വിത്ത് ഇടുന്നത് നല്ല മണ്ണിൽ ആവണം എന്നതാണ് കൃഷി ചെയ്യുവാനുള്ള ആദ്യ പാഠങ്ങളിൽ ഉൾപ്പെടുന്നത്. കേരളത്തിൽ സ്വഭാവ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാനമായും പത്ത് തരത്തിലുള്ള മണ്ണുകൾ ആണ് ഉള്ളത്.
കേരളത്തിലെ പ്രധാന മണ്ണിനങ്ങൾ (Soil types)
കേരളത്തിൽ 65 ശതമാനത്തിലേറെ സ്ഥലത്തും വെട്ടുകൽ മണ്ണാണ് ഉള്ളത്. ഇത് കാസർകോട് മുതൽ കൊല്ലം വരെ നീണ്ടു കിടക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ചുവന്നമണ്ണ്, വനമേഖലയിലെ വനമണ്ണ്, തീരപ്രദേശത്തെ എക്കൽമണ്ണ്, പൊക്കാളി മണ്ണ്, കോൾ നിലങ്ങളിലെ മണ്ണ്, പാലക്കാട് ചിറ്റൂർ മേഖലയിൽ ധാരാളമായി കണ്ടുവരുന്ന കരിമണ്ണ്, നദീതീര മണ്ണ്, ഓണാട്ടുകര മണ്ണ്, താഴ്‌വരകളിൽ കാണുന്ന തവിട്ടു മണ്ണ് എന്നിങ്ങനെയാണ് പ്രധാന മണ്ണിനങ്ങൾ.
ബന്ധപ്പെട്ട വാർത്തകൾ:മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം
ഇനി രാസ ഗുണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടു തരം മണ്ണ് മാത്രമേ നിലവിലുള്ളത്. അതാണ് ക്ഷാര മണ്ണും അമ്ലത കൂടിയ മണ്ണും. പാലക്കാട് ജില്ലയിലെ ചിറ്റൂർ പ്രദേശത്ത് കണ്ടുവരുന്ന കരിമണ്ണ് മാത്രമാണ് കേരളത്തിൽ ക്ഷാര സ്വഭാവമുള്ള മണ്ണ്. മറ്റു മണ്ണിനങ്ങൾ പൊതുവേ അമ്ലസ്വഭാവം ഉള്ളവ ആയാണ് കണക്കാക്കുന്നത്. ജൈവാംശം, മഴ, വെയിൽ തുടങ്ങിയവയുടെ ലഭ്യത എന്നിവ അടിസ്ഥാനപ്പെടുത്തി ഓരോ മണ്ണിലും ഉള്ള പോഷക ആവശ്യങ്ങളുടെ അളവ് വ്യത്യാസം ആണ്. മണ്ണിലെ പോഷക നില മനസ്സിലാക്കി മാത്രമേ കൃഷി ചെയ്യുവാൻ പാടുള്ളൂ.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് പരിശോധന എങ്ങനെ നടത്താം
മികച്ച രീതിയിൽ ഒരു സസ്യത്തിന് വളരുവാൻ മണ്ണിൽ 18 മൂലകങ്ങൾ വേണം. അതുകൊണ്ടുതന്നെ ഈ ആവശ്യകതയുടെ അളവിന് അടിസ്ഥാനപ്പെടുത്തി പ്രാഥമിക മൂലകങ്ങൾ, ദിതീയ മൂലകങ്ങൾ സൂക്ഷ്മ മൂലകങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു. ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയാണ് മണ്ണിൽ കൂടുതൽ അളവിൽ വേണ്ട പ്രാഥമിക മൂലകങ്ങൾ. കാൽസ്യം, മഗ്നീഷ്യം, സൾഫർ തുടങ്ങി ദിതീയ മൂലകങ്ങളും ചെടികളുടെ വളർച്ചയ്ക്ക് വേണ്ടതാണ്. സൂക്ഷ്മ മൂലകങ്ങൾ ആയ ഇരുമ്പ്, മാംഗനീസ്, ചെമ്പ്, ബോറൺ, നിക്കൽ തുടങ്ങിയവയും സസ്യ വളർച്ച വേഗത്തിൽ ആകുവാൻ പരമപ്രധാനമായി മണ്ണിൽ വേണ്ട ഘടകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: സംരക്ഷിക്കണം മണ്ണിന്റെ ആരോഗ്യം
ഈ മൂലകങ്ങൾ നമ്മുടെ കൃഷിഭൂമിയിൽ എത്രത്തോളമുണ്ടെന്ന് അറിഞ്ഞുവേണം കൃഷി ഒരുക്കുവാൻ. ഇതിൻറെ അളവ് കൃത്യമായി മനസ്സിലാക്കുവാൻ ആദ്യം മണ്ണ് പരിശോധന നടത്തണം. ഇതിനുശേഷം മാത്രമേ പോഷകമൂലകങ്ങൾ വള പ്രയോഗത്തിലൂടെ ലഭ്യമാക്കാവൂ. ജൈവവളങ്ങളും രാസവളങ്ങളും തുല്യപ്രാധാന്യമുള്ള സംയോജിത പോഷക പരിപാലന രീതിയാണ് ഇന്നത്തെ കാലത്ത് ഏറെ അഭികാമ്യമായി കണക്കാക്കുന്നത്.