ഇൻഡോർ പ്ലാന്റുകൾ വീട്ടിൽ വളർത്തുന്നത് വീട് അലങ്കരിക്കുന്നതിനും പോസിറ്റീവ് എനർജി ലഭിക്കുന്നതിനും നല്ലതാണ്. ചെടികള്‍ ഒരേ സ്ഥലത്ത് അനക്കാതെ വെക്കുന്നത് ശരിയായ വളര്‍ച്ചയെ ബാധിക്കുന്നു. ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ തുടക്കം മുതല്‍ തന്നെയുള്ള ശ്രദ്ധ ആവശ്യമാണ്.
- വീട്ടിനകത്തുള്ള ചെടികള്‍ക്ക് സ്ഥിരമായി വെള്ളം നല്‍കിയാല്‍ വേര് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഇലകള്‍ വാടിവരുന്നതും ഇതിന്റെ ലക്ഷണമാണ്. അമിതമായി വെള്ളം നല്‍കിയാല്‍ ഇലകള്‍ മഞ്ഞനിറമാകുകയും കൊഴിയുകയും മണ്ണിന്റെ ഉപരിതലത്തില്‍ ഫംഗസ് ബാധയുണ്ടാകുകയും ചെയ്യും.
- വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാലും ഇലകള്‍ കൊഴിയും. മണ്ണ് വരണ്ടതായി കാണപ്പെടുമ്പോള്‍ വെള്ളം വാര്‍ന്നുപോകുന്ന സുഷിരത്തിലൂടെ പുറത്തെത്തുന്നതുവരെ നനച്ചുകൊടുക്കണം. സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട ചെടികള്‍ക്ക് മണ്ണ് വരണ്ടതായി കാണപ്പെട്ടാല്‍ മാത്രം നനച്ചാല്‍ മതി. ബാക്കിയെല്ലാ ചെടികള്‍ക്കും മിതമായ രീതിയില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
- ചെടിച്ചട്ടിക്ക് നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. അതുപോലെ വാര്‍ന്നുപോയ വെള്ളം താഴെ ശേഖരിച്ച് കെട്ടിനില്‍ക്കാന്‍ ഇടവരരുത്. ചെടിച്ചട്ടി വെച്ചിരിക്കുന്ന ട്രേയില്‍ നിന്ന് വെള്ളം പുറത്തേക്ക് കളയണം.
- ഒരോ പാത്രത്തില്‍ തന്നെ ദീര്‍ഘകാലം ചെടി വളര്‍ത്തരുത്. ഓരോ വര്‍ഷവും പാത്രത്തിലെ മണ്ണ് മാറ്റി നിറയ്ക്കണം. വലുപ്പമുള്ള പുതിയ പാത്രത്തിലേക്ക് ചെടി മാറ്റുന്നതാണ് നല്ലത്.
- കൃത്യമായ വളപ്രയോഗവും ഇന്‍ഡോര്‍ പ്ലാന്‍റിന് ആവശ്യമാണ്. ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയോ വളര്‍ച്ച കുറയുകയോ ചെയ്താല്‍ വളപ്രയോഗം ആവശ്യമാണെന്ന് മനസിലാക്കാം. അമിതമായി വളം നല്‍കാതിരിക്കണം.
- ചെടികള്‍ക്ക് പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം ആവശ്യമാണ്. നിങ്ങളുടെ ചെടി ആരോഗ്യമില്ലതാത്തതും ചെറിയ ഇലകളോടുകൂടിയതുമാണെങ്കില്‍ ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതാണ് കാരണമെന്ന് മനസിലാക്കാവുന്നതാണ്.
- മീലിമൂട്ടയും മറ്റ് കീടങ്ങളും ഇന്‍ഡോര്‍ പ്ലാന്റിനെയും ആക്രമിക്കും. കീടങ്ങളെ കണ്ടാല്‍ ചെടികള്‍ മുഴുവന്‍ ഇളംചൂടുവെള്ളത്തില്‍ കഴുകണം. കീടങ്ങള്‍ ആക്രമിച്ച സ്ഥലം മുഴുവന്‍ ചെടികള്‍ക്ക് യോജിക്കുന്ന സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.