Updated on: 8 December, 2021 11:04 AM IST
ആർത്തവ വേദനയ്ക്ക് ആശ്വാസമേകാൻ ചില നാട്ടുവിദ്യകൾ

മിക്ക സ്ത്രീകളും ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ആർത്തവം. ദൈനംദിന പ്രവര്‍ത്തനങ്ങൾ പോലും വളരെ ബുദ്ധിമുട്ടായി തോന്നുന്ന രീതിയിൽ ശാരീരിക വേദനയുണ്ടായേക്കാം. ഓരോ വ്യക്തിക്കും ആർത്തവ വേദനയും ഇതിനെ തുടർന്നുള്ള അസ്വസ്ഥതകളും വ്യത്യാസപ്പെട്ടിരിക്കും. ചിലർക്ക് കഠിനമായ വയറുവേദനയാണെങ്കിൽ മറ്റൊരു കൂട്ടർക്ക് തലവേദനയോ നടുവേദനയോ വയറിളക്കമോ അനുഭവപ്പെടാം.

പ്രത്യുല്‍പാദന വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിന് ശരീരം അധികമായി ഊര്‍ജ്ജം ഉപയോഗിക്കുന്ന സമയം കൂടിയാണിത്. ഈ സമയത്ത് ശരീരത്തിന് കൂടുതൽ ചിട്ട നൽകുന്നതും ആയുർവേദ പരിഹാരങ്ങളെ ആശ്രയിക്കുന്നതും ആശ്വാസമുണ്ടാക്കും.

വീട്ടിൽ നിത്യേന ഉപയോഗിക്കുന്ന ഏതാനും പദാർഥങ്ങളും മറ്റും ആർത്തവ വേദനയെ ശമിപ്പിക്കാൻ ഉതകുന്നതാണ്. കഠിനമായ വേദനിൽ നിന്നും, ശാരീരിക അസ്വസ്ഥതകളിൽ നിന്നും എങ്ങനെ മോചനം നേടാമെന്ന് അറിയാം.

സൂര്യപ്രകാശം

ആർത്തവ സമയത്ത് സൂര്യപ്രകാശമേൽക്കുന്നത് വലിയ രീതിയിൽ പ്രയോജനം ചെയ്യും. സൂര്യപ്രകാശത്തിലെ വിറ്റാമിന്‍ ഡി ആര്‍ത്തവവേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുന്നു. അസ്ഥികളുടെയും പേശികളുടെയും വേദന, ക്ഷീണം എന്നിവയ്ക്ക് വിറ്റമിൻ ഡി പരിഹാരമാണ്.

ചൂട് വച്ച് ശമിപ്പിക്കാം

ഒരു ചൂടുവെള്ള കുപ്പിയോ ഹോട്ട് വാട്ടർ ബാഗോ ദേഹത്ത് തട്ടിക്കുന്നത് വേദനയിൽ നിന്ന് ആശ്വാസം തരും. ആര്‍ത്തവ സമയത്ത് അടിവയറ്റില്‍ ചൂട് പുരട്ടുന്നതും നല്ലതാണ്. ഇത് ഗര്‍ഭാശയത്തിലെ സങ്കോചമുള്ള പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു.

യോഗയിലൂടെ പ്രതിവിധി

ആര്‍ത്തവ വേദന ശമിപ്പിക്കാന്‍ യോഗ ഉത്തമ പരിഹാരമാണ്. വലിയ പ്രയാസമില്ലാത്ത പ്രണായാമം, ശവാസനം തുടങ്ങിയ ആസനങ്ങളാണ് ഈ സമയത്ത് ഉചിതം. യോഗ പരിശീലിക്കുന്നതിലൂടെ പെല്‍വിക് മേഖലയ്ക്ക് ചുറ്റുമുള്ള രക്തചംക്രമണം വർധിപ്പിക്കും.

കൂടാതെ, ആര്‍ത്തവസമയത്ത് ഗര്‍ഭാശയ പേശികള്‍ ചുരുങ്ങാന്‍ കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനുകൾ പോലുള്ളവയെ പ്രതിരോധിക്കാനും എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നതിനും ഇവ സഹായിക്കും.

ജലാംശം നിലനിര്ത്തുക

ആർത്തവ സമയത്ത് നന്നായി വെള്ളം കുടിയ്ക്കണം. പുതിനയോ ഇഞ്ചിയോ ഇട്ട വെള്ളം കൂടുതൽ പ്രയോജനം ചെയ്യും. ശരീരവണ്ണം നിയന്ത്രിക്കുന്നതിനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു. ചമോമൈല്‍, ഇഞ്ചി ചായ എന്നിവയും വേദന സംഹാരിയാണ്.

ഉലുവ, അയമോദകം, വെളുത്തുള്ളി എന്നിവ ആർത്തവ വേദനയ്ക്ക് ശാശ്വതമായ പരിഹാരമാണെന്നും വേദനസംഹാരിയായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് മരുന്നുകളിൽ നിന്നുള്ള പാർശ്വഫലങ്ങൾ ഇവയിൽ നിന്ന് ഉണ്ടാകില്ലെന്നും മുതിർന്നവർ പറയാറുണ്ട്. ആയുർവേദത്തിലും ഇവ ആർത്തവ-സുഖ പ്രതിവിധിയായി കണക്കാക്കുന്നു.

ഉലുവ

ആര്‍ത്തവ സമയത്ത് ഉലുവ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ആശ്വാസം നൽകും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉലുവ ഇട്ട് രാത്രി മുഴുവന്‍ കുതിര്‍ക്കാൻ വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇത് മുഴുവന്‍ കുടിക്കാം. ഉലുവ അരിച്ച് മാറ്റിയും വെറും വെള്ളം മാത്രമായി കുടിക്കാവുന്നതാണ്. കുതിർക്കാൻ വയ്ക്കാതെ, ഉലുവ ഇട്ട് തിളപ്പിച്ച വെള്ളവും കുടിയ്ക്കാം.

അയമോദകം

ഭക്ഷണത്തിന് രുചികൂട്ടുന്ന ഒരു തരം ജീരകമാണ് അയമോദകം. ചുമയ്ക്കും ദഹനസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കും കോളറ പോലുള്ള രോഗങ്ങൾക്കും പ്രതിവിധിയായി ആയുർവേദത്തിൽ നിർദേശിക്കപ്പെടുന്ന ഭക്ഷ്യവസ്തുവാണിത്. ആർത്തവ പ്രശ്നങ്ങൾക്കും പരിഹാരമായി അയമോദകം ഫലപ്രദമാണ്.

ആര്‍ത്തവം മൂലമുള്ള പേശി വേദന, വയറുവേദന എന്നിവ നേരിടാന്‍ അയമോദകത്തിന് സാധിക്കും. പേശീ വലിവ് ശമിപ്പിക്കാൻ അയമോദക ചായ കുടിയ്ക്കാവുന്നതാണ്. അതായത്, 2 കപ്പ് വെള്ളത്തില്‍ 2 നുള്ള് അയമോദകം ചേര്‍ത്ത് പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. ഇത് തേന്‍ ചേര്‍ത്ത് ദിവസവും മൂന്ന് പ്രാവശ്യം കഴിയ്ക്കാം.

എള്ളെണ്ണ

എള്ളെണ്ണ അടിവയറ്റില്‍ തേച്ച് മസാജ് ചെയ്യാവുന്നതാണ്. എണ്ണ ചെറുതായി ചൂടാക്കി പുരട്ടിയ ശേഷം ഒരു കട്ടിയുള്ള തുണിയ്ക്ക് മുകളില്‍ ചൂടുവെള്ള ബാഗ് ഉപയോഗിച്ച് ശരീരത്തിൽ ചൂട് പകരണം.

കറ്റാര്വാഴ

ഒട്ടനവധി ഗുണങ്ങളുള്ള കറ്റാർവാഴ മുടിയ്ക്കും സൗന്ദര്യത്തിനും മാത്രമല്ല, ആരോഗ്യത്തിനും പ്രത്യേകിച്ച് ആർത്തവ സമയത്ത് ശരീരത്തെ പരിപാലിക്കാൻ ഇതിന് സാധിക്കുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസ് പതിവാക്കാം. അല്ലെങ്കിൽ, ആര്‍ത്തവത്തിന് 3-5 ദിവസം മുൻപ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതും മികച്ച ഫലം ചെയ്യും.

വെളുത്തുള്ളി

വെളുത്തുള്ളി പഞ്ചസാരയ്ക്കൊപ്പം ചേർത്ത് കഴിച്ചാൽ വയറുവേദനയ്ക്കും മറ്റും ആശ്വാസമാകും. ക്രമം തെറ്റിയ ആര്‍ത്തവം ക്രമപ്പെടുത്താനും വെളുത്തുള്ളി ഉപയോഗിക്കുന്നത് നല്ലതാണ്.

English Summary: Ayurveda tips for menstrual pain
Published on: 08 December 2021, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now