മിക്ക വീടുകളിലേയും പ്രധാന ശല്യക്കാരാണ് ഉറുമ്പുകള്‍. വീട്ടിനകത്ത് ചുറ്റും ഉറുമ്പുകള്‍ ഓടിനടക്കുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഉറുമ്പുകള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ വീടുകള്‍ക്ക് വളരെയധികം നാശമുണ്ടാക്കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ വീടിനുള്ളില്‍ ഉറുമ്പുകള്‍ ഉണ്ടാകുന്നത് ശുചിത്വമില്ലായ്മയുടെ ആദ്യ ലക്ഷണമാണ് എന്ന് തന്നെ പറയാം. ചില തരം ഉറുമ്പുകള്‍ മനുഷ്യരെ കടിക്കുന്നവയാണ്. കാര്‍പെന്റര്‍ എന്ന തരം ഉറുമ്പുകള്‍ വീട്ടിലെ ഫര്‍ണിച്ചറുകള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും നാശം വരുത്തുന്നു. വീടിനുള്ളിലെ ഉറുമ്പുകള്‍ ഭക്ഷണ സാമഗ്രികള്‍ നശിപ്പിക്കുന്നു.
എന്നാല്‍ ഉറുമ്പുകളെ എങ്ങനെ തുരത്താം എന്ന് നമുക്ക് നോക്കാം
ഉറുമ്പുകളെ അകറ്റാനുള്ള ഒരു ഫലപ്രദമായ പൊടിക്കൈയാണ് ചോക്ക്/ പാറ്റാച്ചോക്ക് ഉപയോഗിക്കുക എന്നത്. ചോക്കില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് ഉറുമ്പുകളെ അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു. ഉറുമ്പുകളുടെ പ്രവേശന സ്ഥലങ്ങളായ ഇടങ്ങളില്‍ കുറച്ച് ചോക്ക് പൊടിച്ചു തൂവുക, വീടിന്റെ വാതില്‍പ്പടിയില്‍ ചോക്ക് കൊണ്ട് വരയ്ക്കുക. വീടിനെ ഉറുമ്പുകളില്‍ നിന്ന് സംരക്ഷിക്കുവാന്‍ ചോക്ക് കൊണ്ട് വരയ്ക്കുന്നത് സഹായകരമാണ്.
കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയതും കല്ലുപ്പ് പൊടിച്ചതും ഒരു കിലോഗ്രാം ചാരത്തില്‍ ചേര്‍ത്ത് ഉറുമ്പിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ വിതറുക. ഈ മിശ്രിതത്തിന്റെ ചൂടും നീറ്റലും ഉറുമ്പുകളെ ഓടിക്കും.
പഞ്ചസാര പൊടിച്ചതില്‍ അപ്പക്കാരം അല്ലെങ്കില്‍ ബോറിക് ആസിഡ് പൊടിച്ചതും കലര്‍ത്തി, നനയാതെ ചെടികളുടെ താഴെ വെക്കുന്നതും സഹായിക്കും
കടിക്കുന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്കചെമ്മീന്‍ പൊടിച്ചതിന്റെ കൂടെ ബോറിക് പൗഡര്‍ ചേര്‍ത്ത് ഉറുമ്പുള്ള സ്ഥലങ്ങളില്‍ കൊണ്ടുവെക്കുക.
ഉറുമ്പുകള്‍ ഉള്ള സ്ഥലത്ത് മുളകുപൊടി, ഉപ്പ് എന്നിവ വിതറുകയോ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയോ ചെയ്യാം.
കര്‍പ്പൂരം എണ്ണയില്‍ പൊടിച്ച് ഒരു തുണിയില്‍ കുറച്ചെടുത്ത് ഉറുമ്പു വരുന്ന ഭാഗത്ത് തുടച്ചിടുക.
വൈറ്റ് വിനാഗിരിയും വെള്ളവും, തുല്യ അനുപാതത്തില്‍ ചേര്‍ത്ത് ഉറുമ്പിന്‍ കൂട്ടിലേക്ക് സ്‌പ്രേ ചെയ്താല്‍ ഉറുമ്പിന്റെ ശല്യം കുറയ്ക്കാം
നാരങ്ങാ നീര് ഉറുമ്പിനെ തുരത്തും നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റാന്‍ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ
വീട്ടിലും കൃഷിസ്ഥലത്തുമുള്ള ഉറുമ്പുകളെ തുരത്താനുള്ള ജൈവ രീതികൾ
ഉറുമ്പു ശല്യം കാരണം ബുദ്ധിമുട്ടുന്നോ ?