നല്ല ഒതുക്കവും എന്നാൽ ആരോഗ്യവുമുള്ള ശരീരം കിട്ടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി പല തരത്തിലുള്ള ഡയറ്റിങ്ങും പരീക്ഷിച്ച് നോക്കുന്നവരാണ് നമ്മൾ. എന്നാൽ ഡയറ്റിങ്ങിൽ നമ്മൾ വരുത്തുന്ന ചില പിഴവുകളും അബദ്ധങ്ങളും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.
എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ചെയ്യുന്ന ഭക്ഷണക്രമത്തെയും ചിട്ടകളെയും പൂർണമായും ഡയറ്റിങ് എന്ന് വിളിക്കാൻ സാധിക്കില്ല. കാരണം നിങ്ങൾ ഡയറ്റിങ് എന്ന് വിളിക്കുന്ന ഇവ പലപ്പോഴും ആരോഗ്യത്തിന് വിപരീതഫലമായിരിക്കാം നൽകുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുതെന്ന് പറയുന്നത് വെറുതെയല്ല; മറവി കൂട്ടണ്ട
തടി കുറയ്ക്കാൻ ഭക്ഷണം ഒഴിവാക്കിയും പട്ടിണി കിടന്നും ശരീരത്തിന് തെറ്റായ ഡയറ്റിങ് കൊടുക്കുന്നത് പതിവായി കണ്ടുവരുന്നു. കൂടാതെ, നമ്മുടെ തലച്ചോറും ശരീരത്തിലെ കോശങ്ങളും പ്രവർത്തിക്കാൻ കൃത്യമായ ഊർജം നൽകിക്കൊണ്ട് വേണം ഭക്ഷണം കഴിക്കേണ്ടത്.
ഇങ്ങനെ നിങ്ങൾ മുഖ്യമായും വരുത്തുന്ന ചില ഡയറ്റിങ് പിഴവുകൾ ഏതൊക്കെയെന്ന് മനസിലാക്കുക. എങ്കിൽ ആരോഗ്യം നഷ്ടമാകാതെ ശരീരഭാരം മികവോടെ നിയന്ത്രിക്കാം.
1. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്
സമീകൃതമായി ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം നൽകണം. അതിന് ബ്രേക്ക് ഫാസ്റ്റ് യാതൊരു കാരണവശാലും ഒഴിവാക്കാൻ പാടുള്ളതല്ല.
ബന്ധപ്പെട്ട വാർത്തകൾ: GM Diet: ഏഴുദിവസം കൊണ്ട് ശരീരഭാരം കുറയ്ക്കാം
നമ്മുടെ ഒരു ദിവസത്തെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഊർജം അടങ്ങുന്ന സമ്പൂർണ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. രാവിലത്തെ തിരക്കിനിടയിൽ പലപ്പോഴും സൗകര്യപൂർവം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നുണ്ട്. ഇത് ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് ശരീരത്തിന് അതിയായ ക്ഷീണം തരുമെന്നല്ലാതെ, തടി കുറയ്ക്കില്ല.
2. രാത്രി കുശാൽ ഭക്ഷണം
തിരക്കിൽ നിന്നെല്ലാം സ്വതന്ത്രമായി രാത്രി അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണതയും കൂടുതലായി കണ്ടുവരുന്നു. ഉച്ചയ്ക്കും രാവിലെയും തിരക്ക് കാരണം ശരിയായി ഭക്ഷണം കഴിക്കാത്തതിനാൽ രാത്രി കൂടുതൽ കഴിച്ചാൽ പ്രശ്നമില്ലെന്ന് പലരും കരുതുന്നു. മാത്രമല്ല, ജോലി കഴിഞ്ഞ് വരുമ്പോഴേക്ക് വിശപ്പ് അധികമാകാനും സാധ്യത കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ 5 ഭക്ഷണങ്ങൾ
എന്നാൽ സൂര്യാസ്തമയത്തിന് ശേഷം കട്ടിയുള്ള ആഹാരം കഴിക്കരുതെന്നാണ് ശാസ്ത്രവും ഗവേഷണങ്ങളും ആവർത്തിച്ച് പറയുന്നത്. ദഹിക്കാൻ പ്രയാസമുള്ള ഏതൊരു ഭക്ഷണവും വൈകുന്നേരത്തിന് ശേഷം ഡയറ്റിങ് ചെയ്യുന്നവർ ഒഴിവാക്കുക. കൂടാതെ, ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കുന്നതിന് ശ്രദ്ധിക്കുക.
3. കീറ്റോ ഡയറ്റ് കുറുക്കുവഴിയല്ല
പെട്ടെന്ന് തടി കുറയ്ക്കാനുള്ള ആഗ്രഹത്താൽ കീറ്റോ ഡയറ്റ് പരീക്ഷിക്കുന്നവർ കൂടുതലാണ്. ഇങ്ങനെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ വണ്ണം കുറയ്ക്കാൻ നോക്കുന്നവർ ആരോഗ്യത്തെ അവഗണിക്കുന്നു. ശാസ്ത്രീയമായ, ആരോഗ്യകരമായ ഭക്ഷണരീതികൾ നോക്കാതെ, പെട്ടെന്ന് തടി കുറക്കാനായി കീറ്റോ ഡയറ്റ് ചെയ്യുന്നവരുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം വരും.
4. ചീറ്റ് ഡേ വേണോ?
ബാക്കിയുള്ള ആറ് ദിവസങ്ങളിലും കൃത്യമായി ഡയറ്റിങ് ചെയ്ത് ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേ എടുക്കുന്നവരുണ്ട്. അതായത്, ഈ ദിവസം നമുക്ക് ഇഷ്ടപ്പെട്ട, കഴിക്കാൻ തോന്നുന്ന എന്ത് ആഹാരവും സമൃദ്ധിയോടെ കഴിക്കാം എന്നാണ് പ്ലാൻ.
എന്നാൽ ഒറ്റ ദിവസം അമിതമായി ആഹാരം കഴിച്ച് ആറ് ദിവസവും കഷ്ടപ്പെട്ടതിന്റെയൊക്കെ ഫലം ലഭിക്കില്ല. ചീറ്റ് ഡേ എടുക്കാൻ താൽപ്പര്യമുള്ളവർ കഴിക്കുന്ന ആഹാരത്തിന്റെ അളവിൽ അൽപം നിയന്ത്രണം കൊണ്ടുവരിക. മധുരവും കലോറി കൂടിയ ആഹാരവും അന്ന് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഒരു അളവ് പരിധി വച്ച് കഴിക്കുക.
അതുപോലെ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി അറിഞ്ഞ് കഴിക്കാൻ ശ്രമിക്കുക. കൂടാതെ, ആഹാരശൈലിയിലെ ചിട്ടയ്ക്കൊപ്പം വ്യായാമവും ശീലമാക്കാം. ഡയറ്റിങ് ചെയ്യുന്നവർ സ്ഥിരമായി വ്യായാമം കൂടി ചെയ്യുകയാണെങ്കിൽ ആരോഗ്യകരമായി ശരീരഭാരം കുറക്കാനാകും.
ബന്ധപ്പെട്ട വാർത്തകൾ: ഈ മൂന്ന് ഇലക്കറികൾ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ മുൻപിൽ കോവിഡ് പോലും തോറ്റുപോകും