Updated on: 10 February, 2020 4:45 PM IST


വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും വരെ ആകാശത്തു നിന്ന് മരുന്ന് തളിക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ച് പോരുന്നത് പഴംകഥയായി മാറുകയാണ്. കുറച്ചു സമയം കൊണ്ട് കൂടുതൽ കൃഷിയിടത്തിൽ മരുന്ന് തളിക്കാം എങ്കിലും ഹെലികോപ്റ്റര്‍ ഉപയോഗം പാരിസ്ഥിതിക വ്യവസ്ഥക്ക് വരുത്തിയ പ്രത്യാഘാതം വളരെ വലുതാണ്. വിളയുടെ ഉപരിതലത്തിൽ നിന്നുമുള്ള ഉയരം കൂടുംതോറും രാസകണികകളുടെ കാറ്റ് മൂലമുള്ള പ്രവാഹം കൂടുന്നത് ഈ രീതിയുടെ പ്രധാന കോട്ടമാണ്. വിദൂര നിയന്ത്രിത ഡ്രോണുകൾ അവിടെയാണ് വേറിട്ട് നിൽക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് മരുന്ന് തളിക്കുമ്പോൾ വിളകളുടെ ഉപരിതലത്തിൽ നിന്നും അവയുടെ പരമാവധി ഉയരം 1.5 മീറ്റർ മുതൽ 2 മീറ്റർ മാത്രം ആകയാൽ കണികകളുടെ വായുപ്രവാഹം കുറച്ച്‌ നിർത്തി കൂടുതൽ ക്ഷമതയോടെ മരുന്നുകൾ വിളകളിലേക്ക് എത്തിയ്ക്കാൻ സാധിക്കുന്നു. കണികകളുടെ വലിപ്പം താരതമ്യേന ചെറുതാകയാലും ചെടികളിൽ ആഗിരണത്തിന്റെ തോത് കൂട്ടുവാനും സാധിക്കുന്നു.

ഡ്രോണുകൾ ഇപ്പോൾ വിവിധങ്ങളായ ആവശ്യങ്ങൾക്ക് കൃഷിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. സെൻസറുകളും ഡിജിറ്റൽ ഇമേജിംഗ് ഇന്ഫ്രാറെഡ് ക്യാമറയും ജി പി എസ് സംവിധാനവും അടങ്ങിയ ഇവക്ക് കർഷകർക്ക് അവരുടെ വിളകളുടെ സമൃദ്ധമായ ചിത്രം നൽകാൻ കഴിയും. വിളവും കാർഷിക കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഈ വിവരങ്ങൾ ഉപയോഗപ്രദമാകും. കാര്‍ഷിക ഡ്രോണുകള്‍ക്ക് മരുന്നുകള്‍ തളിക്കാനും വിത്തു വിതറാനും വളങ്ങള്‍ പത്രപോഷണമായി വിതറി നല്‍കാനും കഴിയും. ജി പി എസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമൂലം വിത്തും വളവും കൃത്യമായ അകലത്തില്‍ തന്നെ വിതറാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

കേരളത്തില്‍ കാര്‍ഷിക ഡ്രോണുകള്‍


കേരളത്തിലും കൃഷിയിടങ്ങളില്‍ ഡ്രോണ്‍കാലമായി. ‘ഡ്രോണുകള്‍ കേരളത്തില്‍ കിട്ടാനില്ലല്ലോ, മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇവയെ കൊണ്ടുവരുന്നത് വന്‍ ചെലവല്ലെ ,നിലവില്‍ നെല്ലുകൊയ്യുന്ന യന്ത്രം കൊണ്ടുവരുന്നതു തന്നെ ബുദ്ധിമുട്ടാണ്, അപ്പോഴല്ലേ ഡ്രോണുകള്‍!’ എന്നായിരുന്നു പൊതുവെ കര്‍ഷകരുടെ അഭിപ്രായം. എന്നാല്‍ വിദേശ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിലെ സാങ്കേതികരംഗം തദ്ദേശീയമായി കാര്‍ഷിക ഡ്രോണുകള്‍ നിര്‍മിച്ചു തുടങ്ങിയിരിക്കുന്നു. അതും വിദേശങ്ങളിലെ ഡ്രോണുകളില്‍ നിന്ന് ഒട്ടും മേന്മ ചോരാതെ തന്നെ. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ ഒരുകൂട്ടം ചെറുപ്പക്കാരും സംരംഭകരും ചേർന്ന് തുടങ്ങിയ റോവൊണൈസ് എന്ന കമ്പനി ആണ് നിലവില്‍ അതിനൂതനമായ കാർഷിക ഡ്രോണുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ആലപ്പുഴ, ചേർത്തല സ്വദേശിയും എയറോനോട്ടിക്കല്‍ എന്‍ജിനീയറുമായ ദേവൻ ചന്ദ്രശേഖരൻ എന്ന യുവാവാണ് ഈ കാർഷിക ഡ്രോണിന്റെ സൃഷ്ടാവ്. ദേവന്റെ ശ്രമങ്ങളെ പ്രവാസി സംരംഭകരും സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുമായ എബിസണ്‍ വര്‍ഗീസ്, ലിജോ ആന്റണി എന്നിവര്‍ പിന്‍തുമച്ചതോടെ റോവൊണൈസ് യാഥാര്‍ത്ഥ്യമായി. അരുണ്‍ കുമാര്‍, ഗോകുല്‍ ജി എസ് എന്നീ ചെറുപ്പക്കാര്‍ ദേവന്‍റെ ശ്രമങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കി കൂടെയുണ്ട്.

റോവൊണൈസിന്‍റെ ഡ്രോണുകള്‍ ശ്രദ്ധയില്‍പെട്ട സംസ്ഥാന കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, ഡ്രോണുകളുടെ ഉപയോഗം കേരളത്തിലെ കൃഷിയില്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി കേരള കാർഷിക സർവ്വകലാശാലയിലെ വിദഗ്ദ്ധരോടും ചാവക്കാട് കൃഷി ഓഫീസറോടും ഇതിനെ വിദഗ്ധ പരിശോധനയ്ക്കും പ്രകടന കാര്യക്ഷമത പരിശോധനകൾക്കും വിധേയമാക്കാൻ നിർദേശിച്ചു. സർവകലാശാല കൃഷി ശാസ്ത്രജ്ഞരായ ഡോ. പി ഇന്ദിരാദേവി, ഡോ. എ ലത, ചാവക്കാട് കൃഷി ഓഫീസർ ഡോ. വിവൻസി എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദ്ധ പരിശോധന പൂർത്തിയാക്കിയ ഈ ഡ്രോണുകൾ അധികൃതർ നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കാര്‍ഷിക മേഖലയില്‍ സാങ്കേതിക കുതിപ്പിനായി തയ്യാറായിരിക്കയാണ്. കാർഷികകേരളത്തിന്റെ സമഗ്രവികസനം കാംക്ഷിക്കുന്ന കൃഷിമന്ത്രി ഈ ഡ്രോണുകൾ തൃശ്ശൂരിലെ ചാഴൂർ പാടശേഖരങ്ങളിൽ ഉപയോഗിച്ചുകൊണ്ട്‌ 2019 നവംബർ 30 ന് ഉദ്‌ഘാടനം ചെയ്തു. നിലവിൽ റോവൊണൈസ് കേരളത്തിലെ ചുരുക്കം ചില കര്‍ഷകരെ ഉപയോഗിക്കുന്നുള്ളു. എന്നാൽ കേരളത്തിലെ കാര്‍ഷികസമൂഹത്തിന്റെയും കൃഷിസംരംഭകരുടെയും വിളിക്കായി കാത്തുനിൽക്കുകയാണ് കമ്പനി. ബന്ധപ്പെടേണ്ട നമ്പര്‍ -- 7012937807, 9846073050, ഇ മെയില്‍ - devan.c@rovonize.com

English Summary: Drones in Agriculture sector
Published on: 10 February 2020, 04:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now