ചെറുധാന്യങ്ങളില്‍ തെന്നിന്ത്യയുടെ താരമാണ് റാഗി. നമ്മുടെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണ്ണാടകവും തന്നെയാണ് റാഗികൃഷിയിലെ അമരക്കാര്‍. സൂപ്പര്‍ ഫുഡ് എന്ന കാറ്റഗറിയില്‍ പെട്ട ചെറുധാന്യങ്ങള്‍ ജീവീതശൈലീരോഗങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുമെന്നതില്‍ തര്‍ക്കമില്ല. കാത്സ്യത്തിന്റെ കലവറയായ റാഗി എല്ലുകളുടെ ഉറപ്പിന് പിന്‍ബലമേകും. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോളും കുറയ്ക്കാന്‍ റാഗി കഴിക്കാം. എളുപ്പം ദഹിക്കുമെന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആദ്യ കട്ടിയാഹാരമെന്ന ബഹുമതിയും റാഗിക്കുണ്ട്. ദുര്‍മേദസ് കുറയ്ക്കുന്നതിലും മുലപ്പാല്‍ കൂട്ടുന്നതിലും റാഗിക്ക് തന്റേതായ പങ്കുണ്ട്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ co2 ഉം co7 ഉം നമ്മുടെ നാട്ടില്‍ കൃഷി ചെയ്യാന്‍ യോജിച്ച ഇനങ്ങള്‍. നല്ല ജൈവാംശമുളള മണ്ണില്‍ റാഗി നന്നായി വളരും. മണ്ണ് നന്നായി കിളച്ച് പരുവപ്പെടുത്തി മാത്രമേ റാഗി പാകാവൂ. വിത്ത് നേരിട്ട് വരികളില്‍ വിതക്കുന്നതാണ് നടാനുളള എളുപ്പ മാര്‍ഗ്ഗം. വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ 10 സെന്റീമീറ്റര്‍ അകലവുമാണ് പൊതുവേയുളള ശുപാര്‍ശ. ഒരിഞ്ച് ആഴത്തില്‍ വിത്ത് പാകാം. നാലാഴ്ച പ്രായമായ തൈ പറിച്ചുനടുന്നതും റാഗികൃഷിയില്‍ സാധാരണം. ഒരേക്കര്‍ റാഗികൃഷിക്ക് 6 കിലോ വിത്ത് മതിയാകും. മുക്കാല്‍ ലിറ്റര്‍ വെളളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണാസ് കലര്‍ത്തി അരമണിക്കൂര്‍ നേരം വേര് മുക്കിവെച്ച് നടുന്നത് രോഗങ്ങളില്‍ നിന്ന് റാഗിയെ രക്ഷിക്കും.
ഒരേക്കര്‍ റാഗികൃഷിക്ക് 5 ടണ്‍ ജൈവവളം അടിവളമാക്കാം. രാസവളങ്ങളായി വിത്ത് വിതക്കുന്നതിനു മുമ്പായി 20 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 14 കി.ഗ്രാം പൊട്ടാഷും ചേര്‍ക്കണം. നട്ട് ഒരു മാസത്തിനു ശേഷം 20 കി.ഗ്രാം യൂറീയ മേല്‍വളമാക്കാം.
ജൂണ്‍ മാസം തന്നെ കൃഷിയിറക്കിയാല്‍ സ്‌പെറ്റംബറില്‍ വിളവെടുക്കാമെന്നതാണ് റാഗിയുടെ പ്രത്യേകത. വേനല്‍ക്കാല വിളയാക്കുന്നെങ്കില്‍ ജനവരിയില്‍ വിത്തിറക്കി ഏപ്രില്‍ കൊയ്‌തെടുക്കണം. കതിരുകള്‍ മഞ്ഞ കലര്‍ന്ന തവിട്ടു നിറമാകുമ്പോള്‍ കൊയ്‌തെടുക്കാം.വിളവെടുത്ത കതിരുകള്‍ കറ്റകളായി കൂട്ടിയിട്ട് 3 ദിവസം വൈക്കോല്‍ കൊണ്ട് മൂടിയിടണം. ഒരേക്കറില്‍ നിന്ന് 200 കി.ഗ്രാം റാഗി ലഭിക്കും.