ചക്ക നിറയെ ഉണ്ടാകുന്ന ജനുവരി ഫെബ്രുവരി മാസങ്ങളിൽ ഒന്നോ രണ്ടോ ചക്കയുമായി പ്ലാവുകൾ നിൽക്കുന്ന കാഴ്ചയാണ് പല വീട്ടിലും ഉള്ളത്.
കോവിഡ് കാലത്ത് മനുഷ്യനെ പട്ടിണിയിൽ നിന്ന് രക്ഷിച്ചത് ചക്കയായിരുന്നു.എന്നാൽ ഇപ്രാവശ്യം അത് കിട്ടാക്കനിയാകുകയാണ്. കോവിഡ് കാലത്ത് ചക്ക ഉത്പാദനം കൂടുതലും ഉണ്ടായിരുന്നു. ആവശ്യക്കാർ കൂടിയെങ്കിലും വിളവ് കുറഞ്ഞതോടെയാണ് ചക്ക കിട്ടാക്കനിയായത്.
കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ മിക്ക പ്ലാവുകളിലും കായ്‌ഫലം വളരെ കുറവാ ണ്. നാട്ടിൽ മാത്രമല്ല അന്യ സംസ്ഥാനങ്ങളിലും വിദേശത്തു പോലും ഇപ്പോൾ ചക്കയ്ക്ക് ആവശ്യക്കാരേറെയാണ്.
എല്ലാ വർഷവും നിറയെ കായ്ക്കുന്ന പ്ലാവുകളിൽ പോലും പേരിന് ഒന്നോ രണ്ടോ ചക്ക മാത്രമാണ് ഉണ്ടായിട്ടുള്ളത് എന്ന് കർഷകർ പറയുന്നു. പ്രളയം കഴിഞ്ഞപ്പോഴും ചക്ക കുറഞ്ഞിരുന്നു.
ഇത്തവണ ചക്ക ഉത്പാദനത്തിൽ 40%ന്റെ കുറവാണുണ്ടായിട്ടുള്ളത്. ഇപ്പോൾ വിപണിയിൽ എത്തിയിട്ടുള്ള ചക്കയ്ക്ക് ഇലയും കൂടുതലാണ്. ചക്ക ഒന്നിന് 300 രൂപ വരെയാണ് വില. വരിക്കച്ചക്കയുടെ വില കുതിച്ചുയരുകയാണ്.
ചക്ക വലുതാകും മുൻപേയുള്ള ഇടിച്ചക്കയ്ക്കും വില കൂടുതലാണ്. 35 മുതൽ 50 രൂപ വരെയാണ് വില. മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ പല പ്രമുഖ കമ്പനികളും പ്രോസസിങ് യൂണിറ്റുകളും നെട്ടോട്ടത്തിലാണ്. തുലാവർഷം അവസാനിക്കുന്ന സമയത്താണ് പ്ലാവിൽ ചക്ക വിരിയുന്നത്.എന്നാൽ ഇത്തവണ തുലാവർഷം കഴിഞ്ഞും മഴ തുടർന്നതോടെ പൂവ് കൊഴിഞ്ഞു പോയി.