Updated on: 9 December, 2019 7:46 PM IST

ചെറുചണം - കൃഷിരീതി


ചെറുചണം ഒരു ശീതകാല വിളയാണ്. പരമാവധി മൂന്നു മുതല്‍ നാല് അടി വരെ ഉയരത്തില്‍ ചെടി വളരും. കനം കുറഞ്ഞ തണ്ടുകള്‍. ചെടിയുടെ പൂക്കള്‍ക്ക് ഇളം നീല നിറമാണ്. ചണത്തിന്റെ വിത്തില്‍ 35-40% വരെ എണ്ണ അടങ്ങിയിരിക്കുന്നു. ചണത്തില്‍ വളര്‍ച്ചാഘട്ടത്തില്‍ മിതോഷ്ണ കാലാവസ്ഥയോ തണുപ്പ് കാലാവസ്ഥയോ ആണ് നല്ലത്. അന്തരീക്ഷോഷ്മാവ് 33 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയാല്‍ അത് വിത്തിന്റെ ഗുണത്തെയും അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിനെയും പ്രതികൂലമായി ബാധിക്കും. മികച്ച വിളവിനും ഗുണമേന്മയുളള വിത്തിനും 20-25 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവാണ് നല്ലത്. മഴ താരതമ്യേന കുറഞ്ഞ പ്രദേശങ്ങളിലും ചെറുചണം നന്നായി വളരും.
നല്ല നീര്‍വ്വാര്‍ച്ചയും ജൈവാംശവുമുളള കളിമണ്ണാണ് ചെറുചണത്തിന്റെ വളര്‍ച്ചയ്ക്കുത്തമം. കൂടാതെ എക്കല്‍ മണ്ണിലും ഇത് നന്നായി വളരും. വിത്തു പാകുന്നതിനു മുമ്പായി കൃഷിയിടം ട്രാക്ടര്‍ ഉപയോഗിച്ച് ആഴത്തില്‍ മണ്ണിളക്കി പരുവപ്പെടുത്തണം. ചണത്തിന്റെ വേരുകള്‍ക്ക് മണ്ണിനടിയില്‍ വളരെ ആഴത്തിലേക്ക് സുഗമമായി സഞ്ചരിക്കുവാന്‍ വേണ്ടിയാണിത്. കൂടാതെ വെളളം വാര്‍ന്നുപോകാനും സൗകര്യം വേണം.

വിത്തു പാകിയാണ് ചണം കൃഷി ചെയ്യുന്നത്. നനയ്ക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഏതു കാലത്തും ചെറുചണം കൃഷി ചെയ്യാം. എങ്കിലും സാധാരണ ഗതിയില്‍ കനത്ത മഴ കഴിഞ്ഞുളള ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് വിത്തു പാകുന്നത്.
വിത്തില്‍ നിന്ന് രോഗങ്ങളുണ്ടാകുന്നതു തടയാന്‍ ബാവിസ്റ്റിന്‍ വിത്തില്‍ പുരട്ടി നടുന്ന പതിവുണ്ട്. ഒന്നര ഗ്രാം ബാവിസ്റ്റിന്‍ ഒരു കിലോ വിത്തിന് എന്നതാണ് തോത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 12-15 കിലോ വരെ വിത്തു വേണം. വിത്ത് വീശി വിതയ്ക്കുകയോ അല്ലെങ്കില്‍ വരികളില്‍ നുരിയിട്ട് പാകുകയോ ചെയ്യാം.മഴയെ ആശ്രയിച്ചാണ് കൃഷി എങ്കിലും ചെടിക്ക് ശിഖരങ്ങളുണ്ടാകുമ്പോഴും, പുഷ്പിക്കുമ്പോഴും, കായ് പിടിക്കുമ്പോഴും നന്നായി നനയ്ക്കണം. സാധാരണ ഗതിയില്‍ രണ്ടോ മൂന്നോ തവണ മതി നന.
അടിവളമായി 10-15 ടണ്‍ വരെ കാലിവളമോ കമ്പോസ്‌റ്റോ ചേര്‍ത്താണ് ചെറുചണം കൃഷി തുടങ്ങുന്നത്. കൂടാതെ രാസവളങ്ങളും സൂക്ഷ്മമൂലകങ്ങളും നല്‍കി വളര്‍ത്തുന്ന പതിവുമുണ്ട്.

രണ്ടു തരം വളപ്രയോഗമാണ് ഇവിടെ സാധാരണ നടത്തുന്നത്. വിത്തിന്റെ ആവശ്യത്തിന് മാത്രം വളര്‍ത്തുമ്പോള്‍ ഹെക്ടറിന് 40 മുതല്‍ 45 കി.ഗ്രാം വരെ നൈട്രജന്‍, 20 കി.ഗ്രാം ഫോസ്ഫറസ് എന്നിങ്ങനെയാണ് രാസവളങ്ങള്‍ നല്‍കുന്നത്. ഇതില്‍ നൈട്രജന്‍ തുല്യമായി വീതിച്ച് പകുതി അടിവളമായും ബാക്കി പകുതി വിത്തു പാകി 30 ദിവസം കഴിഞ്ഞ് ചേര്‍ക്കണം. കൃഷിസ്ഥലത്ത് യഥാസമയം കളകള്‍ നീക്കാന്‍ ശ്രദ്ധിക്കണം. 4 മുതല്‍ 5 മാസം വരെ വളര്‍ച്ചയാണ് ഇതിന്റെ വിളവെടുപ്പിനാവശ്യം. വിളവെടുപ്പാകുമ്പോള്‍ ഇലകള്‍ ഉണങ്ങി കായ്കള്‍ക്ക് ബ്രൗണ്‍ നിറമാകും. ഈ സമയം വിളവെടുത്ത് 3-4 ദിവസം ഉണക്കി വിത്ത് വേര്‍തിരിച്ചെടുക്കും. ശാസ്ത്രീയമായി കൃഷി ചെയ്താല്‍ ഒരു ഹെക്ടറില്‍ നിന്ന് ഒരു ടണ്‍ വരെ ചെറുചണം വിത്ത് കിട്ടും.ഇന്ത്യയില്‍ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഝാര്‍ഘണ്ട്, ഒറീസ, ആസാം, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, നാഗാലാന്റ്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ചെറുചണം കൃഷി ചെയ്യുന്നത്.

ഫ്ളാക്സ് സീഡ് അഥവാ ചെറുചണവിത്ത് പോഷകസമ്പന്നമായ ധാന്യമാണ്. കാഴ്ചയില്‍ മുതിര എന്നു തോന്നിക്കുന്ന ഇത് ആരോഗ്യസമൃദ്ധവും ഗുണങ്ങളാല്‍ നാരുകള്‍ ധാരാളമുള്ള ഫ്ളാക്സ് സീഡ് ഉദരത്തിലെത്തിയാല്‍ വിഘടിക്കാന്‍ തുടങ്ങും. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാന്‍ ഡെന്‍മാര്‍ക്ക് കോപ്പിര്‍ ഹേഗന്‍ സര്‍വകലാശാലയിലെയും സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാലകളിലെയും ഗവേഷകര്‍ ചേര്‍ന്ന് ഒരു പഠനം നടത്തി. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നവരില്‍ പൊണ്ണത്തടി ഉണ്ടാകാതെ സംരക്ഷിക്കാന്‍ ഫ്ളാക്സ് സീഡിനു കഴിയുമെന്നു പഠനത്തില്‍ തെളിഞ്ഞു. ഫ്ളാക്സ് സീഡിലെ നാരുകള്‍ ഉദരത്തില്‍ വച്ച് ഫെര്‍മെന്റേഷന്‍ നടന്ന് ഉദരത്തിലെ സൂക്ഷ്മാണുക്കളെ സ്വാധീനിക്കും. ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്തി പൊണ്ണത്തടി കുറയ്ക്കും.

സസ്യാധിഷ്ഠിതമായ ഒമേഗ-3 ഫാറ്റി ആസിഡിന്റെ (ആല്‍ഫ-ലിന്‍ഒലീനിക് ആസിഡ്) ഏറ്റവും സമൃദ്ധമായ ഉറവിടമാണ് ചണവിത്ത്.
* ഉയര്‍ന്ന നാരിന്റെ തോത്
* ചര്‍മ്മസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും വേണ്ടി അവശ്യകൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു.
* ദുര്‍മേദസ് കുറച്ച് ശരീരഭാരം കുറയാന്‍ സഹായിക്കുന്നു.
* കരള്‍ രോഗം ഭേദപ്പെടുത്തുന്നു.
* നിരോക്‌സീകാരക സമൃദ്ധം
* കൊളസ്‌ട്രോള്‍ നില കുറയ്ക്കുന്നു.
* മാംസ്യം, മഗ്നീഷ്യം, ജീവകങ്ങള്‍ തുടങ്ങിയവയുടെ കലവറ.
* ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
* പ്രമേഹബാധ നിയന്ത്രിക്കുന്നു.
എണ്ണ വേര്‍തിരിച്ചു കഴിഞ്ഞുളള അവശിഷ്ടം മികച്ച കാലിത്തീറ്റയാണ്. ഇതിനെല്ലാം പുറമെ ചെറുചടിയുടെ നാര് (ലിനന്‍) തുണി വ്യവസായത്തില്‍ നൈസര്‍ഗികനാര് എന്ന നിലയ്ക്ക് വന്‍തോതില്‍ ഉപയോഗിച്ചുവരുന്നുമുണ്ട്.

English Summary: Flax seeds ;Powerhouse of health
Published on: 09 December 2019, 07:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now