കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇഷ്ടപ്പെടുന്ന ഒരു പഴം കൂടിയാണു പാഷന്‍ ഫ്രൂട്ട് പഴം. വേനല്‍ക്കാലങ്ങളിലും മറ്റും ദാഹത്തിനും ക്ഷീണത്തിനും ഉത്തമമാണ് ഈ പഴം. ഇവ പഞ്ചസാര ചേര്‍ത്തും സ്ക്വാഷാക്കിയും കഴിക്കാം
അതിഥി സത്കാരത്തിനും യോജിച്ചതാണ് ഈ പഴം. ഇവയുടെ പഴച്ചാറിന്‍റെ സ്വാദും മണവും നിറവും ആരെയും ആകര്‍ഷിക്കുന്നതാണ്. സാധാരണയായി പഴത്തിന്‍റെ വലിപ്പം അനുസരിച്ച് 1 മുതല്‍ 3 വരെ ഗ്ലാസ് പാനീയംവരെ ഒരു പഴത്തില്‍ നിന്നും തയ്യാറാക്കാം.
പഴം പിളര്‍ന്നു കുഴമ്പത്രയും പാത്രത്തിലൊഴിച്ചു നല്ലപോലെ ഇളക്കണം. അപ്പോള്‍ ചെറിയ കുരുക്കള്‍ അടിയില്‍ താഴും. പിന്നീട് ഇത് ഊറ്റിയെടുത്തോ അരിപ്പയില്‍ അരിച്ചെടുത്തോ പഞ്ചസാരയും കൂടി ചേര്‍ത്താല്‍ നല്ല പാനീയമായി. ഇതില്‍ വെള്ളം ആവശ്യത്തിനു ചേര്‍ത്തെടുത്തും ഉപയോഗിക്കാം. ഇവയ്ക്കു നല്ല പരിമളവും ഔഷധഗുണവുമുണ്ട്.
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വിശേഷപ്പെട്ട ഒരു പഴമാണു പാഷന്‍ഫ്രൂട്ട് പഴം. ജീവകം ‘എ’, ജീവകം ‘സി’ എന്നിവ ഈ പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പഴങ്ങള്‍ക്ക് അമ്ലഗുണം കൂടുതലുണ്ട്. അതിനാല്‍ നേരിട്ടു ഭക്ഷിക്കുവാന്‍ ആരും അത്ര താത്പര്യം കാണിക്കാറില്ല. എന്നാല്‍ പാഷന്‍ഫ്രൂട്ടില്‍ നിന്നും എളുപ്പം നിര്‍മിക്കാവുന്ന സ്ക്വാഷ് വളരെ സ്വാദിഷ്ടവും ഉത്തമവുമായ ഒരു ശീതളപാനീയമാണ്.
പാഷന്‍ പഴത്തിന്‍റെ കുഴമ്പിനു നല്ല പോഷകമൂല്യമുണ്ട്. ഇതില്‍ 2.4 ശതമാനം മാംസ്യവും 2.1 ശതമാനം കൊഴുപ്പും 17.3 ശതമാനം സസ്യനൂറും 1.2 ശതമാനം ധാതുലവണങ്ങളും അടങ്ങിയിരിക്കുന്നു. വില്ലന്‍ ചുമയ്ക്ക് ഇതിന്‍റെ ചാറ് ഔഷധമായി ചില പ്രദേശങ്ങളില്‍ ഉപയോഗിക്കാറുണ്ട്.
ദാഹം, ക്ഷീണം എന്നിവയ്ക്കു വളരെ നല്ലതാണ് ഈ പഴം. കൂടാതെ കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവര്‍ക്കും ഇതിന്‍റെ ചാറു കുടിക്കുന്നതു ക്ഷീണം മാറ്റാന്‍ ഉപകരിക്കും. ഒട്ടനവധി രോഗങ്ങള്‍ക്കു പ്രതിവിധിയായി ഇന്നുപാഷന്‍പഴം മാറിയിരിക്കുന്നുവെന്നുള്ള താണു യാഥാര്‍ത്ഥ്യം. പഴത്തിന്‍റെ ചാറ് ഒരു ടോണിക്കിന്‍റെ ഫലം ചെയ്തു കാണുന്നു.