കേരളത്തിൽ സമൃദ്ധമായി വളരുന്ന പഴമാണ് ആനപുളിഞ്ചി (Star fruit). വൈവിധ്യമാർന്ന പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തെ നിസാരമായി കാണരുത്. ആനപുളിഞ്ചിക്ക, സ്റ്റാർ ഫ്രൂട്ട് , ചതുരപ്പുള്ളി, വൈരപുളി തുടങ്ങി പ്രാദേശിക ഭേദമനുസരിച്ച് വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഇവ പോഷകങ്ങളുടെ കലവറയാണ്. കൂടാതെ, പ്രത്യേക പരിപാലനം ഒന്നുമില്ലാതെ വർഷത്തിൽ എട്ടുമാസവും ഇവ സമൃദ്ധിയായി വിളവ് നൽകുന്നു. 'പാവങ്ങളുടെ മുന്തിരി' എന്നും ഇതിനെ വിളിക്കാറുണ്ട്. ഏകദേശം 6 ഇഞ്ചോളം വലിപ്പമുള്ള ഇവയ്ക്ക് നക്ഷത്രത്തിന്റെ ആകൃതി പോലെ അഞ്ച് അഗ്രങ്ങളുണ്ടാകും. പച്ചയായിരിക്കുമ്പോൾ നല്ല പുളിപ്പും പഴുത്താൽ പുളിപ്പ് കലർന്ന മധുരവുമാണ് ഇവയ്ക്ക്.
ബന്ധപ്പെട്ട വാർത്തകൾ: പോഷക ഗുണത്തിലും സ്വാദിലും കേമനായ പീച്ച് പഴം; അറിയാം ഗുണഗണങ്ങൾ
പോഷകങ്ങളുടെ കലവറ
ഓറഞ്ച്, മാമ്പഴം, പപ്പായ, സ്ട്രോബെറി, പൈനാപ്പിൾ എന്നിവയിൽ മാത്രമല്ല ആനപുളിഞ്ചിയിലും ധാരാളം വൈറ്റമിൻ സിയും കാൽസ്യവും അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രശ്നം ഉള്ളവർക്ക് ആനപുളിഞ്ചി ഉത്തമമാണ്. എന്നാൽ അധികമായി കഴിയ്ക്കുന്നതും പ്രശ്നമാണ്. ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ആനപുളിഞ്ചിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. മാംസളമായ ഫലമായതിനാൽ ഇത് സംസ്കരിച്ച് ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം. മുടി വളർച്ച കൂട്ടാൻ ആനപുളിഞ്ചി കഴിയ്ക്കുന്നതും ഉത്തമമാണെന്ന് പറയാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഈ പഴം ബെസ്റ്റാണ്.
ആനപുളിഞ്ചി ഉപയോഗിച്ച് നിർമിക്കുന്ന സ്ക്വാഷ്, ജാം, ജെല്ലി, വൈൻ, അച്ചാറുകൾ എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ചിലയിടങ്ങളിൽ കുടംപുളിക്ക് പകരമായി മീൻ കറികയിൽ ഉണക്കിയും അല്ലാതെയും ആനപുളിഞ്ചി ചേർക്കാറുണ്ട്. ജീവകം എ, ഓക്സലിക് ആസിഡ്, ഇരുമ്പ് എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു പഴത്തിൽ 15 വിത്തുകൾ വരെ കാണാറുണ്ട്.
ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിലും മിക്ക വീടുകളിലും ആനപുളിഞ്ചി പാഴാക്കി കളയുന്നത് കാണാം. ഇത് ഫലപ്രദമായി വിനിയോഗിച്ചാൽ വീട്ടമ്മമാർക്ക് നല്ലൊരു വരുമാന മാർഗം കൂടിയാണ്. ജീവിതശൈലി രോഗങ്ങൾ കൂടുന്ന ഈ കാലത്ത് നമ്മുടെ പറമ്പിലും ചുറ്റുപാടിൽ നിന്നും സുലഭമായി ലഭിക്കുന്ന ഇത്തരം വിഭവങ്ങളെ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കാം.
ആനപുളിഞ്ചി കൊണ്ടുള്ള രുചിയേറിയ വിഭവങ്ങൾ
1. ആനപുളിഞ്ചി സ്ക്വാഷ്
ആവശ്യമായ ചേരുവകൾ : ആനപ്പുളിച്ചി (500gm), പഞ്ചസാര (1kg), ഏലക്ക നാല് എണ്ണം പൊടിച്ചത്, 2 ലിറ്റർ വെള്ളം
തയ്യാറാക്കുന്ന വിധം : വൃത്തിയായി കഴുകിയെടുത്ത പുളിഞ്ചി അരലിറ്റർ വെള്ളത്തിൽ വേവിച്ചെടുക്കുക. ശേഷം നന്നായി അരച്ചെടുക്കുക. ഒന്നര ലിറ്റർ വെള്ളം ഒരു കിലോ പഞ്ചസാരയിൽ പാനിയാക്കുക. പാനി ചൂട് ആകുമ്പോൾ ഏലക്ക പൊടിച്ചത് ചേർക്കാം. ശേഷം അരച്ചു വച്ചിരിക്കുന്ന പുളിഞ്ചി പാനിയിൽ അരിച്ച് ഒഴിക്കുക ശേഷം ആവശ്യാനുസരണം വെള്ളം ചേർത്ത് കുടിക്കാം.
4. ആനപുളിഞ്ചി അച്ചാർ
ആവശ്യമായ ചേരുവകൾ : ആനപുളിഞ്ചി-അരക്കപ്പ്, വെളുത്തുള്ളി-2 ടീസ്പൂൺ, ഇഞ്ചി-2 ടീസ്പൂൺ, ഉലുവാപ്പൊടി- അരടീസ്പൂൺ, കായപ്പൊടി- കാൽ ടീസ്പൂൺ, കാശ്മീരി മുളക്- 3 ടീസ്പൂൺ, വിനാഗി-1 ടേബിൾ സ്പൂൺ, ഉപ്പ്- ആവശ്യത്തിന്, കറിവേപ്പില ആവശ്യത്തിന്, പച്ചമുളക്- രണ്ടെണ്ണം ചെറുതായി അരിഞ്ഞത്, കടുക് 2 ഗ്രാം, എണ്ണ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം: ചൂടായ പാനിലേക്ക് എണ്ണ ഒഴിക്കുക. കടുക് പൊട്ടിയ ശേഷം അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ഇടുക. ശേഷം പച്ചമുളക്, കറിവേപ്പില എന്നിവ കൂടിയിട്ട് പച്ചമണം മാറിയ ശേഷം ഉലുവാപ്പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ചെറുതായി അരിഞ്ഞ പുളിഞ്ചി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വിനാഗിരി ഒഴിച്ച് അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കുക.
ആദായത്തിന്..
2. ഉണക്കി സൂക്ഷിക്കാം
മാങ്ങയും മറ്റും ഉണക്കുന്ന പോലെ നീളത്തിൽ അരിഞ്ഞ് വെയിലത്ത് ഉണക്കിയെടുത്താൽ ഒരു വർഷം വരെ ഇത് കേടുകൂടാതെ ഇരിക്കും. സ്റ്റീൽ പാത്രങ്ങളിൽ ഉണക്കാൻ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മീൻകറിയിൽ കുടംപുളിക്ക് പകരമായി ഉണക്കിയെടുത്ത പുളിഞ്ചി ചേർക്കാം. ഇതുകൊണ്ട് സ്വാദിഷ്ടമായ അച്ചാറും ഉണ്ടാക്കാം.
3. ഉപ്പിലിട്ട് സൂക്ഷിക്കാം
അരിഞ്ഞെടുത്താൽ നക്ഷത്ര ആകൃതിയിൽ ഇരിക്കുന്ന പുളിഞ്ചി അരിഞ്ഞ് കാന്താരി മുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് ഉപ്പിലിടാം. ഇളം ചൂടുവെള്ളം ഗ്ലാസ് ഭരണിയിൽ ആക്കിയ ശേഷം അതിലേക്ക് പുളിഞ്ചിക്കയും കാന്താരി മുളകും വെളുത്തുള്ളിയും ഉപ്പും ചേർത്ത് അടച്ചുവെക്കും. ഭരണിയിൽ ജലാംശം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
5. ആനപ്പുളിച്ചി ജാം
ആവശ്യമായ ചേരുവകൾ: പഴുത്ത ആനപുളിഞ്ചി-10 എണ്ണം (മിക്സിയിൽ അരച്ചെടുക്കുമ്പോൾ 1 ലിറ്റർ ജ്യൂസ് ആവശ്യമാണ്), കറുവപട്ട - 2 ചെറിയ കഷണം, പഞ്ചസാര - ഒരു കപ്പ്, നാരങ്ങാനീര് -അര ടീസ്പൂൺ.
തയ്യാറാക്കുന്ന വിധം: പഴുത്ത ആനപുളിഞ്ചി പൊളിച്ചു അഗ്രഭാഗങ്ങൾ നീക്കിയശേഷം മിക്സിയിൽ അരച്ചെടുക്കുക. അത് നല്ല രീതിയിൽ അരിച്ച് എടുത്ത ശേഷം ചൂടായ പാനിലേക്ക് ഒഴിക്കുക. ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ചെറിയ കഷണം പട്ട ഇടുക. ഇതിനു പകരം ഏലക്ക ഇട്ടാലും മതി. നല്ല രീതിയിൽ തിളച്ച ശേഷം ഒരു കപ്പ് പഞ്ചസാര മിശ്രിതത്തിലേക്ക് ചേർക്കുക. പാത്രത്തിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കണം. പഞ്ചസാര ഇട്ടശേഷം അര ടീസ്പൂൺ നാരങ്ങാനീര് ചേർക്കാം. നല്ല രീതിയിൽ കുറുകി വന്ന ശേഷം ഒരു സ്പൂൺ എടുത്ത് പരിശോധിക്കുക. ചൂടാറുന്നതിനു മുമ്പ് തന്നെ സൂക്ഷിക്കാനുള്ള പാത്രത്തിലേക്ക് മാറ്റുന്നതാണ് നല്ലത്.