വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് ലിച്ചി. പകർച്ചവ്യാധികൾ ഒരുപരിധിവരെ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ലിച്ചിയ്ക്ക് കുറഞ്ഞ പരിചരണവും രോഗ കീടബാധ്യത കുറവാണെന്നതുകൊണ്ടും വളർത്താൻ എളുപ്പമുള്ള ഫലമാണ്.
വിദേശ ഫലമാണെങ്കിലും റബൂട്ടാന്റെയും, മാംഗോസ്റ്റിന്റെയും കുടുംബത്തിൽപ്പെടുന്ന ലിച്ചിയുടെ കൃഷി കേരളത്തിൽ അത്ര വ്യാപകമായിട്ടില്ല. എന്നാൽ കേരളത്തിലെ വയനാട്ടിലെയും ഇടുക്കിയിലെയും മിതശീതോഷ്ണ കാലാവസ്ഥ അനുയോജ്യമായ ഫല വൃക്ഷമാണിത്. നിറയെ കായ്ക്കുന്ന ഈ വൃക്ഷത്തിൽ നിന്നും പണം കൊയ്തെടുക്കാം. ലിച്ചിയുടെ ചെറുകിട ഉത്പാദകർ ജില്ലയിലുണ്ട്. കർഷകർക്ക് അധികം മുതൽ മുടക്കില്ലാതെ വർഷത്തിൽ നല്ലൊരു ആദായം ലഭ്യമാക്കാവുന്ന ഒരു കൃഷിയാണ് ലിച്ചി കൃഷി.
കൃഷിരീതി
നല്ല നീർവാഴ്ചയും വളക്കൂറുമുള്ള മണ്ണാണ് ലിച്ചിക്കനുയോജ്യം. വിത്ത് തൈകൾ നടുന്നതിനായി തിരഞ്ഞെടുക്കാം പക്ഷെ അവയ്ക്ക് മാതൃവൃക്ഷത്തിന്റെ ഗുണങ്ങൾ കാണാറില്ല. കൂടാതെ കായ്ഫലം നൽകുന്നതിന് അഞ്ച് വർഷം മുതൽ പതിനഞ്ച് വർഷം വരെ കാലതാമസം എടുക്കുകയും ചെയ്യും. മാതൃവൃക്ഷത്തിന്റെ കൊമ്പ് വായുവിൽ പതിവെച്ച് എടുത്താൽ തൈകൾക്ക് മാതൃവൃക്ഷത്തിന്റെ ഗുണവും രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ കായ്ക്കുകയും ചെയ്യും.
മൂന്ന് മീറ്റർ നീളവും നാലര മീറ്റർ വീതിയുള്ള തടങ്ങളിലാണ് ലിച്ചി നടുന്നത്. തൈകൾ തമ്മിൽ പത്ത് മീറ്റർ മുതൽ പന്ത്രണ്ട് മീറ്റർ വരെ അകലം ഉണ്ടായിരിക്കുകയും വേണം. ചുവട്ടിൽ പുതയിടുന്നത് ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കും. വർഷത്തിൽ രണ്ടുതവണ ജൈവവള പ്രയോഗം നടത്തുന്നത് വളർച്ചയെ ത്വരിതപ്പെടുത്തുകയും കൊമ്പുകൾ കോതി കൊടുക്കുന്നത് കായ്ഫലം കൂട്ടാനും സഹായിക്കുന്നു.
വിളവെടുപ്പ്
കായ്കൾക്ക് പൂർണ്ണ നിറമാകുമ്പോൾ വിളവെടുക്കാവുന്നതാണ്. പക്ഷേ, ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി പാതി നിറമെത്തിയ കായ്കളാണ് വിളവെടുക്കുന്നത്. അഞ്ച് വർഷം പ്രായമായ മരത്തിൽ നിന്നും അഞ്ചൂറ് ലിച്ചി പഴങ്ങൾ വരെ വിളവെടുക്കാവുന്നതാണ്. ഇരുപത് വർഷം വളർച്ചയെത്തിയ മരത്തിൽ നിന്നും 4000 മുതൽ 5000 എണ്ണം വരെ കായ്കൾ ലഭിക്കാറുണ്ട്.
സംഭരണം
വിളവെടുപ്പിനു ശേഷം മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം വരെ മാത്രമേ സ്വതസിദ്ധമായ നിറം നിലനിർത്താൻ സാധിക്കുകയുള്ളൂ. ഇലകൾ, കടലാസു കഷ്ണങ്ങൾ, പഞ്ഞി എന്നിവ നിറച്ച പോളിത്തീൻ കൂടുകളിൽ ലിച്ചിപ്പഴം രണ്ടാഴ്ച്ച വരെ നിറം മങ്ങാതിരിക്കും. എന്നാൽ നനവ് ഏൽക്കാത്തതും ശീതികരിച്ചതുമായ സംഭരണികളിൽ രണ്ട് വർഷം വരെ സൂക്ഷിക്കാവുന്നതാണ്. കയറ്റുമതിക്കായി സൂര്യപ്രകാശത്തിൽ ഉണക്കിയും ലിച്ചിപ്പഴം സുക്ഷിക്കാം. ഇങ്ങനെ ഉണങ്ങിയ ലിച്ചിപ്പഴം ടിന്നുകളിൽ അടച്ച് മണം, രുചി എന്നിവയിൽ മാറ്റമില്ലാതെ സാധാരണ ഊഷ്മാവിൽ ഒരു വർഷം വരെ സൂക്ഷിക്കാവുന്നതാണ്.
പ്രദേശത്തിനനുസരിച്ച് വ്യത്യസ്തമായ കാലാവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിൽ മാറിമാറി വരുന്ന സീസണിൽ വിളവെടുക്കാൻ കഴിയുന്ന ലിച്ചി കൃഷി കർഷകർക്ക് ഏതു കാലത്തും എവിടെയും പരീക്ഷിക്കാം എന്നാണ് കാർഷിക വിദഗ്ദ്ധരുടെ അഭിപ്രായം