വടക്കേ അമേരിക്കയിലാണ് ടർക്കിയുടെ ജന്മദേശം. കുറഞ്ഞ മുതൽമുടക്കിൽ വളർത്താൻ സാധിക്കുന്ന ഉയർന്ന രോഗ പ്രതിരോധശേഷിയുള്ളവയാണ് ടർക്കികൾ. മറ്റ് പക്ഷികളെക്കാൾ കൂടുതൽ മാംസവും ഇവയിൽ നിന്നും ലഭിക്കും. കൂടാതെ മുട്ടയ്ക്കും ഇറച്ചിയ്ക്കും നല്ല വിലയും ഡിമാന്റുമാണ്. ടർക്കികൾ ഏത് കാലാവസ്ഥയിലും വളരും. ഉഷ്ണകാലവും ശീതകാലവും അതിജീവിക്കാൻ ഇവയ്ക്ക് കഴിയും. മറ്റ് വളർത്തു പക്ഷികൾക്ക് നൽകുന്നതുപോലെ വലിയ സംരക്ഷണമൊന്നും ഇവയ്ക്ക് ആവശ്യമില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഇറച്ചിയിൽ കേമൻ ടർക്കിക്കോഴി
ടർക്കി - ഇനങ്ങൾ
ബ്രോഡ് ബ്രെസറ്റ്ഡ് ലാർജ് വൈറ്റ്, ബ്രോഡ് ബ്രയിസ്റ്റഡ് ബോൺസ്, ബെൽസ് വിൽ സ്മാൾ വൈറ്റ് എന്നിവയാണ് ടർക്കിയുടെ പ്രധാന ഇനങ്ങൾ. ബ്രോഡ് ബ്രൈസ്റ്റഡ് ലാർജ് വൈറ്റിന് പൊതുവെ വെളുത്ത നിറമാണ്. കടുത്ത ഉഷ്ണത്തെ അതിജീവിക്കാൻ ഇവയ്ക്ക് സാധിക്കുന്നു. ബ്രോഡ് ബ്രൈസ്റ്റഡ് ബോൺസ് എന്ന ഇനം ടർക്കികൾക്ക് കറുത്ത നിറമാണ്. പിട ടർക്കികളുടെ നെഞ്ചിലെ തൂവൽ വെളുത്ത നിറമായിരിക്കും.
സവിശേഷതകൾ
25 ആഴ്ച കൊണ്ട് പത്ത് കിലോ വരെ തൂക്കം ഇവയ്ക്ക് ഉണ്ടാകും. ബെൽസ് വിൽ സ്മാൾ വൈറ്റ് താരതമ്യേന ചെറിയ ടർക്കികളാണ്. എന്നാൽ മുട്ട ഉൽപാദനത്തിൽ ഇവ മുൻപന്തിയിലാണ്. വർഷത്തിൽ 70 മുതൽ 120 മുട്ട വരെ ഇവയിൽ നിന്നും ലഭിക്കും. ടർക്കികളെ കൂട്ടിനുള്ളിൽ മാത്രമിടാതെ അഴിച്ചുവിട്ടു വളർത്തുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് തീറ്റയുടെ ചിലവ് കുറയ്ക്കും. ഇനി കൂട്ടിലിട്ട് വളർത്തുകയാണെങ്കിൽ ധാരാളം ഇല വർഗങ്ങൾ നൽകുന്നതാണ് നല്ലത്. അതായത് വാഴയില, പപ്പായ ഇല, അസോള തുടങ്ങിയവ ഇവയ്ക്ക് നൽകാം. മാത്രമല്ല പൊതുവെ ശാന്തസ്വഭാവമില്ലാത്ത ഇവ തമ്മിൽ കൊത്തുകൂടാതിരിക്കാനും കൂട്ടിൽ അടച്ചിടാതിരിക്കുന്നത് നല്ലതാണ്. പ്രജനനത്തിനായി വളർത്തുന്ന ടർക്കികൾ ഒരു ആൺ ടർക്കിക്ക് 12 പിടകൾ വരെ എന്നാണ് കണക്ക്. പൂവന്മാരുടെ തലയിൽ മാംസ മുഴകളും കൊക്കിൽ വലുതായി സ്നൂഡും കാണപ്പെടും. പിടയിൽ ഇത് ചെറുതായിരിക്കും.
വളർത്തുരീതി
ടർക്കി കുഞ്ഞുങ്ങൾക്ക് 14 ദിവസം വരെ കൃത്രിമ ചൂട് നൽകണം. ഇതിനെ ബ്രൂഡിങ് എന്നാണ് വിളിക്കുന്നത്. കുഞ്ഞുങ്ങളെ കൂട്ടിലാക്കുന്നതിന് മുമ്പ് കൂട് അണുവിമുക്തമാക്കണം. വൃത്തിയുള്ളതും ഉണങ്ങിയതുമായ തറയിൽ ചിന്തേരു പൊടി ഇടണം. ആദ്യ ആഴ്ച കടലാസ് വിരിക്കുന്നതാണ് ഉത്തമം. ഗുണമേന്മയുള്ള ടർക്കികളെ കിട്ടാൻ പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. ഒന്നാം ദിവസം ആർഡിഎഫ് വൺ വാക്സിൻ, അഞ്ചാം ആഴ്ച ഫൗൾ പോക്സ് വാക്സിൻ, ആറാം ആഴ്ച ആർ 2 ബി എന്നിവ യഥാക്രമം നൽകണം. ടർക്കികളെ വാങ്ങുമ്പോൾ രോഗബാധയില്ലാത്ത സ്ഥലങ്ങളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കണം. സമീകൃത ആഹാരം നൽകാൻ ശ്രദ്ധിക്കണം. തീറ്റ പാത്രവും വെള്ളപ്പാത്രവും കൃത്യമായ ഇടവേളകളിൽ വൃത്തിയായി സൂക്ഷിക്കണം. രോഗം വരുന്ന ടർക്കികളെ പ്രത്യേകം മാറ്റിപ്പാർപ്പിക്കാൻ ശ്രദ്ധിക്കണം.
ടർക്കി മുട്ടയുടെ ശരാശരി തൂക്കം 90 ഗ്രാമാണ്. പോഷക ഗുണങ്ങൾ നിറഞ്ഞ ടർക്കിയുടെ ഇറച്ചി വളരെ രുചിയുള്ളതുമാണ്. കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി ഏകദിന ടർക്കി വളർത്തൽ പരിശീലനവും നടക്കുന്നുണ്ട്. കേരളത്തിലെ ഏക സർക്കാർ ടർക്കി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ കുരീപ്പുഴയിലാണ്.
ഗുണമേന്മയുള്ളതും പ്രതിരോധശേഷിയുള്ളതുമായ ടർക്കികളെ ഇവിടെ നിന്നും വാങ്ങാം. പൊതുവിപണിയിൽ ലഭിക്കുന്ന വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് ടർക്കികളെ വാങ്ങാൻ സാധിക്കും. ക്രിസ്മസ് കാലത്താണ് ടർക്കിയിറച്ചിയുടെ വിലയും ഡിമാന്റും കൂടുന്നത്.
ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ