ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരുപാട് വിത്തിനങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. പലപ്പോഴും ഉപയോഗപ്പെടുത്താതെ പോകുന്ന ഇവ പോഷകങ്ങളുടെ കലവറയാണ്. ഇത്തിരിക്കുഞ്ഞൻമാരായ വിത്തുകളിൽ ശരീരത്തിനാവശ്യമായ പല ഗുണങ്ങളുമടങ്ങിയിട്ടുണ്ട്. ദിവസേന ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യന്നതുൾപ്പെടെ നിരവധിയായ ഗുണങ്ങളാണ് വിത്തുകൾ കഴിക്കുന്നതിലൂടെ നമ്മുക്ക് ലഭിക്കുന്നത്. പലപ്പോഴും പച്ചക്കറി/ പഴം എന്നിവ ഭക്ഷിച്ചശേഷം അവയുടെ വിത്ത് വെറുതെ കളയാറാണ് പതിവ് ,എന്നാൽ അവ ശരീരത്തിനേകുന്ന പോഷകങ്ങളുടെ അളവ് വളരെ വലുതാണ്.
എല്ലാ വിത്തുകളും നമ്മുടെ ശരീരത്തിന് ഗുണകരമല്ല. ധാരാളം ഫൈബർ, കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ വിത്തുകൾ അങ്ങേയറ്റം പോഷകസമൃദ്ധമാണ്. ഇവ ഏതു ഭക്ഷണത്തോടൊപ്പവും കഴിക്കാവുന്നതുമാണ്. സലാഡുകളിൽ ചേർത്തും, വറുത്തുമാണ് ഇവ പ്രധാനമായി കഴിക്കാറുള്ളത്.ഭക്ഷണത്തിൽ ഉപയോഗിക്കാവുന്ന 4 വിത്തുകളെ നമ്മുക്ക് പരിചയപ്പെടാം...
തണ്ണിമത്തൻ വിത്ത്
92 ശതമാനവും ജലം അടങ്ങിയിട്ടുള്ള ഒരു പഴവർഗ്ഗമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തൻ്റെ വിത്തും ആരോഗ്യത്തിന് നല്ലതാണ്. തണ്ണിമത്തൻ വിത്തുകൾ പ്രതിരോധശേഷിയും ഹൃദയാരോഗ്യവും വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ കൊഴുപ്പുകള്‍ തണ്ണിമത്തന്‍ വിത്തില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കുവാൻ സഹായിക്കുന്നു. തണ്ണിമത്തന്‍ വിത്തിലെ പ്രോട്ടീന്‍, അയണ്‍, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പോഷിപ്പിക്കുന്നു. തലച്ചോറിൻ്റെയും നാഡീവ്യൂഹവ്യവസ്ഥയുടെയും ആരോഗ്യത്തിന് സഹായകമായ വൈറ്റമിന്‍ ബിയും തണ്ണിമത്തനിലുണ്ട്. വിത്തുകള്‍ തണ്ണി മത്തനില്‍ നിന്നും മാറ്റി കഴുകി എടുത്ത് വെളളവുമായി ചേര്‍ത്ത് അടിച്ചെടുക്കുകയും ശേഷം ഇത് ഒരു കോട്ടന്‍ തുണിയില്‍ അരിച്ചെടുത്ത് കുടിക്കുകയാണ് സാധാരണയായി ചെയ്യാറുള്ളത്.
ചിയ വിത്തുകൾ
പ്രോട്ടീനും നാരുകളും കൊണ്ട് സമ്പന്നമാണ് ചിയ വിത്തുകൾ ഇപ്പോൾ വിപണിയിൽ സുലഭമാണ്. ശരീരഭാരം നിയന്ത്രിച്ചു നിർത്താനാണ് പലരും ചിയ സീഡുകളെ ആശ്രയിക്കുന്നത്. ഇവ സലാഡുകളിലും ഡ്രിങ്കുകളിലും ചേർത്താണ് കഴിക്കാറുള്ളത്. പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഇവ വിശപ്പ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.ചിയ വിത്തുകൾ ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമാണ്. ഇത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും.കാത്സ്യവും സിങ്കും അയേണും മറ്റ് ആൻ്റി ഓക്‌സിഡൻ്റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. തലച്ചോറിൻ്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ഹൃദയത്തിൻ്റെ ആരോഗ്യം സംരക്ഷിക്കാന്‍ അത്യുത്തമമാണ്.
മത്തൻ വിത്തുകൾ
മത്തങ്ങ കറികളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പച്ചകറിയാണ്. ഇവയുടെ വിത്തുകൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ബി വൈറ്റമിനുകള്‍, ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ ,സിങ്ക് , മഗ്നീഷ്യം, കോപ്പര്‍, അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ശരീരത്തിലെ മോശം കൊളസ്ട്രോൾ നിലയെ കുറയ്ക്കാനും, മുടിയുടെ വളർച്ചയെ സഹായിക്കാനും ,രക്തസമ്മർദ്ദം ക്രമപ്പെടുത്താനും സഹായകരമാണ്.ആൻ്റിഓക്‌സിഡൻ്റുകളുടെയും ഫൈറ്റോകെമിക്കലുകളുടെയും സാന്നിദ്ധ്യം പ്രതിരോധശേഷി കൂട്ടുകയും ജലദോഷം, പനി, ക്ഷീണം, മറ്റ് അസുഖങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാവുന്ന വൈറൽ അണുബാധകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളില്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉല്‍പാദനത്തിലും നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്ന പോഷകമാണ് സിങ്ക്. ഇവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുള്ളതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനും മത്തങ്ങ വിത്തുകള്‍ നല്ലതാണ്.
ഫ്‌ലാക്സ് വിത്തുകൾ
പ്രോട്ടീന്‍, ഫൈബര്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, ആൻ്റിഓക്സിഡൻ്റുകള്‍, മഗ്‌നീഷ്യം, മാംഗനീസ്, സെലിനിയം എന്നിവയുടെ കലവറയാണ് ഫ്ലാക്സ് സീഡുകൾ. ഫ്‌ളാക്‌സ് സീഡുകള്‍ മുടി സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്.ഫ്ലാക്സ് സീഡ് പൊടി സ്മൂത്തികളിലും സലാഡുകളിലും ചേർത്താണ് കഴിക്കാറുള്ളത്. ഗര്‍ഭിണികള്‍ ഇതു കഴിയ്ക്കുന്നത് വഴി ഗര്‍ഭസ്ഥ ശിശുവിൻ്റെ തലച്ചോർ വികാസത്തെ സഹായിക്കും. വിത്തുകൾ, എണ്ണ, പൗഡർ, ടാബ്‌ലറ്റ് എന്നീ രൂപത്തിൽ ഫ്ളാക്സ് വിത്തുകള്‍ വിപണിയിൽ സജീവമാണ്. ആല്‍ഫ ലിനോലെനിക് ആസിഡ്(എഎല്‍എ) എന്ന തരം ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ മികച്ച സ്രോതസ്സാണ് ഫ്ളാക്സ് വിത്തുകൾ. ഫ്‌ളാക്‌സ് സീഡുകളില്‍ ആല്‍ഫ ലിനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ആസ്ത്മ, പ്രമേഹം, ഹൃദയരോഗങ്ങള്‍, ആര്‍ത്രൈറ്റിസ് എന്നിവ തടയാനും കുടലിലെ ക്യാന്‍സര്‍ തടയാനും ഇവ ഗുണകരമാണ്.