Features

സംരക്ഷിക്കണം മണ്ണിന്റെ ആരോഗ്യം

ഭൂമിയില്‍ വീഴുന്ന ഓരോ തുളളി ജലവും ആഗിരണം ചെയ്ത് മനുഷ്യനും, സസ്യജാലത്തിനും മറ്റ് ജീവിവര്‍ക്ഷങ്ങള്‍ക്കും നല്‍കുന്ന, ജലം സംരക്ഷിക്കുന്ന, അത്ഭുത സൃഷ്ടിയാണ് മണ്ണ്. പ്രകൃതിയുടെ വരദാനമായി ലഭിക്കുന്ന കോടിക്കണക്കിന് ലിറ്റര്‍ മഴയെ കരുതിവയ്ക്കുന്ന ഏറ്റവും വലിയ പ്രകൃതിദത്ത ജലസംഭരണിയും ഇതുതന്നെ. മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം എന്ന വസ്തുത നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് അവിഭാജ്യഘടകമായ മണ്ണ് അവന്റെ ഇടപെടലിലൂടെ തന്നെ മലിനമായിക്കൊണ്ടിരിക്കുന്നു. അമിതമായ രാസവളപ്രയോഗങ്ങളും അശാസ്ത്രീയ കൃഷിരീതികളും ഭൂമിയെ കൃഷിയോഗ്യമല്ലാതാക്കി മാറ്റിയിരിക്കുന്നു. മണ്ണ്-ജല സംരക്ഷണം കാലത്തിന്റെ ആവശ്യകതയാണെന്നും പ്രകൃതിയുടെ നിലനില്പിന് ഇത് അത്യന്താപേക്ഷിതമാണെന്നും നാം തിരിച്ചറിയണം. മാനവസമൂഹങ്ങളും സംസ്‌ക്കാരങ്ങളും ഉടലെടുത്തതും വളര്‍ന്നതും വികാസം പ്രാപിച്ചതും ഫലപുഷ്ടിയുള്ള മണ്ണിലാണ്.

കാലാന്തരത്തില്‍ പാറ പൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ഉല്‍പ്പാദനശേഷിയുള്ള മണ്ണാകുന്നത് ഭൂപ്രകൃതിയുടെയും കാലാവസ്ഥാഘടകങ്ങളായ സൂര്യപ്രകാശം, മഴ, എന്നിവയുടെയും ജീവജാലങ്ങളുടെയും പ്രവര്‍ത്തനഫലമായിട്ടാണ്. കൂടാതെ മനുഷ്യന്റെയും, മൃഗങ്ങളുടെയും സസ്യങ്ങളുടെയും മറ്റ് ജീവജാലങ്ങളുടെയും ജൈവാംശങ്ങള്‍ കൂടി ഭൂമിയില്‍ വീണലിഞ്ഞാണ് ഫലഭൂയിഷ്ഠമായ മണ്ണ് രൂപപ്പെടുന്നത്. ലക്ഷക്കണക്കിന് സൂക്ഷ്മജീവികളുടെയും ബാക്റ്റീരിയകളുടെയും മണ്ണിരകളുടെയും ആവാസസ്ഥലമായ മണ്ണിന്റെ ജീവന്‍ നഷ്ടപ്പെടുമ്പോള്‍ ഇല്ലാതാകുന്നത് ഇത്തരം ജൈവമിത്രങ്ങള്‍ കൂടിയാണ്. 
കേരളത്തിലെ സൂക്ഷ്മകാലാവസ്ഥയെ നിലനിറുത്തുന്നതില്‍ മണ്ണിന് നിര്‍ണായകമായ സ്ഥാനമാണുള്ളത്. ഫലഭൂയിഷ്ടമായ മണ്ണാണ് ഭക്ഷ്യവിളകളുടെ നിലനില്‍പ്പിനാവശ്യമയ പ്രധാനഘടകം. സസ്യജാലങ്ങള്‍ വളരാനും വിവിധ ഇന്ധനങ്ങള്‍ ലഭിക്കുവാനും മണ്ണ് അനിവാര്യ വസ്തുവാണ്. ഒട്ടേറെ ജൈവ-രാസ ഘടകങ്ങള്‍ ഉള്‍പ്പെടുന്നതാണ് മണ്ണ്. ഗുണമേന്മയുള്ള മണ്ണില്‍ 45% ധാതുലവണങ്ങളും, 5% ജൈവ വസ്തുക്കളും ഉണ്ടാവണം. അവശേഷിക്കുന്നതില്‍ 25% ഭാഗം വായുവും 25% ഭാഗം ജലവുമായിരിക്കണം. ഇതാണ് നല്ല മണ്ണിന്റെ ലക്ഷണം. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മണ്ണിന്റെ ഫലപുഷ്ടി നശിപ്പിക്കുകയാണ്. ഇത് കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയെയും ജലലഭ്യതയെയും ശോഷിപ്പിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പിന് ഇതര ജീവജാലങ്ങളുടെ സാന്നിധ്യംകൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. 

കൃഷിക്ക് യോഗ്യമായ മണ്ണിന്റെ വിസ്തൃതി കുറയുന്നതോടൊപ്പം ഉള്ള മണ്ണ് തന്നെ മലിനീകരിക്കപ്പെടുന്ന അവസ്ഥയാണിന്ന്. ഖരമാലിന്യം, ജനപ്പെരുപ്പം, അമിത രാസവളപ്രയോഗം എന്നിവ മണ്ണ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണ്. ഖരമാലിന്യങ്ങളില്‍ ജൈവവിഘടനത്തിന് വിധേയമാകാത്ത പ്ലാസ്റ്റിക്, നൈലോണ്‍ തുടങ്ങിയവ മണ്ണിന് ഭീഷണിയാണ്. സസ്യങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ മണ്ണിലെ ജൈവാംശം നിലനിര്‍ത്താന്‍ സൂക്ഷ്മജീവികളുടെയും മണ്ണിരകളുടെയും പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. പ്ലാസ്റ്റിക് പോലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ഈ ജീവികളുടെ നിലനില്‍പിനെയും ജലവും വളവും വലിച്ചെടുക്കാനുള്ള ചെടികളുടെ സ്വാഭാവിക കഴിവിനെയും പ്രതികൂലമായി ബാധിക്കും. ഉല്‍പാദനവര്‍ദ്ധനയ്ക്കുവേണ്ടി കര്‍ഷകര്‍ അശാസ്ത്രീയമായി പ്രയോഗിക്കുന്ന രാസവളങ്ങളും കീടനാശിനികളും മണ്ണിനെ വിഷലിപ്തമാക്കുന്നുണ്ട്. മണ്ണിന്റെ നഷ്ടപ്പെടുന്ന ആരോഗ്യം രാസഭൗതിക സ്വഭാവങ്ങളിലെ മാറ്റം, അമ്ലത്വം, മണ്ണിന്റെ കുറയുന്ന ജൈവാംശം എന്നിവ മറ്റു പ്രശ്‌നങ്ങളാണ്.

ഭൂമിയിലെ ജീവജാലങ്ങള്‍ മണ്ണിനെ പുഷ്ടിപ്പെടുത്തുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ഒരിഞ്ച് മണ്ണ് രൂപപ്പെടാന്‍ ആയിരത്തോളം വര്‍ഷം വേണം. അടരുകളായാണ് മണ്ണ് രൂപാന്തരപ്പെടുന്നത്. മണ്ണ് മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ജൈവവൈവിധ്യ സംരക്ഷണം, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കല്‍, ജലസംരക്ഷണം, ജലശുദ്ധീകരണം എന്നിവയിലും  പ്രധാനപങ്കുവഹിക്കുന്നു. രൂപപ്പെടുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നിറത്തിലും ഗുണത്തിലും മണ്ണ് വ്യത്യസ്തത കാണിക്കുന്നു. കേരളത്തിലെ പ്രധാന മണ്ണിനങ്ങള്‍ തീരദേശമണ്ണ്, എക്കല്‍ മണ്ണ്, കരിമണ്ണ്, വെട്ടുകല്‍മണ്ണ്, ചെമ്മണ്ണ്, മലയോരമണ്ണ്, കറുത്ത പരുത്തിമണ്ണ്, വനമണ്ണ് എന്നിവയാണ്. കൂടാതെ കുട്ടനാടന്‍ മണ്ണ്, കോള്‍ മണ്ണ്, പൊക്കാളി മണ്ണ്,  എന്നിവ പധാന പ്രശ്‌നമണ്ണിനങ്ങളാണ്. 

ഇന്ത്യയില്‍ ഏകദേശം 600 കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭ ജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. ഉപരിതല മണ്ണിന്റെ നഷ്ടം ഒഴിവാക്കുന്നതിനും മണ്ണൊലിപ്പു തടയുന്നതിനും പരമാവധി ജലം സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി നിര്‍മിതികള്‍ ഉപയോഗിക്കാറുണ്ട്. കൃത്യമായ സ്ഥാനനിര്‍ണയം നടത്തി ഇത്തരം നിര്‍മിതികള്‍ പണിതാല്‍ മണ്ണ്-ജലസംരക്ഷണത്തിന് അത് വളരെ സഹായകമാകും.

മണ്ണ്-ജല സംരക്ഷണത്തില്‍ ഊന്നിക്കൊണ്ടുള്ള കൃഷിരീതിയായ കണ്‍സര്‍വേഷന്‍ അഗ്രോണമി, സൂര്യപ്രകാശത്തെ പരമാവധി പ്രയോജനപ്പെടുത്താവുന്ന സമ്മിശ്രബഹുതലകൃഷി, കാര്‍ഷിക-കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള സംയോജിത കൃഷിരീതി, ഭൂമിയുടെ ചരിവിനു കുറുകെ ചെടികള്‍ നടുന്ന കോണ്ടൂര്‍ കൃഷിരീതി, തുടങ്ങിയ കൃഷിരീതികള്‍ ഇതിലുള്‍പ്പെടുന്നു. സ്ട്രിപ്പ് കൃഷി, ആവരണവിളകൃഷി, സംരക്ഷണ വനവത്കരണം, പുല്‍കൃഷി, വിളപരിക്രമം എന്നിവയിലൂടെ മണ്ണിന്റെ ആരോഗ്യം പരിരക്ഷിക്കാം. അതോടൊപ്പം ധാരാളം വേരുകളുള്ള രാമച്ചം പോലുള്ള ചെടികള്‍ നട്ടുപിടിപ്പിക്കല്‍, ജൈവവേലിനിര്‍മാണം, കമ്പോസ്റ്റ് നിര്‍മാണം, നീര്‍ച്ചാലുകളുടെ വശങ്ങളില്‍ കൈതപോലുള്ള ചെടികള്‍ വച്ചുപിടിപ്പിക്കല്‍, കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങി മണ്ണു സംരക്ഷണത്തിനായി നിരവധി ജൈവമുറകളും സ്വീകരിക്കാവുന്നതാണ്.

ജൈവകൃഷിയിലൂടെ സുസ്ഥിര കൃഷി എന്നതാവണം ലക്ഷ്യം. ഭൂപരിഷ്‌ക്കരണം നടപ്പിലായതോടെ സാമൂഹ്യമായ പരിഷ്‌ക്കരണം നടപ്പിലായെങ്കിലും കൃഷിഭൂമികളുടെ തുണ്ടുവല്‍ക്കരണം അനന്തരഫലമായുണ്ടായി. ഉല്പാദനവും ഉല്പാദനക്ഷമതയും കുറഞ്ഞു, ഉല്പാദനച്ചെലവ് കൂടി. കൂട്ടായ്മയോടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളിലൂന്നുന്ന ഗ്രൂപ്പ് ഫാമിങ്ങിന്റെ മാതൃക ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു മണ്ണുസംരംക്ഷണത്തിനും ആരോഗ്യപരിപാലനത്തിനും കുറേക്കൂടി ഊന്നല്‍ നല്‍കണം.. ഇന്ത്യയിലാകെയുളള മണ്ണിന്റെ പരിശോധനാഫലം അടക്കമുളള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ കാര്‍ഡ് കര്‍ഷകര്‍ക്ക് വലിയ സഹായമായിരിക്കും. ഇത് രാജ്യത്താകെയുളള മണ്ണിന്റെ അവസ്ഥ കൃത്യമായി അറിയാനും വേണ്ട ഇടപെടലുകള്‍ നടത്താനും സഹായകമാകും. 

2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷത്തില്‍ ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണ് എന്നായിരുന്നു യു.എന്‍ മുന്നോട്ടു വെച്ച മുദ്രാവാക്യം. ഇത് മനുഷ്യന്‍ എന്നും ഓര്‍ത്തിരിക്കേണ്ടതാണ്. വരും തലമുറയെയും മണ്ണിനെ സ്‌നേഹിക്കാന്‍ പഠിപ്പിക്കണം. കുട്ടിള്‍ മണ്ണറിഞ്ഞുതന്നെ വളരണം. അനേകം കോടി സസ്യ-ജന്തുജാലങ്ങളിലെ ജീവന്റെ തുടിപ്പിനെ നിലനിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ് മണ്ണ് എന്ന് തിരിച്ചറിയണം. എങ്കിലേ മണ്ണിനെ സ്‌നേഹിക്കാനും ലാളിക്കാനും കഴിയൂ. 2016 ഡിസംബര്‍ 5ാം തീയതി സമുചിതമായി ആചരിച്ച അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ മുദ്രാവാക്യം 'മണ്ണും പയറുവിളകളും സഹജീവനത്തിന്' എന്നതാണ്. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യസംരക്ഷണത്തിന് പയറുവര്‍ക്ഷവിളകളുടെ പ്രാധാന്യം വളരെയേറെയാണ്.
സുധീഷ് കുമാര്‍. കെ, അസി. ഡയറക്ടര്‍ (മണ്ണ് പര്യവേക്ഷണം), 
മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ്, ഫോണ്‍ - 9495779388

English Summary: necessity to preserve soil

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds