ജൈവകൃഷി രീതിക്ക് പ്രസക്തിയേറി കൊണ്ടിരിക്കുകയാണ്. സുസ്ഥിരവും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാത്തതുമായ കൃഷി ചെയ്യണമെങ്കിൽ ജൈവവളപ്രയോഗം ആണ് അത്യുത്തമം. വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങൾ കുറഞ്ഞതോതിൽ ജൈവവസ്തുക്കളിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കൃഷിയിടത്തിൽ എല്ലാ പോഷകമൂല്യങ്ങളും ലഭ്യമാക്കുവാൻ ഇന്നത്തെ സാഹചര്യത്തിൽ ചെയ്യേണ്ട ഒരേയൊരു കാര്യം ജൈവവളങ്ങളും ജീവാണുവളങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ കൃഷിരീതിയാണ്.
ജൈവവളങ്ങൾ
ജൈവവളങ്ങൾ മണ്ണിൻറെ ഭൗതികഗുണങ്ങൾ മെച്ചപ്പെടുത്തുന്നതിൽ വളരെ പ്രധാന പങ്കുവഹിക്കുന്നു. ജൈവവളങ്ങളുടെ പ്രയോഗം മണ്ണിൽ സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. ഇത് മണ്ണിനെ വളക്കൂറുള്ളത്താക്കുന്നു. ഉത്പാദന ശേഷിയും മെച്ചപ്പെടുത്തുന്നു. ജൈവവളപ്രയോഗം പോലെതന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നാണ് ജീവാണുവളങ്ങളുടെ ഉപയോഗം. ട്രൈക്കോഡർമ, അസോസ്പൈറില്ലം, മൈക്കോറൈസ തുടങ്ങിയ ജീവാണുവളങ്ങൾ ഇന്ന് വ്യാപകമായി കർഷകർ ഉപയോഗിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ : ഗുണമേന്മയുള്ള വിത്തിനങ്ങൾ നിങ്ങൾക്ക് വേണോ?
ഇത് കീടരോഗ സാധ്യതകൾ ഇല്ലാതാക്കുകയും പരമാവധി വിളവ് ലഭ്യമാക്കുവാൻ കാരണമാവുകയും ചെയ്യുന്നു. ഇനി ജൈവവളങ്ങളിൽ കൃഷിയിടത്തിൽ മികച്ച വിളവ് ലഭ്യമാകുന്ന ജൈവവള കൂട്ടുകളിൽ പ്രധാനമാണ് പച്ചിലവളം, കാലിവളം, കമ്പോസ്റ്റ്,എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവ. കൂടാതെ പച്ചില പയറുവർഗ്ഗ ചെടികളുടെ അവശിഷ്ടങ്ങൾ മണ്ണിലേക്ക് ഉഴുത് ചേർക്കുന്നത് മൂലം മണ്ണിൽ പാക്യജനകത്തിന്റെയും ജൈവാംശത്തിന്റെയും തോത് വർദ്ധിക്കുന്നു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ പരമാവധി മണ്ണിലേക്ക് കൊടുക്കേണ്ടത് പരമപ്രധാനമാണ് ഇന്നത്തെ കൃഷിയിൽ. ജൈവ വസ്തുക്കളുടെ ലഭ്യത അനുസരിച്ച് കമ്പോസ്റ്റ് പല രീതിയിൽ നിർമ്മിച്ച് ചെടികൾക്ക് നൽകാവുന്നതാണ്. ഇന്ന് കേരളത്തിൽ ഏറെ പ്രചാരത്തിലുള്ള കമ്പോസ്റ്റുകളാണ് മണ്ണിരക്കമ്പോസ്റ്റും ചകിരിച്ചോർ കമ്പോസ്റ്റും. ഇത് മണ്ണിൽ പ്രയോഗിക്കുമ്പോൾ പ്രധാന മൂലകങ്ങളും, എൻസൈമുകളും, ജീവകങ്ങളും, ഹോർമോണുകളും എളുപ്പം വലിച്ചെടുത്ത് ഉപയോഗിക്കാൻ കഴിയുന്നു.
ബന്ധപ്പെട്ട വാർത്തകൾ : അടുക്കളത്തോട്ടത്തിലെ വളപ്രയോഗ രീതികൾ
കാലിവളർത്തലിൽ ഗോമൂത്രത്തിൽ ചെടികൾക്ക് ആവശ്യമായ പ്രാഥമിക മൂലകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ഇതിൻറെ ഉപയോഗവും മികച്ചതാണ്. ഗോമൂത്രം നേർപ്പിച്ച് നേരിട്ട് സസ്യങ്ങളിൽ തളിക്കുന്നത് അവയുടെ വളർച്ച ത്വരിതപ്പെടുത്തുവാൻ കാരണമാകുന്നു. കൂടാതെ കീടങ്ങളുടെ ശല്യം ഒരു പരിധിവരെ തടയുകയും ചെയ്യുന്നു. കാലിവളർത്തലിൽ നിന്ന് ലഭ്യമാകുന്ന ജൈവ വാതകം ഇന്ധനമായി പാചകത്തിനും വിളക്ക് കത്തിക്കാനും ഉപയോഗിക്കാം എന്നതും പ്രധാനപ്പെട്ട കാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ : സീറോബജറ്റ് കൃഷിരീതിയിലെ പ്രധാന രണ്ട് കീടനിയന്ത്രണ മാർഗങ്ങൾ