ചക്കയും വിളവെടുപ്പനന്തര പരിചരണവും

Friday, 28 September 2018 12:37 PM By KJ KERALA STAFF
പരമ്പരാഗതമായി കേരളീയരുടെ തൊടിയിലും ഭക്ഷണത്തിലും ആരോഗ്യശാസ്ത്രത്തിലും അവിഭാജ്യഘടകമായി പ്രാധാന്യം കല്‍പിച്ചിരുന്ന ചക്കയുടെ മൂല്യവും ഗുണവും തിരിച്ചറിയാന്‍ നാം വൈകിയെങ്കിലും ചക്കയ്ക്ക് 'സംസ്ഥാനഫലമായി' സ്ഥാന ലഭ്യത കൈവന്നതോടെ ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡിംഗ് നടത്തി പ്രാദേശികമായി വിപണനം നടത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും പദ്ധതികള്‍ തയ്യാറാക്കുന്നു. എന്നാല്‍ ഇതിന്  ഉല്പാദനത്തിലും ഉപയോഗത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

പ്ലാവിനങ്ങളുടെയും ചക്കകളുടെയും വൈവിദ്ധ്യം കേരളീയരുടെ സ്വകാര്യസമ്പത്താണെങ്കിലും നാം അത് വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ചക്ക ഉല്‍പാദനത്തില്‍ നമുക്ക് മുമ്പിലുളള സംസ്ഥാനങ്ങളെല്ലാം ഉപയോഗത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍ നമ്മുടെ ചക്ക ഉല്‍പാദനത്തിന്റെ നല്ലൊരു പങ്കും പാഴായി പോകുന്നു. പച്ചക്കറിയായും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കിയും ചക്കയെ ഉപയോഗപ്പെടുത്താം. എന്നാല്‍ ചക്കയുടെ ഉപഭോഗം കൂട്ടുന്നതിനുളള പ്രവര്‍ത്തനങ്ങളും അത്യന്താപേക്ഷിതമാണ്. ചക്കയുടെ ഗുണമേന്മയെക്കുറിച്ച് അവബോധം ഉണ്ടാക്കുക, വൈവിദ്ധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ വളരെ വേഗം ലഭ്യമാക്കുക, ഗുണനിലവാരം ഉറപ്പുവരുത്തി ആകര്‍ഷകമായ പായ്ക്കിംഗ്, ബ്രാന്‍ഡിംഗ് എന്നിവയിലൂടെയും ഉപഭോഗം വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. അതുപോലെ തന്നെ സംഭരണസംസ്‌കരണ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വര്‍ഷം മുഴുവനും ചക്കയുടെ ലഭ്യത ഉറപ്പാക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചക്കയുടെ നഷ്ടം നമുക്ക് കുറയ്ക്കാന്‍ സാധിക്കും.

പ്ലാവില്‍ നിന്ന് ചക്ക ഉപഭോക്താക്കളില്‍ എത്തുന്നത് നിരവധി കൈകളിലൂടെയാണ്. മരം മൊത്തമായി ചക്കയ്ക്ക് വിലപറഞ്ഞെടുക്കുന്ന കച്ചവടക്കാര്‍, വന്‍കിട കച്ചവടക്കാര്‍, വലുതും ചെറുതുമായ വില്‍പന/ വിപണനക്കാര്‍, സംസ്‌കരണയൂണിറ്റ്ുകള്‍ എന്നിവരുടെയെല്ലാം കൂട്ടായ പ്രയത്‌നങ്ങളിലൂടെ മാത്രമെ ചക്കയുടെ ഉല്പാദനാനന്തര നഷ്ടം കുറയ്ക്കാനാകൂ.

ചക്കയില്‍ ശാസ്ത്രീയമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കാത്തത് ഈ നഷ്ടത്തിന് ആക്കം കൂട്ടുന്നു. ഉയരത്തിലുളള പ്ലാവില്‍ കയറി ചക്ക പറിച്ചെടുക്കുവാനുളള പ്രയാസവും വിളവെടുപ്പിനും അതിനുശേഷവും അവശ്യം വേണ്ട യന്ത്രങ്ങളുടെ അഭാവവും പ്രതികൂലഘടകങ്ങളാണെങ്കിലും ഒരു പരിധിവരെ ഇവയെ പരിഹരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇളം പ്രായത്തിലെ ഇടിയന്‍ ചക്ക മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചക്കകളും പഴുത്ത ചക്കയും ചുള, ചവിണി, മടല്‍, കൂഞ്ഞ്, ചക്കക്കുരു തുടങ്ങി ചക്കയുടെ എല്ലാഭാഗവും ഒരുപോലെ ഉപയോഗപ്പെടുത്താം. ഏതൊരു ഫലത്തിനെയും പോലെ ചക്കയിലും വിളവെടുപ്പിനുശേഷം വേണ്ട പരിചരണമുറകള്‍ അനുവര്‍ത്തിച്ച് നഷ്ടം കുറയ്ക്കാം. ചക്കയുടെ വലിയ വലിപ്പവും ചക്കയ്ക്ക് ഈ പരിചരണങ്ങളൊന്നും ആവശ്യമില്ല എന്ന ധാരണയുളളതുകൊണ്ടാണ് ശാസ്ത്രീയ പരിചരണമുറകള്‍ ഒട്ടും തന്നെ അനുവര്‍ത്തിക്കാത്തത്. വിളവെടുപ്പ് -------- തരംതിരിക്കല്‍ ---- തണുപ്പിക്കല്‍ ---- കഴുകല്‍ ---- ഗ്രേഡിംഗ് ----- ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ---- സംഭരണം ---- വിപണനം ----സംസ്‌കരണം  എന്നിങ്ങനെ നീളുന്നു ചക്കയുടെ പരിചരണമുറകള്‍. 
ചക്കയുടെ വലിപ്പവും മുളളുകള്‍ പരക്കുന്നതും, തണ്ടിനോടു ചേര്‍ന്ന ഇല മഞ്ഞനിറമാകുന്നതും തട്ടിനോക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവുമനുസരിച്ചാണ് സാധാരണ ചക്കയുടെ വിളവ് പരിശോധിക്കുക. മൂപ്പ്, ദിവസക്കണക്കുകള്‍ പറയാറുണ്ടെങ്കിലും ഇനത്തിനനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും ഇതില്‍ വ്യത്യാസം വരാം. 'ചക്ക വെട്ടിയിട്ടതു പോലെ ' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് നമ്മുടെ ചക്കയുടെ വിളവെടുപ്പും. ഉയരത്തിലുളള പ്ലാവില്‍ നിന്ന് താഴേക്ക് വെട്ടിയിടുമ്പോള്‍ ഉണ്ടാകുന്ന ചതവ് പിന്നീട് ചക്ക ചീഞ്ഞു പോകാനും കാരണമാകുന്നു. അതിനാല്‍ മൂര്‍ച്ചയുളള കത്തി കൊണ്ട് മുറിച്ച് താഴേക്ക് കെട്ടിയിറക്കുകയോ വലയിലാക്കിയോ സാവധാനം എത്തിക്കുക. ഓരോ ഉല്‍പന്നങ്ങള്‍ / വിഭവങ്ങള്‍ക്ക് ആവശ്യമായ മൂപ്പിലായിരിക്കണം വിളവെടുക്കേണ്ടത്. വിളവെടുത്തശേഷം തണലത്ത് സൂക്ഷിക്കുക. കേടുവന്നതും ചതഞ്ഞതും പൊട്ടിയതുമായ ചക്കകള്‍ വേര്‍തിരിച്ച് മാറ്റണം. വിളവെടുത്ത ചക്ക കഴുകി വൃത്തിയാക്കുന്നത് ചെളിയും അഴുക്കും കളയുന്നതിനും ചക്കയുടെ ഉപാപചയപ്രവര്‍ത്തനങ്ങളുടെ തോത് കുറയ്ക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും സാധിക്കും. ചക്കയെ വലിപ്പം, മൂപ്പ്, ആവശ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാം. വിപണനം നടത്താന്‍ കൊണ്ടുപോകുമ്പോള്‍ ചതവും കേടുപാടുകളും ഒഴിവാക്കിയുളള രീതികള്‍ അവലംബിക്കണം. ഇതിന് പേപ്പര്‍ ബോഡുകള്‍ അല്ലെങ്കില്‍ മൃദുവായ കുഷ്യനിങ് വസ്തുക്കള്‍ ചക്കയുടെ അടുക്കിനിടയില്‍ സൂക്ഷിയ്ക്കണം. വിളഞ്ഞു പാകമായ ചക്ക നാലഞ്ചു ദിവസത്തിനുളളില്‍ പഴുക്കും. ശീതസംഭരണികളില്‍ ചക്ക 12 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിച്ചാല്‍ 2 മുതല്‍ 4 ആഴ്ച വരെ കേടാകാറില്ല. പഴുത്ത ചക്കച്ചുള ലഘുസംസ്‌കരണം നടത്തി പോളിത്തീന്‍ കവറുകളില്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കാമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ചക്കയില്‍ നിന്ന് നിരവധി ഉല്‍പന്നങ്ങള്‍ തയ്യാറാക്കാം. ഇടിച്ചക്ക, തോരന്‍, പുഴുക്ക്, ചക്കക്കുരു വിഭവങ്ങള്‍ തുടങ്ങിയവയുടെ റെഡി ടു കുക്ക് ഉല്‍പന്നങ്ങള്‍, ചക്കപ്പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ലഘുസംസ്‌കരണ ഉല്പന്നങ്ങള്‍, പരമ്പരാഗത വിഭവങ്ങളായ ഉപ്പേരി, വരട്ടി, ഹല്‍വ തുടങ്ങിയവയും മുറുക്ക്, പപ്പടം, ജാം, ജെല്ലി, അച്ചാര്‍, ചക്കപ്പൊടി, കേക്ക്, സ്‌ക്വാഷ്, നെക്ടര്‍ തുടങ്ങി നിരവധി ചക്കഉല്‍പന്നങ്ങള്‍ തയ്യാറാക്കാം. ഭക്ഷണവൈവിദ്ധ്യവും പോഷകസമൃദ്ധിയും ഭക്ഷ്യസുരക്ഷയും ഒരു പോലെ നിറവേറ്റാന്‍ കഴിവുളള ചക്കയെ ഇനിയെങ്കിലും നമ്മുടെ വീട്ടിനകത്തേക്ക് ആനയിക്കാം.
ഡോ. പി.ആര്‍ ഗീതാലക്ഷ്മി, അസ്സിസ്റ്റന്റ് പ്രൊഫസര്‍, പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗം, കാര്‍ഷിക കോളേജ്, വെളളായണി, കേരള കാര്‍ഷിക സര്‍വ്വകലാശാല ഫോണ്‍. 9446178477

CommentsMore from Fruits

ഇലവാഴ കൃഷിചെയ്യാം

ഇലവാഴ കൃഷിചെയ്യാം വാഴ കൃഷിയിൽ പല പുതുമകളും കർഷകർ പരീക്ഷിക്കാറുണ്ട് വിവിധ തരം വാഴകൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തും , ഒരു കുഴിയിൽ മൂന്നും നാലും വാഴകൾ നടുന്ന രീതി എന്നിവ അവലംബിച്ചും വ്യത്യസ്തരാകാൻ ശ്രമിക്കാറുണ്ട് ഇതാ വാഴ കൃഷിയിലെ പ…

December 10, 2018

പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി

പപ്പായ കൃഷിചെയ്യാം കറയ്ക്കുവേണ്ടി പഴങ്ങളിലെ താരമാണ് പപ്പായ. പലനാടുകളിൽ കപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ് എന്നീ പല പേരുകളിൽ അറിയപ്പെടുന്ന പപ്പായ എല്ലാവര്ക്കും ഇഷ്ടമാണ്. നിരവധി പേര് പപ്പായ കൃഷിയിലൂടെ ലാഭം കൊയ്യുന്നുണ്ട്. ഏത…

December 05, 2018

ചെറിസംസ്കരിക്കാം വളരെ എളുപ്പത്തിൽ

ചെറിസംസ്കരിക്കാം വളരെ എളുപ്പത്തിൽ ബേക്കറികളിൽ നിന്നും ലഭിക്കുന്ന ചുവന്നുതുടുത്ത ചെറിപ്പഴം നുണയാൻ നമുക്കെല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഇത് ഉണ്ടാക്കി നോക്കാൻ ആരും മെനക്കെടാറില്ല. മിക്കവീടുകളിലും പൂന്തോട്ടത്തിൽ ആണ് നിറയെ ചുവന്നുതുടുത്ത കായ്കൾതരുന്…

December 04, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.