നമ്മുടെ ഭക്ഷണത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ഒന്നാണ് ഉലുവ. ആഹാരത്തിന് വ്യത്യസ്ഥ രുചി പകരുന്നതിനൊപ്പം ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഉലുവയും അതിന്റെ ഇലയുമെല്ലാം. തണുത്ത കാലാവസ്ഥയിലും മിതമായ കാലാവസ്ഥയിലുമെല്ലാം ഒരുപോലെ വളരുന്നതാണിത്.
മനസ്സുവച്ചാല്‍ ഫ്‌ളാറ്റിലെ ബാല്‍ക്കെണിയിലും വീട്ടുടെറസ്സിലുമെല്ലാം ഉലുവ അനായാസം വളര്‍ത്തിയെടുക്കാം. ഗുണനിലവാരമുള്ള മണ്ണും വെള്ളവും അനുയോജ്യമായ കാലാവസ്ഥയുമാണെങ്കില്‍ വര്‍ഷം മുഴുവനും ഉലുവ കൃഷി ചെയ്യാം.
ഉലുവയുടെ ഇലകള്‍ക്ക് ത്രികോണാകൃതിയുള്ളതിനാലാണ് ട്രിഗോണെല്‍ എന്ന ജനുസില്‍ ഉള്‍പ്പെട്ടത്. പൂക്കളില്‍ നിന്ന് കായകളുണ്ടാകുകയും ഈ കായയുടെ ഉള്ളില്‍ വിത്ത് കാണപ്പെടുകയും ചെയ്യുന്നു. മേത്തി, സമുദ്ര, ഹല്‍ബമേത്തി, ഗ്രീക്ക് ഹേ, ബേര്‍ഡ്സ് ഫൂട്ട്, ഹില്‍ബ, കൗസ് ഹോണ്‍, ഗോട്ട്സ് ഹോണ്‍ എന്നീ പേരുകളിലെല്ലാം ഉലുവ പല സ്ഥലങ്ങളിലും അറിയപ്പെടുന്നുണ്ട്.
ഉലുവച്ചെടിയുടെ ഇലകള്‍ ഔഷധമായും വിത്തുകള്‍ സുഗന്ധവ്യഞ്ജനമായുമെല്ലാം ഉപയോഗിക്കാറുണ്ട്. വിത്ത് മുളപ്പിച്ച് വളര്‍ത്തുന്ന ഇലവര്‍ഗങ്ങള്‍ താരതമ്യേന എളുപ്പത്തില്‍ വിളവെടുക്കാമെന്നതാണ് ഉലുവയുടെ മേന്മ. 30 ദിവസങ്ങള്‍ കൊണ്ട് വിളവ് ലഭിക്കും. മണ്ണില്‍ വെള്ളമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ചെടി നനയ്‌ക്കേണ്ടതുളളൂ. അമിതമായി വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയാവരുതെന്നു മാത്രം. എന്നാല്‍ മണ്ണ് വരണ്ടുണങ്ങാനും പാടില്ല. യഥാര്‍ഥത്തില്‍ പ്രത്യേക വളപ്രയോഗമൊന്നും ആവശ്യമില്ലാതെ തന്നെ വളരുകയും ധാരാളം ഇലകളുണ്ടാകുകയും ചെയ്യുന്ന ചെടിയാണിത്.
പാത്രങ്ങളിലും ഉലുവ വളര്‍ത്താവുന്നതാണ്. നല്ല സൂര്യപ്രകാശമുളള സ്ഥലം ഇതിനായി തെരഞ്ഞെടുക്കാം. പെട്ടെന്ന് വളരുന്നതിനാല്‍ അത്യാവശ്യം വലിപ്പമുളള പാത്രങ്ങളെടുക്കാം. അതുപോലെ പടരാന്‍ കൂടുതല്‍ സ്ഥലവും ആവശ്യമാണ്. മരം, പ്ലാസ്റ്റിക്, കളിമണ്ണ്, ടെറാകോട്ട എന്നിവകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങള്‍ ഇതിന് യോജിച്ചവയാണ്.
കടകളില്‍ നിന്ന് വാങ്ങുന്ന ഉലുവയും നമുക്ക് മുളപ്പിച്ചെടുക്കാവുന്നതാണ്. ഒരു ഗ്ലാസ്സില്‍ കുറച്ച് വെളളമെടുത്തശേഷം ഉലുവ അതിലിട്ട് വെയ്ക്കാം. കുറച്ചുനേരത്തിനുശേഷം വെളളം ഒഴിവാക്കി വിത്തുകള്‍ ടിഷ്യു പേപ്പറിലോ മറ്റോ പൊതിയണം. തുടര്‍ന്ന് ഇരുട്ടുമുറിയില്‍ സൂക്ഷിയ്ക്കാം. മൂന്നുദിവസത്തിനുളളില്‍ ഇതിന് വിത്ത് മുളയ്ക്കും.