കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നുള്ളിയിട്ടപ്പം. തെക്കൻ കേരളത്തിന് അധികം പരിചയമില്ലെങ്കിലും, കണ്ണൂരുകാരുടെ ഇഷ്ടമധുരമാണിത്. ചിപ്സ്, പഴംപൊരി, ബജ്ജി പോലുള്ള വാഴപ്പഴം കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടമുള്ളവർക്ക് പരീക്ഷിക്കാവുന്നതാണ് ഈ മലബാർ സ്പെഷ്യൽ സ്നാക്സ്.
കേരളത്തിന് പുറംനാട്ടിലുള്ളവർക്ക്, ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം അധികം ലഭിക്കാറില്ല. എന്നാൽ, പൂവമ്പഴമോ ചെറുപഴമോ റോബസ്റ്റയോ, അങ്ങനെ എന്ത് പഴം കൊണ്ടും ഉണ്ടാക്കാവുന്നതാണ് ഈ സ്വാദിഷ്ട വിഭവം.
ഒരു ചൂടൻ കട്ടൻചായയ്ക്കൊപ്പം, വേണമെങ്കിൽ കുറച്ച് ചട്നി കൂടി തയ്യാറാക്കി ആസ്വദിച്ച് കഴിയ്ക്കാവുന്ന വളരെ സിമ്പിൾ വിഭവം. വെറും 5 മിനിറ്റ് മതി നുള്ളിയിട്ടപ്പം തയ്യാറാക്കാൻ എന്നതിനാൽ തന്നെ പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് തങ്ങളുടെ ഒഴിവുസമയത്തോ, വൈകുന്നേരങ്ങളിൽ സ്നാക്കായോ ഇത് പരീക്ഷിക്കാവുന്നതാണ്.
പേര് സൂചിപ്പിക്കുന്ന പോലെ മാവ് നുള്ളിയെടുത്ത് എണ്ണയിൽ മൊരിച്ചെടുക്കുന്നതാണ് നുള്ളിയിട്ടപ്പം. നന്നായി പഴുത്ത് കറുപ്പ് നിറമായ പഴമാണ് ഇതിന് അത്യുത്തമം. ഏത് പ്രായത്തിലുള്ളവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നുള്ളിയിട്ടപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
നുള്ളിയിട്ടപ്പത്തിന് ആവശ്യമായ ചേരുവകൾ
നന്നായി പഴുത്ത പഴം– 2 എണ്ണം
ഗോതമ്പ് പൊടി– മൂന്നര ടേബിള്‍സ്പൂണ്‍
മുട്ട– 2
സൂചി റവ– 1 ടേബിള്‍സ്പൂണ്‍
പഞ്ചസാര– 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
ഏലയ്ക്കായ– 2 എണ്ണം
ഓയില്‍– ആവശ്യത്തിന്
തയാറാക്കുന്ന വിധം
പഴം കഷ്ണങ്ങളാക്കി ഒരു സ്പൂണോ ഫോര്‍കോ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. മുട്ട കൂടി ചേര്‍ത്ത് വീണ്ടും സ്പൂണ്‍ കൊണ്ട് അടിച്ചെടുക്കുക. ഇതിന് ശേഷം ഗോതമ്പ് പൊടിയും റവയും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും ചതച്ച ഏലയ്ക്കായും ചേര്‍ത്ത് കൊടുക്കുക. ഇവയെല്ലാം നന്നായി മിക്‌സ് ചെയ്യുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കൈ കൊണ്ട് മാവ് കുറേശ്ശേ ഇട്ടു കൊടുത്ത് ഫ്രൈ ചെയ്‌തെടുക്കുക. നുള്ളിയിട്ടപ്പം റെഡി.
നുള്ളിയിട്ടപ്പത്തിനൊപ്പം നല്ല തേങ്ങാ ചമ്മന്തി കൂടി ചേർത്ത് കഴിയ്ക്കുകയാണെങ്കിൽ മധുരം ഇഷ്ടമില്ലാത്തവർക്കും സ്വാദോടെ കഴിയ്ക്കാവുന്ന ആഹാരമാണിത്. പഞ്ചസാരയ്ക്ക് പകരം ശർക്കരയും മധുരത്തിന് അനുസരിച്ച് ചേർക്കുന്നവരുണ്ട്.
പഴംപൊരിയും കായ വറുത്തതും പോലെ വാഴപ്പഴം കൊണ്ട് വടക്കൻ കേരളത്തിൽ പ്രസിദ്ധമായ മറ്റൊരു ഭക്ഷണമാണ് കായട.
ബന്ധപ്പെട്ട വാർത്തകൾ: വാഴപ്പഴത്തിന്റെ ഗുണങ്ങൾ
മലബാർ മേഖലയിലെ മുസ്ലീങ്ങൾക്ക് വളരെ പ്രിയപ്പെട്ട വിഭവമാണിത്. ഇതിനെ ഉന്നക്കായ് എന്നും വിളിയ്ക്കാറുണ്ട്. ഉന്നമരത്തിന്റെ കായുടെ ആകൃതിയിലാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. അതുപോലെ തന്നെ ഒട്ടുമിക്കയാളുകൾക്കും സുപരിചിതമായ പലഹാരമാണ് അവൽ സുഖിയൻ. ചായക്കൊപ്പം കഴിക്കാവുന്ന പലഹാരമാണിത്.