Fruits

പാഷന്‍ ഫ്രൂട്ട് വള്ളിപ്പടര്‍പ്പിലെ ശീതളക്കനി

വളപ്രയോഗം 

പാഷന്‍ ഫ്രൂട്ട്, പുഷ്പ്പിച്ച് കായ്ക്കാന്‍ തുടങ്ങുന്നതോടെ പോഷക മുല്യങ്ങളുടെ ആവശ്യകത വളരെ വര്‍ധിക്കുന്നു. 
പാഷന്‍ ഫ്രൂട്ടിന്റെ ശരിയായ വളര്‍ച്ചയ്ക്കും വിളവിനും നല്ലര വളപ്രയോഗം ആവശ്യമാണ്. ചെടിയുടെ വളര്‍ച്ചാകാലഘട്ടത്തെ അടിസ്ഥനമാക്കി, നടുന്ന സമയത്തും, രണ്ടു-നാലു വര്‍ഷം പ്രായമായവയ്ക്കും നാലു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായവയ്ക്കും എന്നിങ്ങനെ മൂന്നു രീതിയിലാണ് വളപ്രയോഗം. നടുമ്പോള്‍, ചെടി ഒന്നിന് അഞ്ചു കിലോ ജൈവവളവും, 25:10:25 ഗ്രാം എന്‍:പി:കെയും കൊടുക്കണം. രണ്ടു-നാലു വര്‍ഷം പ്രായമായ ചെടികള്‍ക്ക് 10 കിലോഗ്രാം ജൈവവളവും, 80:30:60 ഗ്രാം എന്‍:പി:കെ യും ചെടി ഒന്നിന് നല്‍കണം. നാലു വര്‍ഷത്തില്‍ കൂടുതല്‍ പ്രായമായ ചെടികള്‍ക്ക് ഒരോ വര്‍ഷവും 15 കിലോഗ്രാം ജൈവവളവും, 150:50:100 ഗ്രാം എന്‍:പി:കെ യും ചെടി ഒന്നിന് നല്‍കണം. ഇവ നാലോ അതില്‍ കൂടുതല്‍ തവണകളായോ കൊടുക്കുന്നതാണ് നല്ലത്. മണ്ണില്‍ വളം ചേര്‍ത്തതിന് ശേഷം നനച്ചു കൊടുക്കണം.
ആദ്യവര്‍ഷം ചെടിയുടെ ചുവട്ടില്‍ നിന്നും 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ ചുറ്റളവില്‍ വളം ചേര്‍ക്കും.   പ്രായമായ തോട്ടങ്ങളില്‍ ചെടിയുടെ ചുവട്ടില്‍ നിന്നും 30 സെന്റിമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ അകലത്തില്‍ ചുറ്റും വളം ചേര്‍ക്കണം. 

കീടരോഗനിയന്ത്രണം 

കൃഷിയിടത്തില്‍ കുമിള്‍ രോഗം തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവക്കുക. രോഗങ്ങളെ ചെറുക്കുന്നതിന് ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ്  മുതലായവ 20 ഗ്രാം/ലിറ്റര്‍ എന്നതോതില്‍ പ്രയോഗിക്കണം. 100 ഗ്രാം/ചെടിക്ക് എന്ന കണക്കില്‍ കുമ്മായം ഉപയോഗിക്കുന്നത് നല്ലതാണ്. ആവണക്കെണ്ണയും (1.0 ലിറ്റര്‍) ഫൈറ്റൊലാനും (3.0 ഗ്രാം/ലിറ്റര്‍) ചേര്‍ന്ന മിശ്രിതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ചെടിയുടെ കോളര്‍ ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കക. ഫൈറ്റൊഫ്‌ത്തോറ ഫുസേറിയം എന്നി കുമിളുകള്‍ ഉണ്ടാക്കുന്ന വാട്ടരോഗത്തിനെതിരെ ഫൈറ്റൊലാന്‍ 3.0ഗ്രാം/ലിറ്റര്‍ ഉപയോഗിക്കുക.

പൂവിടലും പരാഗണവും  

ഫെബ്രുവരി - നവംബര്‍ മാസനാണ് പ്രധാനമായും പാഷന്‍ഫ്രൂട്ട് പൂവിടല്‍ നടക്കുന്നത്. പുഷ്പിക്കല്‍ ഏറ്റവും കൂടുതല്‍ ജൂണ്‍ മാസത്തിലാണ്. പൂക്കളുടെ ഉല്‍പാദനം ഫെബ്രുവരിയില്‍ തുടങ്ങി ജൂണ്‍ വരെ വളരെ കൂടുതലും പിന്നീട് കുറഞ്ഞ് നവംബര്‍ എത്തുമ്പോഴേക്കും അവസാനിക്കുകയും ചെയ്യുന്നു. രാവിലെ ഏകദേശം 10.30ന് വിടരാന്‍ തുടങ്ങുന്ന പൂവുകള്‍ ഉച്ചയ്ക്ക് ഒന്നു-രണ്ടു മണിയോടു കൂടി പൂര്‍ണമായി വിരിഞ്ഞ് 18-20 മണിക്കൂറിനുള്ളില്‍ കൊഴിഞ്ഞുപോകുന്നു. പൂവിടല്‍ സമയത്ത് കാണപ്പെടുന്ന തേനീച്ചകളുംകരിവണ്ടുകളും കുരുവികളുംപരാഗണത്തിനു സഹായിക്കുന്നു.

വിളവെടുപ്പ്

പാഷന്‍ ഫ്രൂട്ടില്‍ സാധാരണയായി രണ്ട് വിളവെടുപ്പ് കാലമുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും,നവംബര്‍ മുതല്‍ ജനുവരി വരെയും. ഒരുസീസണ്‍ മാത്രമുള്ള ഇനങ്ങളില്‍ മെയ് മുതല്‍ ഒക്‌ടോബര്‍ വരെയാണ് വിളവെടുപ്പ് കാലം. പരാഗണത്തിനു ശേഷം 70-80 ദിവസങ്ങള്‍ കൊണ്ട് കായ്കള്‍ മൂത്ത് പാകമാകും. ശരിയായി മൂത്ത് പഴുത്ത കായ്കള്‍ക്ക് മാത്രമേ നല്ല രുചിയും മണവും ഉണ്ടാവുകയുള്ളു. ആഴ്ച്ചയില്‍ രണ്ടു മൂന്നു  പ്രാവശ്യം ഇങ്ങനെ പഴങ്ങള്‍ ശേഖരിക്കാം. ഒരു ചെടിയില്‍ നിന്നും ഏതാണ്ട് 5 കിലോഗ്രാം വിളവ് ലഭിക്കും. 

പ്രൂണിംഗ് 

ചെടികള്‍ വളര്‍ച്ചയില്ലാതെ മുരടിച്ച് നില്‍ക്കുന്ന തണുപ്പുകാലമാണ് പ്രൂണിങ്ങിന് പറ്റിയ സമയം. രോഗം ബാധിച്ചതും ഉണങ്ങിയതുമായ എല്ലാ ശാഖകളും പ്രൂണിങ്ങിലൂടെ മുറിച്ച് മാറ്റുന്നു. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ വിളവെടുപ്പിന് ശേഷമാണ് സാധാരണയായി പ്രൂണിംഗ് നടത്തുന്നത. പ്രൂണിംഗ് മൂലം വളര്‍ച്ചാശേഷി കുറഞ്ഞ ഭാഗങ്ങള്‍ നീക്കപ്പെടുകയും പുത്തന്‍ തളിരുകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
 
സംസ്‌കരണം

പാഷന്‍ ഫ്രൂട്ട് അങ്ങനെ തന്നെയൊ,ജ്യൂസ് സംസ്‌കരിച്ചെടുത്തൊ ഉപയോഗിക്കാം. പഴമായും സംസ്‌കരിച്ച ഉത്പ്പന്നങ്ങളായും വിപണനം നടത്താം. സ്വാധിഷ്ടമായ ജ്യൂസ്, ഭക്ഷണപാനീയങ്ങള്‍, ഐസ്‌ക്രീം, കേക്ക്, സാലഡ്, ജാം, ജെല്ലി,   പഞ്ച്, കാന്‍ഡി, വൈന്‍ മുതലായവ ഉണ്ടാക്കാം. നല്ല ശുദ്ധിയായ പഴങ്ങള്‍ 100ര ല്‍3 ആഴ്ച്ചവരെ ഗുണമേ• നഷ്ടപ്പെടാതെ പോളിത്തീന്‍ ബാഗുകളില്‍ സൂക്ഷിക്കാം.

വിപണനവും ലാഭ-നഷ്ടവും

വിപണനത്തിനായി അടുത്തുള്ള പഴക്കടകള്‍, ബേക്കറികള്‍, പഴസംസ്‌ക്കരണശാലകള്‍, മാര്‍ക്കറ്റുകള്‍, ഹൈപ്പെര്‍ മാര്‍ക്കറ്റുകള്‍, കയറ്റുമതിക്കാര്‍ മറ്റു വിപണന ഏജന്‍സികള്‍   മുതലായവയെ ആശ്രയിക്കാവുന്നതാണ്. ഇപ്പോള്‍ വിപണിയില്‍ കി. ഗ്രാമിന് 100 രൂപയില്‍ കൂടുതല്‍ വിലയുണ്ട്. 

പാഷന്‍ ഫ്രൂട്ട് കൃഷിചെയ്യുന്നതിന് ആദ്യവര്‍ഷം ഹെക്ടര്‍ ഒന്നിന് ഏകദേശം രണ്ടു ലക്ഷത്തോളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഏതാണ്ട് അരലക്ഷത്തോളം രൂപ ചെലവു വന്നേക്കും. പന്തല്‍ ചിലവുമൂലം ഒന്നാം വര്‍ഷം ലാഭം കുറവായിരിക്കും. രണ്ടാം വര്‍ഷം മുതല്‍ നല്ല ലാഭം പ്രതീക്ഷിക്കാവുന്നതാണ്. വിളവ് ഒന്നാം വര്‍ഷം മുതല്‍ വര്‍ധിച്ച് മൂന്നാം വര്‍ഷം പരമ്യത്തിലെത്തുകയും പിന്നിട് കുറയുകയും ചെയ്യും. ഹെക്ടറിന് ശരാശരി  10 ടണ്‍ വിളവും 50 രൂപ കി. ഗ്രാമിന് വിലയും കണക്കാക്കിയാല്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരുമാനം പ്രതീക്ഷിക്കാം.  നിലവില്‍ കി. ഗ്രാമിന് 100 രൂപയില്‍ കൂടുതല്‍ വിലയുണ്ട്. 30-40 രൂപയില്‍ കൂടുതല്‍ വിലയുണ്ടെങ്കില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ആദായകരമായിരിക്കും.  
-ഡോ. പി.പി. ജോയ്

Share your comments