നല്ല രുചിയും തൂക്കത്തിൽ കൂടുതലുമുള്ള നേന്ത്രവാഴ ഇനത്തിൽപെട്ട വാഴപ്പഴമാണ് സ്വർണ്ണ മുഖി. കുലയിൽ കായകളുടെ എണ്ണം കൂടുതലുള്ളതും ഇതിന്റെ പ്രത്യകതയാണ്. സാധാരണ വാഴ വിത്തിനേക്കാള്‍ സ്വർണ്ണമുഖി വാഴ വിത്തിന് വില കൂടുതലാണ്. മികച്ച വിളവ് തരുന്നതും, പ്രതിരോധ ശേഷി കൂടുതലുള്ള ഏത് പ്രതികൂല കാലാവസ്‌ഥയെ തരണം ചെയ്യാനുള്ള കഴിവും ഉള്ളതിനാൽ ഈ ടിഷ്യു കള്‍ച്ചർ ഇനത്തിൽപ്പെട്ട വാഴവിത്ത് കർഷകർക്ക് ഏറെ പ്രിയമാണ്.
സാധാരണ വാഴയെ അപേക്ഷിച്ചു ഉയരം കൂടുതലുള്ളതുകൊണ്ട് സ്വർണ്ണമുഖി വാഴക്കുല എളുപ്പത്തിൽ വെട്ടിയെടുക്കാനാകില്ല. ഏണി ഉപയോഗിച്ചു മാത്രമേ കുല വെട്ടാനാവു. കൂടാതെ കായ മൂത്ത് വരാൻ ഏകദേശം 12-13 മാസമെടുക്കും. എന്നാൽ കായ്കളെ അപേക്ഷിച്ചു വലിപ്പവും തൂക്കവും കൂടുതലാണെന്നതിനാൽ കാത്തിരിപ്പ് വിഫലമാകാറില്ല.
വാഴക്കന്ന് നടാന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒരേ വലിപ്പമുള്ളതും ഒരേ പ്രായത്തിലുള്ളതും ആയിരിക്കണം. വലിപ്പത്തിന്റെ അടിസ്ഥാനത്തിലും വാഴക്കന്നുകള്‍ ഇടത്തരം, അതിന് മുകളില്‍ വലിപ്പമുള്ളവ, അതിന് താഴെ വലിപ്പമുള്ളവ എന്നിങ്ങനെ ഓരേ രീതിയില്‍ ഒരേ വരിയില്‍ നട്ടാല്‍ ഒരേ സമയത്ത് കുലയ്ക്കും.
ബന്ധപ്പെട്ട വാർത്തകൾ: ചെങ്കദളിപ്പഴത്തിൻ്റെ മാന്ത്രിക ഗുണങ്ങൾ; അവ മഞ്ഞയേക്കാൾ മികച്ചതോ?
ആദ്യ ഘട്ടത്തിൽ നല്ല പരിചരണം ഇതിനാവശ്യമാണ്. അടിവളമായി 10 കിലോ ജൈവവളവും ഓരോ നാലിലയ്ക്കും ഒന്ന് എന്ന രീതിയില്‍ നൈട്രജന്‍-ഫോസ്ഫറസ്-പൊട്ടാസ്യം വളപ്രയോഗത്തിലൂടെയും വാഴയ്ക്ക് കൂമ്പ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ചാണകവും കോഴി വളവും ജൈവവളമായി ഉപയോഗിക്കാം.
നിമാവിരകളെയും മാണപ്പുഴു മുട്ടകളെയും നശിപ്പിക്കാന്‍ നന്നായി ചെത്തിയൊരുക്കിയ വാഴക്കന്നുകള്‍ നല്ല ചൂടുവെള്ളത്തിൽ 20-25 മിനിറ്റ് മുക്കിവെച്ച ശേഷം നടണം.