒന്നായ വാഴക്കുളത്തെ കർഷകർക്ക് ഈ ഇനം പൈനാപ്പിൾ അടുത്ത ഭാവിയിൽ ലഭ്യമാവുമെന്ന് പ്രതീക്ഷ വേണ്ട. ജനിതിക മാറ്റം വരുത്തിയ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യ അധികം സ്വാഗതം ചെയ്യുന്നില്ലല്ലോ. മാത്രമല്ല ഈ ഇനത്തിന്റെ മകുടം തന്ത്രപരമായി നീക്കി വിപണനം ചെയ്യുന്നതുമൂലം അവർ ഇതിന്റെ വ്യാപനത്തെ തടയുന്നുമുണ്ട്. രുചി വിശേഷം പറയുകയാണെങ്കിൽ പുളിരസത്തിന്റെ അളവ് വളരെ നേരിയതാണ്. വായിലെ രുചിമുകുളങ്ങളെ നശിപ്പിക്കാതെ ആഴ്ന്നിറങ്ങുന്ന രസനീയത.
നല്ല മധുരം. മുറിച്ച് വച്ചിരുന്ന പാത്രത്തിൽ ഒഴുകിയിറങ്ങിയ ജ്യൂസിന്റെ പെരുമഴ. പുളിരസത്തിന്റെ കുറവാണ് നമുക്കാദ്യം മനസ്സിലേക്കെത്തുക. അതിമധുരമില്ലാത്ത ബാലൻസ് ചെയ്ത നേരിയ പുളിയുടേയും മധുരത്തിൻെറയും സമ്മിശ്രസമ്മേളനം.