സംസ്ഥാനത്തു റമദാൻ നോമ്പ് കാലം ആരംഭിച്ചു . കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത് . പതിനൊന്നു മാസത്തെ കാത്തിരിപ്പിനൊടുവിലാണ് വിശ്വാസികൾ റമദാനെ വരവേൽക്കുന്നത്.
പകൽ മുഴുവൻ നോമ്പെടുക്കുമ്പോൾ പലർക്കും ക്ഷീണവും ആരോഗ്യപ്രശ്നങ്ങളുമൊക്കെയുണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണ്. പലരിലും അസിഡിറ്റി, നെഞ്ചെരിച്ചൽ, ദഹനപ്രശ്നങ്ങൾ എന്നിവയൊക്കെ വരാറുണ്ട്. ആരോഗ്യകരമായ സമീകൃത ആഹാരം നോമ്പുകാലത്ത് ശീലമാക്കിയാൽ ഒരു പരിധിവരെ ഈ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാനാവും. നോമ്പുകാലത്ത് ശ്രദ്ധിക്കേണ്ട ആഹാരരീതികൾ എന്തൊക്കെയെന്ന് നോക്കാം.
ഇടയത്താഴം (സുഹുർ) കഴിച്ചുകൊണ്ടാണല്ലോ നോമ്പ് ആരംഭിക്കുന്നത്. യാതൊരു കാരണവശാലും ഇടയത്താഴം വെടിഞ്ഞു കൊണ്ട് ഒരാള്‍ പോലും നോമ്പ് എടുക്കാന്‍ പാടില്ല . അത് നോമ്പ് കൊണ്ടുള്ള ആരോഗ്യഗുണത്തേക്കാള്‍ ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാക്കുക. പനീർ, ദാൽ, ചന, ഗ്രീൻ പീസ്, രാജ്മ പോലെ പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണം ഇടയത്താഴത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് വേണ്ട ഊർജം നൽകും.
അതുപോലെ പ്രധാനമാണ് ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതും, പ്രത്യേകിച്ചും പൊതുവെ ചൂട് കൂടുതലുള്ള ഈ റമദാൻ മാസത്തിൽ. ഒന്നര ലിറ്റർ വെള്ളമെങ്കിലും ഇടയത്താഴത്തോട് അടുപ്പിച്ച് ശരീരത്തിൽ ചെന്നിരിക്കണം. അത്രയും വെള്ളം ഒന്നിച്ച് കുടിക്കാൻ കഴിയാത്തവർക്ക് ജലാംശം കൂടിയ തണ്ണിമത്തൻ, കുക്കുമ്പർ, തക്കാളി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയും ശരീരത്തിന് വേണ്ട ജലാംശം നൽകാൻ സാധിക്കും. ഇടയത്താഴത്തിന്റെ സമയത്തും നോമ്പുതുറയുടെ സമയത്തും ആവശ്യമായ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. നേന്ത്രപ്പഴം, ഈന്തപ്പഴം, ഓട്സ് പോലുള്ളവയും ഫൈബർ കണ്ടന്റ് അടങ്ങിയ ഭക്ഷണവും ഇടയത്താഴത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
കഫീൻ ധാരാളമായി അടങ്ങിയ കോഫി, ചായ, കോള പോലുള്ള പാനീയങ്ങൾ ഒഴിവാക്കാം. ഇത്തരം പാനീയങ്ങൾ ചിലരിൽ മൂത്രം കൂടുതലായി പോകാൻ കാരണമാകും. ഇത് ശരീരത്തിൽ നിർജലീകരണത്തിനും കാരണമാകും. അതിനാൽ പകരം ഗ്രീൻ ടീയോ ഹെർബൽ ടീയോ ഉപയോഗിക്കുക. തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ചൂടുകാലത്ത് ശരീരം ആരോഗ്യത്തോടെയും തണുപ്പോടെയും ഇരിക്കാൻ സഹായിക്കും. പുതിനയില, ഏലം തുടങ്ങിയവും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇത് ശ്വാസത്തിന് നവോന്മേഷം നൽകുകയും ശരീരത്തെ ശുദ്ധമാക്കുകയും ചെയ്യും. ഇവയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായകമാണ്
ഇഡ്ഡലി, ദോശ പോലുള്ള വിഭവങ്ങളോ അരിഭക്ഷണമോ മാത്രമായി ഇടയത്താഴം ഒതുക്കരുത്. പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കുക. പാലും പഴവും കഴിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് കുട്ടികക്ക്. ഇതുവഴി കുട്ടികൾക്ക് വേണ്ട പ്രോട്ടീനും ജലാംശവും അന്നജവും കിട്ടും. എരിവും പുളിയും അമിതമാവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. മൈദ കൊണ്ടുള്ള പൊറോട്ട, ഖുബൂസ് പോലുള്ളവയും ഒഴിവാക്കുക.
പച്ചക്കറികൾ ഒഴിവാക്കരുത്
കുക്കംമ്പർ, കാബേജ്, കാരറ്റ്, വെള്ളരിക്ക, തക്കാളി തുടങ്ങിയ പച്ചക്കറികളും പയർവർഗ്ഗങ്ങളും പപ്പായ, തണ്ണിമത്തൻ, പൈനാപ്പിൾ, സപ്പോട്ട, ചെറുപഴം, മാങ്ങ, ഈത്തപ്പഴം തുടങ്ങിയ പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിന്റെ ജലാംശം നിലനിർത്തും. ഒരു ദിവസം ശരീരത്തിനു വേണ്ട മിനറൽസും വിറ്റാമിനും ഇതുവഴി ഉറപ്പാക്കാനാവും. ഗ്രീൻ സലാഡുകളും ഇടയത്താഴത്തിന്റെ ഭാഗമാക്കാം. ജലാംശവും നാരുമുള്ള പച്ചക്കറികളുടെ ഉപയോഗം കുറഞ്ഞാൽ അത് മലബന്ധത്തിനും കാരണമാകും.
സമീകൃതാഹാരം ശീലമാക്കാം
പകൽ മുഴുവൻ നോമ്പെടുത്തതല്ലേ എന്നാൽ നോമ്പുതുറ ആഘോഷമാക്കാമെന്നു കരുതരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സമീകൃത ആഹാരം വേണം കഴിക്കാൻ. വറുത്തതും പൊരിച്ചതുമായ ഇറച്ചിയും ബിരിയാണിയും മറ്റും അടങ്ങിയ അമിതമായ ഭക്ഷണം കഴിക്കുന്നത് കൂടുതൽ ദാഹം തോന്നാൻ കാരണമാകും. ബിരിയാണി, നെയ്ച്ചോർ ഒക്കെ ഉണ്ടാക്കുന്നുവെങ്കിൽ പച്ചക്കറികൾ ധാരാളമായി ചേർക്കുക. ഒപ്പം പച്ചക്കറി സലാഡും കഴിക്കുക.
നോമ്പു തുറക്കുന്ന സമയത്ത് വളരെ ലഘുവായുള്ള ഭക്ഷണം കഴിക്കുക. പുളി കുറവുള്ള നാരങ്ങാവെള്ളം കുടിക്കാം. നോമ്പു തുറന്ന് മുക്കാൽ മണിക്കൂറെങ്കിലും കഴിഞ്ഞതിനു ശേഷം ആഹാരം കഴിക്കുക. ദഹനം എളുപ്പമാക്കുന്ന ഭക്ഷണം വേണം കഴിക്കാൻ. ധാരാളവും വെള്ളവും പഴങ്ങളും നോമ്പു തുറ സമയത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്ഷീണം, ദഹന പ്രശ്നങ്ങൾ ഒക്കെ കുറയാൻ സഹായിക്കും. പഴച്ചാറുകള്‍, നാരങ്ങാവെള്ളം , തരിക്കഞ്ഞി, വെജിറ്റബിള്‍ സൂപ്പ് എന്നിവയൊക്കെ നോമ്പ് തുറ വേളയ്ക്ക് ഇണങ്ങിയ ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ ആണ്. ഈത്തപ്പഴം, റുഹഫ്സ കലക്കിയ വെള്ളം, പഴങ്ങള്‍ കൊത്തിയരിഞ്ഞുണ്ടാക്കിയ ഫ്രൂട്ട്ചാട്ട്, പരിപ്പ് വെള്ളത്തിലിട്ടു കുതിർത്തത്, കടല മസാല ചേര്‍ത്ത് പുഴുങ്ങിയത് എന്നിവയെല്ലാം ഇഫ്താറിന്റെ ഭാഗമാക്കാം.