യുക്രൈൻ പൊരുതുകയാണ്. റഷ്യയുടെ അധിനിവേശവും ആക്രമണവും ഏൽപ്പിച്ച ആഘാതത്തെ ചെറുത്തു നിൽക്കുന്ന യുക്രൈന് വേണ്ടി മനസിലെങ്കിലും സഹതാപം പ്രകടിപ്പിക്കാത്തവരുണ്ടാകില്ല. യുദ്ധം ആരുമാഗ്രഹിക്കാത്ത മഹാവിപത്താണ്. സമാധാനമാണ് മനുഷ്യരാശിയ്ക്ക് ശാശ്വതമെന്നും ലോകം ഉറക്കെ വിളിച്ചുപറയുന്നുണ്ട്.
ഒരു സ്വതന്ത്രരാഷ്ട്രത്തിന് മേൽ മറ്റൊരു രാഷ്ട്രം നടത്തുന്ന കടന്നാക്രമണത്തെ നോക്കി നിൽക്കുമ്പോൾ, നിസ്സഹായതയുടെ കരങ്ങളേന്തുന്നത് സൂര്യകാന്തി പൂക്കളെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: സൂര്യകാന്തിപ്പാടം ഒരുക്കി ; ഇനി സൺഫ്ലവർ ഓയിലും
യുക്രൈനിന്റെ ദേശീയ പുഷ്പമാണ് സൂര്യകാന്തി. രാജ്യസ്നേഹത്തിന്റെ പ്രതീകമായി സൂര്യകാന്തി പണ്ട് മുതൽ തന്നെ യുക്രേൻ ജനതയുടെ ഹൃദയത്തിൽ സ്ഥാനം വഹിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞയാഴ്ച മുതൽ ആഗോളതലത്തിൽ സൂര്യകാന്തി വളരുകയാണ്. യുദ്ധം വേണ്ടെന്ന് ആഹ്വാനം ചെയ്യുന്നവർക്ക് സമാധാനത്തിന്റെ ചിഹ്നമാണ് സൂര്യകാന്തി.
റഷ്യയിൽ നിന്നുള്ള രാജ്യത്തിന്റെ പ്രതിരോധത്തിന്റെയും ഐക്യത്തിന്റെയും പ്രതീക്ഷയുടെയും ആഗോള പ്രതീകമാണിപ്പോൾ സൂര്യകാന്തി. സമൂഹമാധ്യമങ്ങളിലും യുക്രൈനോടുള്ള ഐക്യദാർഢ്യമെന്ന രീതിയിൽ സൂര്യകാന്തിയെ പ്രതീകമാക്കുന്നു.
ഇതിന് ഉദാഹരണമാണ് അടുത്ത ദിവസങ്ങളിൽ പല പ്രമുഖരുൾപ്പെടെയുള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മഞ്ഞ സൂര്യകാന്തിയുടെ ഇമോജികളും ചിത്രങ്ങളും ഉൾപ്പെടുത്തിയുള്ള പോസ്റ്റുകൾ പങ്കുവക്കുന്നത്. തോക്കിൽ നിന്നും വെടിയുണ്ടയല്ല, സൂര്യകാന്തിയാണ് വരേണ്ടതെന്ന അർഥം വരുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചിട്ടുണ്ട്.
സമാധാനത്തിന്റെ സൂര്യകാന്തി (Sunflower For Peace)
ഇതിന് പുറമെ, മുടിയിലും വസ്ത്രത്തിലും സൂര്യകാന്തിപ്പൂക്കൾ ധരിച്ചും മറ്റ് ചിലർ സൂര്യകാന്തി കൂടുതൽ നട്ടുവളർത്തിയും യുക്രൈനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയാണ്. 'നിങ്ങൾ മരിക്കുമ്പോൾ ഈ സൂര്യകാന്തി വിത്തുകൾ ഇവിടെ പാകുക,' എന്ന് റഷ്യൻ സൈനികരോട് ഒരു യുക്രൈൻ വനിത പറയുന്നതും അടുത്തിടെ വൈറലായ ഒരു വീഡിയോയിൽ കാണിക്കുന്നുണ്ട്.
യുദ്ധത്തിന്റെ അവസാന വിത്തും നശിക്കുമ്പോൾ, സമാധാനത്തിന്റെ സൂര്യകാന്തി വിത്തുകൾ പാകണമെന്നാണ് ആ സാധാരണക്കാരി പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും സൂര്യകാന്തി എണ്ണ
ഫെബ്രുവരി 27ന് ഒട്ടാവയിൽ നടന്ന റാലിയിൽ ഒരു സ്ത്രീ സൂര്യകാന്തിപ്പൂക്കളുടെ കിരീടം ധരിച്ചതും, അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡൻ ഇക്കഴിഞ്ഞ തിങ്കളാഴ്ച സൂര്യകാന്തി തുന്നിച്ചേർത്ത വെളുത്ത മാസ്ക് ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതുമെല്ലാം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു.
യൂറോപ്യൻ പാർലമെന്റിൽ തങ്ങൾ യുക്രേനൊപ്പമാണെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നിലപാടിനൊപ്പം നിൽക്കുന്നതായിരുന്നു ജിൽ ബൈഡന്റെ ഈ നീക്കവുമെന്ന് വിലയിരുത്തുന്നു.
'നോ വാർ'- സൂര്യകാന്തി ഏന്തി കലാരംഗവും (No War- Arts Hold Sunflower)
കലാരംഗവും സമാധാനത്തിനായി ആഹ്വാനം ചെയ്ത് സൂര്യകാന്തി പൂക്കളേന്തുകയാണ്. ചിത്രകാരന്മാർ സൂര്യകാന്തിപ്പൂക്കളെ അവരുടെ കരവിരുതുകളിൽ വരച്ചിടുന്നു. യുക്രൈൻ സന്ദർശിച്ചിട്ടുള്ളവരാകട്ടെ അവിടെ നിന്നും പകർത്തിയെടുത്ത സൂര്യകാന്തി പാടങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു.
സൂര്യകാന്തിയും യുക്രൈൻ ചരിത്രവും (Sunflower And Ukraine History)
യുദ്ധമുഖത്ത് സൂര്യകാന്തിയുടെ സാന്നിധ്യം ഇതിന് മുൻപും യുക്രൈൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1996ലെ വേനൽക്കാലത്ത്, തെക്കൻ യുക്രൈനിലെ പെർവോമൈസ്ക് മിസൈൽ ബേസിൽ, രാജ്യത്ത് നിന്ന് ആണവായുധങ്ങൾ നീക്കം ചെയ്യുന്നതിന്റെ അടയാളമായി ഉദ്യോഗസ്ഥർ സൂര്യകാന്തിപ്പൂക്കൾ നട്ടുപിടിപ്പിച്ചിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ആണവായുധശേഖരം യുക്രൈയിൻ ഉപേക്ഷിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് അന്ന് സൂര്യകാന്തി നട്ടുപിടിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: ഉക്രെയ്ൻ-റഷ്യ യുദ്ധം: ഇതര റൂട്ടുകളിലൂടെ ഇന്ത്യ പൗരന്മാരെ രക്ഷപ്പെടുത്താൻ പദ്ധതിയിടുന്നു
ഇരുരാജ്യങ്ങൾക്കും അവരുടേതായ കാരണങ്ങളും വാദങ്ങളും ഉണ്ടാകും. എന്നാൽ മനുഷ്യന്റെ ജീവനെ പണയപ്പെടുത്തിയുള്ള യുദ്ധമല്ല അതിന് പരിഹാരം. 'നമ്മളെല്ലാവരും യുക്രൈനൊപ്പ'മാണ് എന്ന് വിളിച്ചുപറയുന്നവർ ഓരോരുത്തരും കൈയിലൊരു സൂര്യകാന്തിയോ, മുഖത്തോ വസ്ത്രത്തിലോ സൂര്യകാന്തിയുടെ ചിത്രമോ ആലേഖനം ചെയ്യുകയാണ്. സൂര്യനെ പോലെ വിടർന്നുനിൽക്കുന്ന ഈ പുഷ്പം ശാന്തിയ്ക്ക് വേണ്ടിയുള്ള പുതിയ പുലരിയുടെ പ്രതീക്ഷ കൂടിയാകുന്നു.