കേരളത്തില്‍ പല നിരത്തുകള്‍ക്കരികിലും ഏപ്രില്‍ മാസമാവുമ്പോഴേക്കും പഴുത്ത് പൊഴിഞ്ഞ് ഈച്ചയാര്‍ക്കുന്നൊരു കറുത്ത നിറത്തിലുള്ള ഫലം നിറയെ ഉണ്ടാകുന്ന ഒരു മരമുണ്ട്. ആരും ശ്രദ്ധിക്കാതെ പാഴായിപ്പോവുന്ന ആ കായകള്‍ക്ക് മാര്‍ക്കറ്റിലെ വിലകേട്ടാല്‍ നാം ഞെട്ടും.
കിലോയ്ക്ക് 500-600 രൂപയാണ് വില. പ്രമേഹത്തിനും രക്താദി സമ്മര്‍ദത്തിനും കൊളസ്‌ട്രോളിനും മികച്ച ഔഷധമെന്നു പേരുകേട്ട ഞാവലാണ് ആ അത്ഭുതഫലം.
ജംബൂഫലമെന്ന് പുരാതന ഭാരതത്തില്‍ പുകള്‍പെറ്റ ഒട്ടേറെ അദ്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷമാണ് ഞാവല്‍. വെള്ളം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും വളര്‍ന്നു വരുന്ന ഒരു നിത്യ ഹരിതവൃക്ഷമാണ് ഞാവല്‍. 20-30 മീറ്ററോളം പൊക്കം വെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാര്‍ത്താണുണ്ടാവുക. ഇലയുടെ കനത്താല്‍ മിക്ക ഞാവല്‍ മരത്തിന്റെയും ശിഖരങ്ങള്‍ കനം തൂങ്ങിയാണ് നില്‍ക്കുന്നത്.
പല ഹൈവേ നിരത്തുകളിലും തണല്‍ മരമായി തിരഞ്ഞെടുക്കുന്ന മരമാണ് ഞാവല്‍. വേരുപിടിച്ചു കഴിഞ്ഞാല്‍ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണല്‍ മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്.
ചെറുപ്രായത്തില്‍ മിനുസമാര്‍ന്ന കാണ്ഡം പ്രായമാവുന്തോറും അടര്‍ന്നു വീഴുന്ന രീതിയിലേക്ക് മാറുന്നു. ഇലകള്‍ക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയു മുണ്ടാകും. വെള്ളം കൃത്യമായി ലഭിക്കാത്തിടത്ത് വളരുന്ന ചെടികള്‍ കടുത്ത വേനലില്‍ ഇലപൊഴിക്കുന്നതായിക്കാണാറുണ്ട്. പൊഴിയുന്നതിനുമുമ്പ് ഇല മങ്ങിയ ചുവപ്പുനിറം കാണിക്കും.
അലങ്കാര വൃക്ഷമായി നടുമ്പോൾ 12 മുതൽ 16 മീറ്റർ വരെ അകലവും കാറ്റിനെ തടയുന്ന ആവശ്യത്തിനു നടുമ്പോൾ 6 മീറ്റർ അകലവും അഭികാമ്യമാണ്. വളരെ വേഗം വളരുന്ന ഒരു വൃക്ഷമാണ് ഞാവൽ. കള മാറ്റുന്നത് വളർച്ചയ്ക്ക് നല്ലതാണ്. ചെറുപ്പത്തിൽ തണൽ ഇഷ്ടമാണ്. പഴത്തിൽനിന്നും ലഭിക്കുന്ന ഉടനെ കായ്കൾ നടുന്നതാണ് ഉത്തമം.