ഇന്ന് ദേശീയ കശുവണ്ടി ദിനം. രാജ്യത്തെ കശുവണ്ടി കയറ്റുമതിയിൽ 75 ശതമാനത്തിൽ അധികവും നമ്മുടെ കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സംസ്കരിച്ച കശുവണ്ടി കയറ്റുമതി ചെയ്യുന്ന കൊല്ലമാണ് കശുവണ്ടി വ്യവസായത്തിന്റെ നാടെന്ന് അറിയപ്പെടുന്നതും.
ബ്രസീലിൽ നിന്നും ഇന്ത്യയുടെ മണ്ണിലേക്ക് വേരുറച്ച കശുവണ്ടിയുടെ വ്യാപാരം വ്യാപിച്ചതോടെ ലോകം മുഴുവൻ ഈ വെള്ളക്കാരന് പ്രിയമേറി. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ സ്ത്രീ- പുരുഷ ഭേദമന്യേ കേരളത്തിലെ ഉപജീവനമാർഗത്തിലും കശുവണ്ടി നിർണായക സ്വാധീനം വഹിച്ചിട്ടുണ്ട്.
വീട്ടിലെ പറമ്പിൽ കാണുന്ന കശുമാവിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കശുവണ്ടി പെറുക്കിയെടുത്ത്, തീയിൽ ചുട്ടെടുത്ത് കഴിച്ചിരുന്ന കാലം മലയാളത്തിന് ഓർമകളാണ്. മഞ്ഞയും ചുവപ്പും നിറത്തിലുള്ള പഴുത്ത കശുമാങ്ങയുടെ ചാറൂറ്റിക്കുടിച്ചും രുചി നുണഞ്ഞ കുട്ടിക്കാലങ്ങളെയും നാട്ടിൻപുറങ്ങളിൽ കാണാമായിരുന്നു. മണ്ണിൽ കൊഴിഞ്ഞുവീണ കശുവണ്ടി തൈയായി വളരാൻ തയ്യാറെടുക്കുമ്പോഴേക്കും കുരുപ്പണ്ടി പൊട്ടിച്ചെടുത്ത് തിന്ന സ്വാദും ഇന്ന് ഗൃഹാതുരത്വത്തിലേക്ക് മാറി.
രുചിയിലും മണത്തിലും കേമനായ കശുവണ്ടിയിൽ പോഷകഗുണങ്ങൾ വളരെ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ആരോഗ്യത്തിനും ഇവ മികച്ചതാണ്.
ഒട്ടനവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് കശുവണ്ടി. പ്രോട്ടീനുകളും കോപ്പർ, കാത്സ്യം, മഗ്നീഷ്യം, അയേൺ, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് തുടങ്ങി മിനറലുകളും സമ്പുഷ്ടമായി കശുവണ്ടിയിൽ നിറഞ്ഞിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ബി1, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, വിറ്റാമിൻ ബി6, ഫോളേറ്റ്, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയും ഇതിൽ സുലഭമായി അടങ്ങിയിട്ടുണ്ട്. ഒമേഗ 9 ഫാറ്റി ആസിഡ് ആയ ഒലെയിക് ആസിഡിന്റെയും കലവറയാണിത്.
ഒരുപാട് നാൾ കേടുപാട് കൂടാതെ സൂക്ഷിച്ചുവക്കാമെന്നതിനാലും ഏത് സമയത്തും ഉപയോഗിക്കാവുന്ന ഒരു സ്നാക്കായും കശുവണ്ടി പലതരത്തിൽ ഫലപ്രദമാണ്.
ഗുണത്തിൽ പലവിധത്തിൽ കശുവണ്ടി
കലോറി അധികമായുള്ളതിനാൽ തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് കശുവണ്ടിയെ പലപ്പോഴും അകറ്റി നിർത്തേണ്ടതായി വരുന്നു.
എന്നിരുന്നാലും, രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കാനും ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനും മുടിയുടെ നിറം വർധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും തുടങ്ങി ഒട്ടേറെ ഗുണങ്ങളാണ് കശുവണ്ടി പ്രദാനം ചെയ്യുന്നത്.
പ്രമേഹം നിയന്ത്രിക്കുന്നു
പ്രായം കൂടുതലുള്ളവരിൽ കൂടുതലും കണ്ടുവരുന്ന ടൈപ്പ് 2 പ്രമേഹത്തിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കശുവണ്ടി കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അതുവഴി പ്രമേഹത്തെ പ്രതിരോധിക്കാനും ഇത് സഹായിക്കും. ദിവസേന മൂന്നോ നാലോ കശുവണ്ടിയിൽ കൂടുതൽ കഴിക്കരുത്.
രക്തസമ്മർദം കുറയ്ക്കുന്നു
രക്തസമ്മർദം നിയന്ത്രിക്കാൻ കശുവണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഗുണകരമായ അൺസാച്ചുറേറ്റഡ് കൊഴുപ്പുകളും മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുമാണ് രക്തസമ്മർദത്തിനെതിരെ പ്രവർത്തിക്കുന്നത്.
പേശിയ്ക്കും മസിലിനും കശുവണ്ടി
പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിന് മഗ്നീഷ്യം അനിവാര്യമാണ്. ദിവസവും ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യമാണ് മനുഷ്യ ശരീരത്തിന് ആവശ്യമായി വരുന്നത്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കുന്നു. കൂടാതെ, മസിലുകള്‍ നന്നായി വളരുന്നതിനും ഇത് ഉത്തമ ഭക്ഷ്യവസ്തുവാണ്.
എല്ലുകളെ സംരക്ഷിക്കുന്നു
കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന കോപ്പർ, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്.
ഹൃദ്രോഗങ്ങളെ പ്രതിരോധിക്കുന്നു
ശരീരത്തിന് ദോഷകരമായ കൊളസ്‌ട്രോൾ കുറയ്ക്കാൻ കശുവണ്ടി സഹായകരമായതിനാൽ തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനായി കശുവണ്ടി പ്രയോജനപ്പെടുത്താം. ദുഷിച്ച കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല, ശരീരത്തിന് ഗുണകരമായ എച്ച്ഡിഎൽ എന്ന കൊളസ്‌ട്രോളിന്റെ അളവ് പരിപോഷിപ്പിക്കുന്നതിനും ഇത് സഹായിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സിങ്ക്, വിറ്റാമിനുകൾ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ആരോഗ്യമുള്ള ജീവിതത്തിലേക്ക് ആവശ്യത്തിന് കശുവണ്ടിയും ഉൾപ്പെടുത്താം.
തിളക്കവും ആരോഗ്യവുമുള്ള മുടിയ്ക്ക്
കോപ്പർ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്നതിനാൽ തന്നെ മുടിയ്ക്ക് കറുപ്പ് നിറം നൽകാൻ കശുവണ്ടി സഹായിക്കും.
പുരുഷന്മാരിൽപ്രത്യുൽപാദനക്ഷമത വർധിപ്പിക്കുന്നു
പുരുഷന്മാരിൽ ബീജത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് നിർണായകമായ ഘടകമാണ് സിങ്ക്. കശുവണ്ടി ഇതിന്റെ കലവറ കൂടിയായതിനാൽ പ്രത്യുൽപാദനക്ഷമത കൂട്ടുന്നതിനും ഇത് പ്രയോജനപ്പെടും.